വയനാട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

വയനാട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
വയനാട് ദുരന്തം; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച പരാതികളുടെയും കത്തിന്റെയും അടിസ്ഥാനത്തിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സ്വമേധയാ സ്വീകരിച്ച ഹര്‍ജി നാളെ രാവിലെ ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, വി എം ശ്യാംകുമാർ എന്നിവരുടെ ഡിവിഷൻ ബെഞ്ച് പരിഗണിക്കും. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടും. വയനാട് ദുരന്തമുണ്ടായതിന് പിന്നാലെ സ്ഥിതിഗതികളെക്കുറിച്ച് ഹൈക്കോടതി ആരാഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സ്വമേധയാ കേസെടുക്കാൻ തീരുമാനമായത്.

അതേസമയം, വയനാട് ഉരുള്‍പൊട്ടല്‍ മേഖലയില്‍ സൈന്യം തിരച്ചില്‍ അവസാനിപ്പിച്ചു. ഇനിയുള്ള തിരച്ചില്‍ എന്‍ഡിആര്‍എഫിന്റേയും അഗ്നിശമനസേനയുടേയും നേതൃത്വത്തില്‍ നടക്കും. സര്‍ക്കാരും ജില്ലാ ഭരണകൂടവും സെെന്യത്തിന് യാത്രയയപ്പ് നല്‍കും. ഹെലികോപ്റ്റര്‍ തിരച്ചിലിനും ബെയ്‌ലി പാലം ശക്തിപ്പെടുത്തുന്നതിനുമുള്ള സംഘം മാത്രം മേഖലയില്‍ തുടരുകയും മറ്റു സൈനിക സംഘങ്ങള്‍ മടങ്ങുകയും ചെയ്യും. ദൗത്യ ചുമതലകള്‍ പൂര്‍ണ്ണമായും കൈമാറുമെന്ന് സൈന്യം അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം എത്ര ദിവസം വേണമെങ്കിലും തുടരാന്‍ തയ്യാറാണെന്ന് സൈന്യം നേരത്തെ അറിയിച്ചിരുന്നു. മേഖലയില്‍ നാളെ രാവിലെ എട്ട് മണി മുതല്‍ ജനകീയ തിരച്ചില്‍ നടത്തുമെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചത്. ബെയ്ലി പാലനിർമ്മാണത്തിലടക്കം ദുരന്ത മുഖത്തെ സെെന്യത്തിന്‍റെ ഇടപെടല്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

പ്രദേശത്തെ ജനങ്ങളെയും കണ്ടുകിട്ടാനുള്ളവരുടെ ബന്ധുക്കളെയും ഒപ്പം ചേര്‍ത്താണ് തിരച്ചില്‍ നടത്തുക. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത ജനകീയ തിരച്ചിലാണ് നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഞങ്ങളുടെ വീടിനടുത്ത് തിരഞ്ഞില്ലെന്ന് മാനസികമായി പ്രയാസമുള്ള പ്രദേശത്തെ മുഴുവന്‍ ആളുകള്‍ക്കും അങ്ങോട്ട് എത്താനുള്ള അവസരം നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

Top