CMDRF

ഇനിയുമൊരു ദുരന്തമുണ്ടാകരുത്: വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം; വി.ഡി.സതീശൻ

ഇനിയുമൊരു ദുരന്തമുണ്ടാകരുത്: വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം; വി.ഡി.സതീശൻ
ഇനിയുമൊരു ദുരന്തമുണ്ടാകരുത്: വയനാട് പുനരധിവാസത്തിന് സമഗ്ര പാക്കേജ് വേണം; വി.ഡി.സതീശൻ

തിരുവനന്തപുരം∙ വയനാട് പുനരധിവാസം സംബന്ധിച്ച കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂ എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

ഡല്‍ഹിയില്‍ മരിച്ച സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി നെവിന്‍ ഡാല്‍വിന്റെ തിരുവനന്തപുരം മലയിന്‍കീഴിലെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

വരുമാനം ഉണ്ടാക്കുന്നവര്‍ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങളുണ്ട്. അനാഥരായ കുഞ്ഞുങ്ങളും മക്കളെ നഷ്ടപ്പെട്ട വയോധികരുമുണ്ട്. ഇവര്‍ക്കൊന്നും സ്വയം തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയാണ്. പുനരധിവാസം വേണ്ടി വരുന്ന 450 കുടുംബങ്ങളില്‍ ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിക്കണം. ഓരോ കുടുംബങ്ങളും വാടക വീട്ടിലേക്ക് മാറുമ്പോള്‍ അവര്‍ക്ക് ആവശ്യമായ പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സഹായങ്ങളും നല്‍കണം.

അത്തരത്തില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ നല്‍കാന്‍ യുഡിഎഫ് തയാറാണ്. കുറെ ആളുകള്‍ക്ക് സര്‍ക്കാര്‍ തന്നെ തൊഴില്‍ നല്‍കേണ്ടി വരും. ചിലര്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തി നല്‍കണം. കൃഷി ചെയ്ത് ജീവിച്ചവര്‍ക്ക് വീണ്ടും കൃഷി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം.

പുനരധിവാസത്തിന് വേണ്ടിയുള്ള സ്ഥലത്ത് കുട്ടികള്‍ക്ക് കളിക്കാനുള്ള ഗ്രൗണ്ടും സ്‌കൂളും അങ്കൻവാടിയും ഉള്‍പ്പെടെ നിര്‍മ്മിക്കുകയെന്നതാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച 100 വീട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി ആലോചിച്ച് മാതൃകാ പദ്ധതി തന്നെ നടപ്പാക്കും. പുനരധിവാസം എന്നത് ഫാമിലി പാക്കേജാക്കി നടപ്പാക്കിയാല്‍ മാത്രമെ ഫലപ്രദമാകൂയെന്നും അദ്ദേഹം പറഞ്ഞു.

Top