CMDRF

ഇവിടം സുരക്ഷിതമല്ല; വയനാട്ടിലേക്ക് സഞ്ചാരികൾ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം

ഇവിടം സുരക്ഷിതമല്ല; വയനാട്ടിലേക്ക് സഞ്ചാരികൾ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം
ഇവിടം സുരക്ഷിതമല്ല; വയനാട്ടിലേക്ക് സഞ്ചാരികൾ എത്തുന്നില്ല, നഷ്ടം 20 കോടിയിലധികം

കോഴിക്കോട്: ചൂരൽമല ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് തിരിച്ചുവരാനാവാതെ വയനാട് വിനോദസഞ്ചാരമേഖലയും. ദുരന്തബാധിതപ്രദേശങ്ങളിലൊഴികെ എല്ലായിടത്തും ജനജീവിതം സാധാരണനിലയിലായിട്ടും സഞ്ചാരികളാരും എത്തുന്നില്ല. 22 ദിവസംകൊണ്ട് ഇരുപതിലധികം കോടിരൂപയുടെ നഷ്ടമാണ് വിനോദസഞ്ചാരസംരംഭകർക്കും അനുബന്ധമേഖലയ്ക്കും മാത്രമുണ്ടായത്.

ബുക്കിങ് റദ്ദുചെയ്തതിലൂടെമാത്രം മൂന്നുകോടിയുടെ നഷ്ടമെങ്കിലുമുണ്ടാവുമെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ പ്രസിഡന്റ് കെ.ആർ. വാഞ്ചീശ്വരൻ പറയുന്നു. മഴക്കാലമായിട്ടുകൂടി ഇത്തവണ റിസോർട്ടുകളിലും ഹോട്ടലുകളിലും ശരാശരി 40 ശതമാനംവരെ ബുക്കിങ് ആയിരുന്നു. 90 ശതമാനംവരെ ബുക്കിങ് ലഭിച്ച റിസോർട്ടുകളുമുണ്ട്. മിക്കയിടത്തും ബുക്കിങ്ങുകൾ പൂർണമായി റദ്ദാക്കപ്പെട്ടു.

വയനാട് സുരക്ഷിതമല്ല എന്നുഭയന്ന് പിൻവാങ്ങുകയാണ് പലരും. മേപ്പാടി പഞ്ചായത്തിലെ രണ്ടുവാർഡുകളിൽ മാത്രമാണ് നാശംവിതച്ചതെങ്കിലും ദുരന്തത്തിന്റെ വ്യാപ്തിയാണ് ഈ തിരിച്ചടിക്ക് കാരണം.

ബുക്കിങ് കാൻസൽ ചെയ്തതുകൊണ്ട് തനിക്കുമാത്രം 28 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്ന് വൈത്തിരി മിസ്റ്റ് മാനേജിങ് ഡയറക്ടർ മുരളി മനക്കൽ പറഞ്ഞു. 90 ശതമാനം ബുക്കിങ് ഉണ്ടായിരുന്നു. അതിൽ ഭൂരിഭാഗവും റദ്ദാക്കി. ബുക്കിങ് റദ്ദുചെയ്തവരെ വിളിക്കുമ്പോൾ ഇപ്പോൾ വയനാട് സുരക്ഷിതമല്ലല്ലോ എന്ന മറുപടിയാണ് ലഭിക്കുന്നത്.

റിസോർട്ടുകൾ ‌ഒഴിഞ്ഞതോടെ തൊഴിലാളികളുടെ വരുമാനവും നിലച്ചു.റിസോർട്ടുകളും ഹോംസ്റ്റേകളും അടക്കം നാലായിരത്തോളം അക്കമഡേഷൻ യൂണിറ്റുകൾ വയനാട്ടിലുണ്ടെന്നാണ് കണക്ക്. വയനാടിന്റെ വരുമാനത്തിന്റെ 22 ശതമാനം വിനോദസഞ്ചാര മേഖലയിൽനിന്നാണ്.

ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്തുള്ള തട്ടുകടക്കാർ, അനുബന്ധതൊഴിലെടുക്കുന്നവർ, ഇവരെല്ലാം പ്രതിസന്ധിയിലാണ്. ടൂറിസം കേന്ദ്രങ്ങൾക്ക് സമീപത്തുള്ള ചെറിയ വ്യാപാരസ്ഥാപനങ്ങൾ പലതും പൂട്ടിയിട്ടിരിക്കുകയാണ്. ഹാൻഡ് ക്രാഫ്റ്റ് സ്ഥാപനങ്ങൾ തുറന്നുവെക്കുന്നതല്ലാതെ ആരും കയറിനോക്കാൻ പോലുമില്ലെന്ന് വയനാട് ടൂറിസം ഓർഗനൈസേഷൻ സെക്രട്ടറി ശൈലേഷ് പറഞ്ഞു.

ഒരു വിനോദസഞ്ചാരി വന്നുപോവുമ്പോൾ മൂന്നു ദിവസംകൊണ്ട് 8000 രൂപയെങ്കിലും ഒരു ടാക്‌സിെെഡ്രവർക്ക് ലഭിക്കും. എന്നാൽ, എല്ലാദിവസവും വാഹനവുമായി റോഡിലിറങ്ങി ഒരുരൂപപോലും വരുമാനമില്ലാതെ തിരിച്ചുപോവേണ്ടി വരുകയാണെന്ന് വിഷ്ണു ട്രാവൽസ് ഉടമ സതീശ്ബാബു പറഞ്ഞു.

വായ്പത്തിരിച്ചടവ് നടത്താൻ കഴിയാതെ ഉടമകളും ബുദ്ധിമുട്ടുകയാണ്. ഓഫ് റോഡ് സർവീസുകൾ നടത്തുന്ന ജീപ്പുടമകൾക്കും തൊഴിലില്ലാതായി.പൂക്കോട് തടാകവും കാരാപ്പുഴഡാമും ഉൾപ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെങ്കിലും സാധാരണനിലയിലേക്കെത്താൻ ഇനിയും നാളുകളെടുക്കും.

വയനാട് സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികളെ ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള കാന്പയിനിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തുടക്കമിട്ടിട്ടുണ്ട്.

Top