CMDRF

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍

യനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ കമല്‍ഹാസന്‍. താരത്തിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. വയനാട്ടിലും വാല്‍പ്പാറയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തം ഹൃദയഭേദകമെന്ന് കമല്‍ കുറിച്ചു.

‘കേരളത്തിലെ വയനാട്ടിലും വാല്‍പ്പാറയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തങ്ങള്‍ എന്റെ ഹൃദയം തകര്‍ക്കുന്നു. തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ കുടുംബങ്ങള്‍ക്ക് എന്റെ അഗാധമായ അനുശോചനം. കാലാവസ്ഥാ വ്യതിയാനം മൂലം പ്രകൃതി ദുരന്തങ്ങള്‍ നിത്യസംഭവമായി മാറിയിരിക്കുന്നു. ഇതിന്റെ ആഘാതം മനസ്സിലാക്കി നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് വളരെ പ്രധാനമാണ്. അപകടത്തിന്റെ ദുഷ്‌കരമായ സാഹചര്യത്തില്‍ ആളുകളെ രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന സൈന്യത്തിനും സംസ്ഥാന സര്‍ക്കാരുകളുടെ ജീവനക്കാര്‍ക്കും എന്റെ നന്ദി. രക്ഷാപ്രവര്‍ത്തനം ത്വരിതപ്പെടുത്തണമെന്ന് ഞാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു,’ എന്നും അദ്ദേഹം കുറിച്ചു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ മരണസംഖ്യ 119 ആയി. 51 പേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചു. താത്ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം വേഗത്തിലാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിച്ചു. കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് ഡോക്ടര്‍മാരുടെ പ്രത്യേക സംഘവും വയനാട്ടിലെത്തും. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡിഎന്‍എ പരിശോധനക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. അധിക മോര്‍ച്ചറി സൗകര്യങ്ങളും മൊബൈല്‍ മോര്‍ച്ചറി സൗകര്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ സാഹചര്യത്തില്‍ നേരത്തെ തന്നെ തമിഴ്നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിരുന്നു. അഞ്ചു കോടി രൂപയാണ് തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് ധനസഹായം പ്രഖ്യാപിച്ചത്. രക്ഷാപ്രവര്‍ത്തന സംഘത്തെയും മെഡിക്കല്‍ സംഘത്തെയും കേരളത്തിലേക്ക് അയയ്ക്കുന്നുണ്ടെന്നുമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചിരുന്നു.

Top