തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ് എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. വയനാട്ടിലെ ജനതയോടു ചെയ്യുന്ന കടുത്ത അനീതിയാണിത്. അഞ്ഞൂറോളം പേര്‍ മരിച്ച ദുരന്തം പ്രധാനമന്ത്രി നേരിട്ടു വന്നു കണ്ടതാണ്.
ഈ ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും ഒക്കെ പണം അനുവദിക്കേണ്ടതാണ്. അല്ലാതെ ദുരന്ത നിവാരണത്തിന് എല്ലാ സംസ്ഥാനങ്ങള്‍ക്കും ലഭിക്കുന്ന പണത്തിന്റെ ഒരംശം തന്നിട്ട് അതുകൊണ്ട് തൃപ്തിപ്പെടാന്‍ പറഞ്ഞാല്‍ തീരുന്നതല്ല വയനാടിന്റെ പ്രശ്‌നം.
Also Read: ‘പിനാക’ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ
കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയക്കളി അവസാനിപ്പിക്കണം. വയനാടിന്റെ പുനര്‍നിര്‍മാണത്തിനു വേണ്ടി പ്രത്യേക തുകയും സ്‌പെഷ്യല്‍ പാക്കേജും അനുവദിക്കണം. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കുക എന്നത് മനുഷ്യത്വപരമായ കാര്യമാണ്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് അതനുസരിച്ച് പ്രത്യേക പാക്കേജുകള്‍ അനുവദിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യേണ്ടത്.
കേന്ദ്രത്തില്‍ നിന്ന് വേണ്ട സഹായം ലഭിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ചയുണ്ടോ എന്നറിയില്ല. വേണ്ട രേഖകള്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. വയനാടിന് സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു – ചെന്നിത്തല പറഞ്ഞു.