വയനാട് ദുരന്തം : ചാലിയാര്‍ തീരത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു

വയനാട് ദുരന്തം : ചാലിയാര്‍ തീരത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു
വയനാട് ദുരന്തം : ചാലിയാര്‍ തീരത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു

നിലമ്പൂര്‍: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ചാലിയാര്‍ തീരത്തെ ജനകീയ തിരച്ചില്‍ ആരംഭിച്ചു. എന്‍ഡിആര്‍എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്‍കുക. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും ജനകീയ തിരച്ചിലിന്റെ ഭാഗമാകും. മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെ മുണ്ടേരി ഇരുട്ടുകുത്തിയിലെ മുങ്ങല്‍ വിദഗ്ധരും തിരച്ചിലിന്റെ ഭാഗമാകും. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിന്റെ ഇരു കരകളിലും തിരച്ചില്‍ നടത്തും.ചാലിയാര്‍ പുഴയില്‍ രൂപപ്പെട്ടിട്ടുള്ള പുതിയ മണല്‍ത്തിട്ടകള്‍ കേന്ദ്രീകരിച്ചും തിരച്ചില്‍ ശക്തമാക്കും.

വനമേഖലയായ പാണന്‍കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായ മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തും. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലില്‍ പങ്കെടുക്കും. ഇന്നലെ ചാലിയാറില്‍ നിന്ന് ഒരു മൃതദേഹവും ഒരു ശരീരഭാഗവും കണ്ടെടുത്തിരുന്നു. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്ത് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ദുരന്തം നടന്നിട്ട് 14 ദിവസം പിന്നിടുമ്പോള്‍ ഇനി 130 മൃതദേഹങ്ങള്‍ കൂടിയാണ് കണ്ടെത്താനുള്ളത്.

Top