CMDRF

ബെയ്‌ലി പാലത്തിലൂടെ വയനാട് രക്ഷാദൗത്യം ഇന്ന് ഊർജിതം

ബെയ്‌ലി പാലത്തിലൂടെ വയനാട് രക്ഷാദൗത്യം ഇന്ന് ഊർജിതം
ബെയ്‌ലി പാലത്തിലൂടെ വയനാട് രക്ഷാദൗത്യം ഇന്ന് ഊർജിതം

കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്ന് ഊർജിതമാക്കും. ചാലിയാർ പുഴയുടെ 40 കിലോമീറ്ററിലെ 8 പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഇന്ന് പരിശോധന നടത്തുമെന്നാണ് മന്ത്രിതല ഉപസമിതി അറിയിച്ചിട്ടുള്ളത്.

രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രിമാരായ കെ രാജൻ, മുഹമ്മദ്‌ റിയാസ്, എ കെ ശശീന്ദ്രൻ, ഒ കെ കേളു എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നാകും ചാലിയാറിന്റെ തീരങ്ങളിൽ തെരച്ചിൽ നടത്തുക. കോസ്റ്റ് ഗാർഡ്,ഫോറസ്ററ്, നേവി ടീമും ഇവിടെ തെരച്ചിൽ നടത്തും.

മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്നുമുതൽ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക. അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ  രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണെന്ന് മന്ത്രിതല സമിതി വ്യക്തമാക്കിയിട്ടുണ്ട്.

സൈന്യം, എൻഡിആർഎഫ്, ഡി എസ്ജി, കോസ്റ്റ് ഗാർഡ്,  നേവി, എംഇജി ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് തെരച്ചിൽ നടത്തുക. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.

Top