കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്. മലനിരകളാലും മനോഹരമായ പശ്ചിമഘട്ടത്താലും വശ്യത നിറഞ്ഞ നമ്മുടെ നാട് ലോകത്തിന് മുന്നില്‍ തന്നെ ഏറ്റവും മികച്ച ടൂറിസം മേഖലകളില്‍ ഒന്നാണ്. മഴക്കാലത്തും വേനല്‍ക്കാലത്തും കാലാവസ്ഥയ്ക്കനുസൃതമായി അണിഞ്ഞൊരുങ്ങാന്‍ നമ്മുടെ പ്രകൃതിക്കറിയാം. എന്നാല്‍ 2002 നു ശേഷം കാലവര്‍ഷത്തിന്റെ സ്വഭാവം മാറി. ജൂണിലും ജൂലൈയിലും നല്ല മഴ കിട്ടിക്കൊണ്ടിരുന്ന സമയത്ത് ഇപ്പോള്‍ പത്തോ പതിനഞ്ചോ ദിവസം കനത്തമഴയും ബാക്കി ദിവസങ്ങളില്‍ തെളിഞ്ഞ അന്തരീക്ഷവുമായി. പതിയെ മഴയുടെ സ്വഭാവത്തിലും മാറ്റം വന്നു. പുഴയും, തോടും, കായലും കരകവിഞ്ഞൊഴുകുന്നത് കണ്ടുനിന്ന നമ്മള്‍ 99 ലെ വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം ജീവനെടുക്കുന്ന കാഴ്ച്ചയ്ക്ക് നേര്‍സാക്ഷികളായി.
വര്‍ഷം 2018, പതിവിലും ഭീകരമായി പെയ്തിറങ്ങിയ പേമാരി കാര്‍ന്നുതിന്നത് 483 ജീവനുകള്‍. അപ്രതീക്ഷിതമായെത്തിയ 2018 ലെ പ്രളയത്തെ പെട്ടെന്ന് പിടിച്ചുകെട്ടാന്‍ നമുക്ക് ആയില്ലെങ്കിലും, ഒട്ടനവധി ജീവിതങ്ങള്‍ ഇല്ലാതായെങ്കിലും സന്നദ്ധപ്രവര്‍ത്തനത്തിന്റെ ഫലമായി നമ്മള്‍ അതിജീവിച്ചു. പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് വടക്കന്‍ ജില്ലകളിലാണ്. 2019 ലെ കാലവര്‍ഷം എത്തിയതും ഗതി മാറിത്തന്നെ. എന്നാല്‍ കൂടുതല്‍ തയ്യാറെടുപ്പുകളുമായി നമ്മള്‍ മുന്നോട്ടുവന്നു. പക്ഷേ, വടക്കന്‍ മേഖലകളിലെ സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു. 2019 ലെ രണ്ടാം പ്രളയം വയനാട് ജില്ലയിലെ പുത്തുമലയെ ബാധിച്ചത് വളരെ മോശമായാണ്.
റെഡ് അലര്‍ട്ടും, സുരക്ഷ ക്യാമ്പുകളും, കണ്‍ട്രോള്‍ റൂമുകളും ജില്ലയിലെ ജനങ്ങളെ പരിഭ്രാന്തരാക്കി. പുത്തുമല മണ്ണിടിച്ചിലില്‍ 17 പേര്‍ മരിച്ചു, ഇതില്‍ 5 മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പോലും സാധിച്ചില്ല. കാലം പിന്നിട്ടു. വര്‍ഷം 2024, ആര്‍ത്തടിക്കുന്ന കാറ്റും, കലിതുള്ളി പെയ്ത മഴയും, പുഴയായി മാറിയ മണ്ണും വീണ്ടും വടക്കന്‍ കേരളത്തെ പിടിച്ചുലച്ചു. വയനാട് വീണ്ടും ദുരന്തമുഖമായി. ഉരുള്‍പൊട്ടലില്‍ മേപ്പാടി ചൂരല്‍മലയിലും മുണ്ടക്കൈയിലും ജനജീവിതങ്ങള്‍ ചോദ്യചിഹ്നമായി. രക്ഷിക്കണേ എന്ന നിലവിളികളും, കാണാതായ ഉറ്റവരും, ഒഴുകിയെത്തുന്ന മൃതദേഹങ്ങളും മനുഷ്യ മനസാക്ഷിയെ വേദനിപ്പിച്ചു. ദുരന്തത്തിന്റെ വ്യാപ്തി കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായി. മരണസംഖ്യ ഞെട്ടിക്കുന്ന തരത്തില്‍ ഉയര്‍ന്നു.
തുടര്‍ച്ചയായി ഇങ്ങനെ നാടിനെ ദുരന്തം വേട്ടയാടുമ്പോള്‍, ഇത്തരം സാഹചര്യങ്ങളില്‍ മാത്രം ചര്‍ച്ചയാകുന്ന ഒരു പേരുണ്ട് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. പശ്ചിമഘട്ട മേഖലയുടെ പാരിസ്ഥിതിക സാഹചര്യം വിലയിരുത്തുക, സംരക്ഷണ മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുക, പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ പരിശോധിക്കുക, പശ്ചിമഘട്ട അതോറിറ്റിയുടെ ഘടന തീരുമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ രൂപീകരിച്ച കമ്മിറ്റിയുടെ പേര് വീണ്ടും പരാമര്‍ശിക്കാന്‍ സംസ്ഥാനത്തിനിതാ ഒരു ദുരന്തം കൂടി. 2011 മുതല്‍ അവഗണിച്ചുകൊണ്ടിരുന്ന ഈ റിപ്പോര്‍ട്ടിന്റെ പേര് ഉയര്‍ന്ന് കേള്‍ക്കുന്നത് പ്രകൃതി ദുരന്തങ്ങള്‍ ഇങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോഴാണ്.. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് മനുഷ്യജീവന്റെ വിലയുണ്ട്… കഴിഞ്ഞ ദുരന്തങ്ങളിലൊക്കെയായി ജീവനും ജീവിതവും ഇല്ലാതായ നമ്മുടെ സഹോദരങ്ങളുടെ ആയുസ്സിന്റെ വിലയുണ്ട്… ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വേണ്ടവിധത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ നമുക്ക് ഒരുപാട് ജീവിതങ്ങള്‍ കരകയറ്റാന്‍ സാധിച്ചേനെ…
ഭൂമിയിലെ തന്നെ ജൈവസമ്പന്ന ആവാസ മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. കേരളം മുതല്‍ ഗുജറാത്ത് വരെ ആറു സംസ്ഥാനങ്ങളിലാണ് പശ്ചിമഘട്ടം വ്യാപിച്ചുകിടക്കുന്നത്. ലോക പൈതൃകപ്പട്ടികയില്‍ ഇടംപിടിച്ച പശ്ചിമഘട്ടത്തിന്റെ നിലനില്‍പ്പിനെ ആശ്രയിച്ചാണ് തമിഴ്‌നാട്, കേരളം, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ ആറ് സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ആളുകളുടെ ജീവിതവും അവിടത്തെ ഭാവി വികസനവും. പശ്ചിമഘട്ടം വലിയ ചൂഷണത്തിനും അശാസ്ത്രീയ ഇടപെടലിനും നിരന്തരം വിധേയമായിക്കൊണ്ടിരിക്കുകയാണ് എന്നതിന് എതിരഭിപ്രായങ്ങളൊന്നുമില്ല. ഈ പ്രദേശത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താന്‍ യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല.
ആ ഘട്ടത്തിലാണ് 2010 മാര്‍ച്ചില്‍, അന്നത്തെ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് പശ്ചിമഘട്ട പരിസ്ഥിതി സംബന്ധിച്ച് പഠിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിച്ചത്. പ്രഫ. മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായ 13 ശാസ്ത്രജ്ഞരടങ്ങിയ കമ്മിറ്റി. അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതിനായി, പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള ഒരു ജനകീയ ആവശ്യമായിരുന്നു ഈ കമ്മിറ്റി. പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും ഗാഡ്ഗില്‍ ശുപാര്‍ശ ചെയ്തു. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ നടത്താവുന്ന സംരക്ഷണം, വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവ കമ്മിറ്റി മുന്നോട്ടുവച്ചു.
കേരളമുള്‍പ്പെടുന്ന സംസ്ഥാനങ്ങളുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ള ഒരു റിപ്പോര്‍ട്ട് ഒരുപാട് നാളത്തെ പഠനത്തിന് ശേഷം കമ്മിറ്റി സമര്‍പ്പിച്ചു. എന്നാല്‍ വലിയ രാഷ്ടീയ കോലാഹലങ്ങള്‍ക്കാണ് റിപ്പോര്‍ട്ട് വഴിവെച്ചത്. സംസ്ഥാന സര്‍ക്കാരുകളും ചില രാഷ്ട്രീയ മത പ്രസ്ഥാനങ്ങളും പരസ്യമായ എതിര്‍പ്പ് ഉന്നയിച്ചു. ചര്‍ച്ചയ്ക്ക് പോലും സാധ്യതയില്ലാത്തവിധം ആ എതിര്‍പ്പുകള്‍ മുന്നോട്ടുപോയി. ആശങ്കയകറ്റാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പ്രതികരണമൊന്നുമുണ്ടായില്ല. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം തന്നെയാണ് ഈ മുറുമുറുപ്പുകള്‍ക്ക് കാരണമായത്.
പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടത്തില്‍ റിപ്പോര്‍ട്ട് പ്രകാരം അനിയന്ത്രിത പ്രവര്‍ത്തനങ്ങളൊന്നും അനുവദനീയമല്ല. വയനാടുള്‍പ്പെടെയുള്ള പരിസ്ഥിതി ലോല പ്രദേശങ്ങള്‍ ഇതിലുള്‍പ്പെടുന്നു. എന്നാല്‍ നിര്‍ദേശങ്ങളില്‍ ഭൂരിഭാഗവും അപ്രായോഗികവും നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളവയുമാണെന്നായിരുന്നു വിലയിരുത്തല്‍. മണല്‍ ക്വാറി മാഫിയകളെയും പ്രതികൂലമായി ബാധിക്കുന്നതായിരുന്നു റിപ്പോര്‍ട്ട്. എല്ലാത്തിനും പിന്നാലെ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശങ്ങള്‍ ഫലപ്രദമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഹൈ ലെവല്‍ വര്‍ക്കിങ് ഗ്രൂപ്പായ കസ്തൂരിരംഗന്‍ സമിതി പുതിയ നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചത്.
2013 ലെ ഉത്തരാഖണ്ഡിലെ പ്രളയം മുതല്‍ മഴയുടെ അതിതീവ്രത മൂലം പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും രാജ്യത്ത് ദുരന്തങ്ങള്‍ സംഭവിക്കുന്നുണ്ട്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് ഈ ദുരന്തങ്ങളെ പിടിച്ചുകെട്ടാന്‍ സാധിക്കുമായിരുന്നോ എന്ന് ചോദിച്ചാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കാര്യങ്ങള്‍ കേന്ദ്രവും കേരളവും അംഗീകരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ നമുക്ക് ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാന്‍ സാധിച്ചേനെ എന്നത് സത്യമാണ്. കനത്ത മഴ മൂലമാണ് കേരളത്തില്‍ മഴപെയ്തത്. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സംസ്ഥാനത്ത് നടന്ന വികസനപ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിയുടെ ശേഷിയെ ബാധിച്ചിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇത്തരം ദുരന്തങ്ങളെ നേരിടാനുള്ള ശേഷി കേരളത്തിന്റെ മണ്ണിനിപ്പോള്‍ ഇല്ല. കൃത്യമായ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സാധിക്കുമായിരുന്നു എന്നാണ് കേരളത്തിലെ പ്രളയത്തെ പറ്റി ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. അവഗണിക്കപ്പെടുന്ന ഇത്തരം പഠനങ്ങള്‍ രാഷ്ട്രീയമോ, വ്യക്തിപരമോ ആയ ആവശ്യങ്ങള്‍ക്കായി മറച്ചുവയ്ക്കപ്പെടുമ്പോള്‍, പകരം കൊടുക്കുന്നത് സര്‍ക്കാരുകളെ പോറ്റി വളര്‍ത്തുന്ന സാധാരണക്കാരുടെ ജീവന്‍ തന്നെയാണ്. അതെന്തായാലും പറയാതെ വയ്യ…
REPORT: ANURANJANA KRISHANA.S