കൽപ്പറ്റ: സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം ദുരന്ത മേഖലകളിൽ പരിശോധന ആരംഭിച്ചു. ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഉച്ച വരെ പരിശോധന നടത്തിയത്. ദുരന്ത മേഖലയിൽ പ്രതികൂല കാലവസ്ഥയായതിനാൽ ഉച്ചക്ക് ശേഷം പരിശോധന അവസാനിപ്പിച്ചു. ഓഗസ്റ്റ് 15 വരെ പരിശോധന തുടരും. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടവും അനുബന്ധ പ്രദേശവും സംഘം വിശദമായ പരിശോധനക്ക് വിധേയമാക്കി. പ്രദേശത്തെ മണ്ണിന്റെയും പാറകളുടെയും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
ദുരന്തം സംഭവിച്ചതെങ്ങനെയെന്നും ഉരുൾപൊട്ടലിൽ സംഭവിച്ച പ്രതിഭാസങ്ങളും സംഘം വിലയിരുത്തും. ദുരന്ത പ്രദേശത്തെയും അനുബന്ധ മേഖലകളിലേയും അപകട സാധ്യതകൾ സംഘം വിലയിരുത്തി സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കും. സെന്റർ ഓഫ് എക്സലൻസ് ഇൻ വാട്ടർ റിലേറ്റഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (സി.ഡബ്ല്യൂ.ആർ.ഡി.എം.) പ്രിൻസിപ്പൽ സയന്റിസ്റ്റും മേധാവിയുമായ ഡോ: ടി.കെ.ദൃശ്യ, സൂറത്ത്കൽ എൻഐടി അസോസിയേറ്റ് പ്രഫ. ഡോ. ശ്രീവൽസ കൊളത്തയാർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ താരാ മനോഹരൻ, കേരള ദുരന്തനിവാരണ അതോറിട്ടി ഹസാർഡ് ആൻഡ് റിസ്ക് അനലിസ്റ്റ് ജി.എസ്. പ്രദീപ് എന്നിവരാണ് വിദഗ്ധ സംഘത്തിലുള്ളത്.