കൽപ്പറ്റ: വായനാട്ടിലുണ്ടായ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായി ആനടിക്കാപ്പ് മുതൽ സൂചിപ്പാറ വരെ നടത്തിയ തെരച്ചിലിൽ ഇന്ന് ആറ് ശരീരഭാഗങ്ങൾ കണ്ടെത്തി. അതേസമയം ഒരു സ്ത്രീയുടെ മുടിയും അസ്ഥികളുടെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുൾപൊട്ടലിൽ കാണാതായവരുടെ ബന്ധുകൾ ആവശ്യപ്പെട്ടത് പ്രകാരമായിരുന്നു പ്രത്യേക സംഘത്തെ നിയോഗിച്ചുള്ള തെരച്ചിൽ. ഇന്ന് മേഖലയിൽ തെരച്ചിൽ നടത്തിയത് എൻഡിആർഎഫ്, സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, ഫയർഫോഴ്സ്, സന്നദ്ധപ്രവർത്തകർ തുടങ്ങി 14 അംഗ ടീമാണ്. അതേസമയം കഴിഞ്ഞ ആഴ്ചകളിൽ ഇവിടെ നിന്ന് നിരവധി മൃതദേഹങ്ങളും ശരീരഭാഗങ്ങളും കണ്ടെത്തിയിരുന്നു.
വീണ്ടും തെരച്ചിൽ നടത്തണമെന്ന് ബന്ധുക്കൾ
നിലവിലെ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി വിളിച്ച പുനരധിവാസ ആലോചന യോഗത്തിൽ കാണാതായവരുടെ ബന്ധുക്കൾ ഇവിടെ വീണ്ടും തെരച്ചിൽ നടത്തണമെന്ന് ആവശ്യപ്പെട്ടു. തിരച്ചിൽ നടത്തുന്ന 14 അംഗ ടീമിന് ഉപകരണങ്ങൾ എത്തിച്ച് നൽകാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു. ദുർഘട മേഖലയിലെ തെരച്ചിൽ ആയതിനാൽ സാറ്റ്‍ലൈറ്റ് കമ്യൂണിക്കേഷനും ഒരുക്കിയിരുന്നു. അതേസമയം ആവശ്യമെങ്കിൽ എയർലിഫ്റ്റും സജ്ജമാക്കിയാണ് തെരച്ചിൽ നടത്തിയത്. കണ്ടെത്തിയ ആറ് ശരീരഭാഗങ്ങൾ തിരിച്ചറിയാനായി നിലവിൽ മേപ്പാടിയിൽ എത്തിച്ചിട്ടുണ്ട്.
Also Read: മുണ്ടക്കൈയിലും ചൂരൽമലയിലും ഇന്ന് വീണ്ടും തിരച്ചിൽ ആരംഭിക്കും
അതേസമയം ഇന്നത്തെ തെരച്ചിലിൻറെ പുരോഗതിക്ക് അനുസരിച്ച് തെരച്ചിൽ തുടരാമെന്നാണ് നേരത്തെ എടുത്ത തീരുമാനം. രാവിലെ 6 മുതൽ വൈകിട്ട് മൂന്നര വരെ തെരച്ചിലിന് പദ്ധതിയിട്ടിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥയും, മഴയെയും തുടർന്ന് തെരച്ചിൽ ഉച്ച കഴിഞ്ഞപ്പോൾ തന്നെ അവസാനിപ്പിച്ചു.