തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ് ഈ ദുരന്തത്തെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങള്‍ക്ക് വാടക വീടുകള്‍ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം. ദുരന്തത്തില്‍ പെട്ടവര്‍ക്ക് തൊഴില്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സ്വയം തൊഴിലുകള്‍ കണ്ടെത്താന്‍ സൗകര്യം ഒരുക്കണം. സമഗ്രമായ ഒരു ഫാമിലി പാക്കേജ് ആയി പുനരധിവാസം ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ ദുരന്തമായി വയനാട് ദുരന്തത്തെ പ്രഖ്യാപിക്കുന്നതില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞ കാര്യത്തില്‍ ചില സത്യങ്ങളുണ്ട്. ദേശീയ ദുരന്തം എന്ന പ്രഖ്യാപനം ഇപ്പോഴില്ല. എന്നാല്‍ അങ്ങനെ പ്രഖ്യാപിച്ചില്ലെങ്കിലും ആ നിലയ്ക്കുള്ള സഹായം വേണമെന്നാണ് ആവശ്യം. ഇനി ഇങ്ങനെ ഒരു അപകടം ഉണ്ടാകാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണം. സങ്കേതിക വിദ്യയെ ഉപയോഗപ്പെടുത്തി മുന്നറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം സംസ്ഥാനത്താകെ നടപ്പിലാക്കണം. കാലാവസ്ഥാ വ്യതിയാനത്തെ പരിഗണിച്ചുള്ള നയ രൂപീകരണം നടക്കണമെന്നും ഇതിന് പ്രതിപക്ഷത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.