കോഴിക്കോട്: വയനാട് ദുരന്തത്തിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശത്ത് ഭൗമശാസ്ത്രജ്ഞന്‍ ജോണ്‍ മത്തായിയുടെ പഠനത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ട് പൂര്‍ത്തിയായെന്ന് മന്ത്രി കെ രാജന്‍. മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ മേഖലയില്‍ ജനജീവിതം സാധ്യമാണോ എന്നാണ് പരിശോധിക്കുന്നത്. ഈ മേഖലയില്‍ തുടര്‍ താമസം സാധ്യമല്ല എങ്കില്‍ അതിനനുസരിച്ച് പുനരധിവാസം നടപ്പാക്കും. സ്റ്റാറ്റിയൂട്ടറി കമ്മിറ്റി പഠിച്ച ശേഷം സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് എത്തും. ഇതിനുശേഷം തുടര്‍നടപടി സ്വീകരിക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. അവര്‍ക്ക് ബദല്‍ താമസ സൗകര്യം ഉറപ്പാക്കിയ ശേഷമേ ക്യാമ്പുകള്‍ അവസാനിപ്പിക്കുകയുള്ളു.
ദുരന്ത ബാധിതര്‍ താമസിക്കുന്ന വാടക വീടിന് ഉള്‍പ്പെടെ അമിത ഡെപ്പോസിറ്റ് വാങ്ങിയാല്‍ കര്‍ശന നടപടിയുണ്ടാകും. വാടക വീടിന് മുന്‍കൂറായി തുക ആവശ്യപ്പെടുന്നുവെന്നും കൂടുതല്‍ തുക ഡെപ്പോസിറ്റായി ചോദിക്കുന്നുവെന്നുമുള്ള പരാതി നേരത്തെ ഉയര്‍ന്നിരുന്നു. ദുരന്തം ചൂഷണത്തിനുള്ള അവസരമായി കരുതുന്നവരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് അറിയാമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു. ഒരു ദുരന്തങ്ങളെയും കുറച്ച് കാണുന്നില്ല. വിലങ്ങാടിനും ഉടന്‍ സഹായം നല്‍കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.