അതീവരുചികരവും പോഷകഗുണമുള്ളതുമായ പഴമാണ് പിയർ. വിറ്റാമിനുകളും നാരുകളും ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയ പിയർ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നതിനും പിയർ സഹായകമാണ്.
പിയറിലെ ‘ഫ്ലേവനോയിഡ്’ ആൻ്റിഓക്‌സിഡൻ്റുകൾ പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നതായി ‘മോളിക്യൂൾസ്’ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു. പ്രമേഹമുള്ളവർക്ക് ധെെര്യമായി കഴിക്കാവുന്ന പഴമാണ് പിയർ. പിയറിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന നിരവധി ഗുണങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ആഴ്ചയിൽ അഞ്ചോ അതിലധികമോ പിയർ കഴിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 23 ശതമാനം കുറവാണെന്ന് അമേരിക്കൻ ജേണൽ ഓഫ് ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
പിയറിലെ ഫ്ലേവനോയ്ഡുകൾ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കുടലിൻ്റെ ആരോഗ്യത്തിന് നല്ലതാണ്. പിയേഴ്സിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹന ആരോഗ്യത്തിന് പിയർ നല്ലതാണെന്ന് ന്യൂട്രിയൻ്റ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
മലബന്ധം എളുപ്പം അകറ്റുന്നതിന് മികച്ചതാണ് ഈ പഴം. മൊത്തത്തിലുള്ള ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രീബയോട്ടിക്സും പിയറിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന നാരുകളും ആൻ്റിഓക്‌സിഡൻ്റും അടങ്ങിയിട്ടുള്ളതിനാൽ പിയർ ഹൃദയത്തിന് ആരോഗ്യകരമായ പഴമാണ്. ആന്തോസയാനിൻ എന്ന ആൻ്റിഓക്‌സിഡൻ്റിന് കൊറോണറി ആർട്ടറി രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ കഴിയുമെന്ന് ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
Also Read: ബ്രെന്റ്ഫോർഡിനെ വീഴ്ത്തി ലിവർപൂൾ
പിയർ പഴത്തിൽ കലോറി കുറവാണ്. ഉയർന്ന വെള്ളവും ഉയർന്ന ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. പിയർ പഴം പതിവായി കഴിക്കുന്ന ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. ആൻ്റിഓക്‌സിഡൻ്റുകളുടെയും നിരവധി വിറ്റാമിനുകളും അടങ്ങിയ പിയർ ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
വിറ്റാമിനുകൾ, ചെമ്പ്, നാരുകൾ എന്നിവയുൾപ്പെടെ നിരവധി പോഷകങ്ങൾ അടങ്ങിയ പിയർ പ്രതിരോധശേഷി ശക്തിപ്പെടുത്താൻ സഹായിക്കും.