വയനാട് ഉരുൾപൊട്ടൽ: കരസേനയുടെ എൻജിനീയറിങ് വിഭാഗവും, ഡോഗ് സ്ക്വാഡും എത്തും

വയനാട് ഉരുൾപൊട്ടൽ: കരസേനയുടെ എൻജിനീയറിങ് വിഭാഗവും, ഡോഗ് സ്ക്വാഡും എത്തും
വയനാട് ഉരുൾപൊട്ടൽ: കരസേനയുടെ എൻജിനീയറിങ് വിഭാഗവും, ഡോഗ് സ്ക്വാഡും എത്തും

കൽപറ്റ: രുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ ടൗണിലും ചൂരൽമലയിലും രക്ഷാപ്രവർത്തത്തിന് സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗമെത്തും. ബംഗളൂരുവിൽ നിന്നാണ് കരസേനയുടെ മദ്രാസ് എഞ്ചിനിയറിങ് ഗ്രൂപ്പ് (എം.ഇ.ജി) അടിയന്തരമായി എത്തുക. അതേസമയം, ദുരന്തഭൂമിയിലേക്ക് പോലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളാണ് മായയും മർഫിയും.

ദുരന്തമേഖലയിലെ രക്ഷാപ്രവർത്തനത്തിനും അനുബന്ധ പ്രവർത്തനങ്ങൾക്കുമായാണ് എഞ്ചിനീയറിങ് വിഭാഗം എത്തുന്നത്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എഞ്ചിനീയറിങ് വിഭാഗം നടപ്പാക്കും.

നായ്ക്കളായ മായയും മർഫിയും ഉച്ചയോടെ വയനാട്ടിലേക്ക് എത്തും. 30 അടിയിൽ നിന്നുവരെ മനുഷ്യശരീരങ്ങൾ കണ്ടെത്താൻ പരിശീലനം സിദ്ധിച്ച നായ്ക്കളാണ് ഇവ. മുമ്പ് പെട്ടിമുടി ദുരന്തത്തിൽ നിന്ന് 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. നായ്ക്കളുമായി പൊലീസ് സംഘം മുണ്ടക്കൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ ഇവിടെ എത്തിച്ചേരും.

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകളും പോലീസ് നായ്ക്കളെയും ഉപയോഗിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പോലീസിന്‍റെ ഡ്രോണുകൾ വിന്യസിച്ച് തിരിച്ചിൽ നടത്താനാണ് നിർദേശം.

ദുരന്തത്തിൽ ഇതുവരെ 44 പേരാണ് മരിച്ചത്. വീടുകളും വാഹനങ്ങളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയിട്ടുണ്ട്. നൂറ് കണക്കിന് വീടുകൾ ഒറ്റപ്പെട്ടുപോയിരിക്കുകയാണ്. പുഴയിൽ മൃതശരീരങ്ങൾ ഒഴുകിപ്പോകുന്ന ഭീകരമായ അവസ്ഥയാണ് ഇവിടുള്ളത്. മുണ്ടക്കൈയിൽ രക്ഷാപ്രവർത്തകരുൾപ്പെടെ നിരവധി പേരാണ് ഒറ്റപ്പെട്ടുപോയിരിക്കുന്നത്.

Top