മലപ്പുറം : വയനാട് ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള ആളുകള്‍ക്കായി ചാലിയാറില്‍ നടത്തിയ തിരച്ചില്‍ അവസാനിച്ചു. എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ചാലിയാറില്‍ തിരച്ചില്‍ നടത്തിയത്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരുന്നു തിരച്ചില്‍. 60 അംഗ സംഘമായിരുന്നു തിരച്ചിലിനുണ്ടായിരുന്നത്. ദൗത്യം അവസാനിപ്പിച്ച് തിരച്ചില്‍ സംഘം മടങ്ങി.
വനമേഖലയായ പാണന്‍ കായത്തില്‍ 10 സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 50 അംഗ സംഘവും പാണന്‍കായം മുതല്‍ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതല്‍ ചാലിയാര്‍ മുക്കുവരെയും 20 സന്നദ്ധപ്രവര്‍ത്തരും 10 പൊലീസുകാരും അടങ്ങുന്ന 30 അംഗ സംഘങ്ങളും തിരച്ചില്‍ നടത്തി. ഇരുട്ടുകുത്തി മുതല്‍ കുമ്പളപ്പാറ വരെ സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 40 അംഗ സംഘവും തിരച്ചിലിനുണ്ടായിരുന്നു.
തിരച്ചിലിനിടെ ചാലിയാറില്‍ ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചാലിയാറിനോട് ചേര്‍ന്ന ഭാഗങ്ങളാണ് ഇത്.