CMDRF

വീട്ടിൽ വെച്ചാൽ ഐശ്വര്യം! ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ

ഇവയ്ക്ക് അത്ഭുത സിദ്ധിയുണ്ടെന്നും വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യമുണ്ടാകുമെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങി വിൽപ്പന നടത്തുന്നത്.

വീട്ടിൽ വെച്ചാൽ ഐശ്വര്യം! ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ
വീട്ടിൽ വെച്ചാൽ ഐശ്വര്യം! ഇരുതലമൂരിയെ വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ

മുംബൈ: വിൽപ്പനയ്ക്കായി ചുവന്ന മണ്ണൂലി അഥവാ ഇരുതലമൂരിയെ (red sand boa) കൊണ്ടുവരുന്നതിനിടെ നാല് പേർ പോലീസ് പിടിയിൽ. മന്ത്രവാദത്തിനും ഔഷധ ആവശ്യങ്ങൾക്കുമായി ഇരുതലമൂരിയെ വിൽക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. മുംബൈയിലെ തന്നെ കഫെ പരേഡ് പ്രദേശത്ത് മേക്കർ ചേമ്പേഴ്‌സിന് സമീപം ഇരുതലമൂരിയെ അനധികൃതമായി വിൽപന നടത്തുന്നുവെന്ന് അസിസ്റ്റന്‍റ് പോലീസ് ഇൻസ്‌പെക്ടർ അമിത് ദിയോകർക്ക് വിവരം ലഭിച്ചു. തുടർന്നു എസ്‍ യു വി തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് ചാക്കിൽ കെട്ടിയ നിലയിൽ അഞ്ച് കിലോഗ്രാം ഭാരമുള്ള പാമ്പിനെ കണ്ടത്. 30 ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് പൊലീസ് പറഞ്ഞു.

കേസിൽ പൊലീസ് പിടികൂടിയത് നരസിംഹ സത്യമ ധോതി (40), ശിവ മല്ലേഷ് അഡാപ് (18), രവി വസന്ത് ഭോയർ (54), അരവിന്ദ് ഗുപ്ത (26) എന്നിവരെയാണ്. ഇതിൽ ധോതിയും അഡാപ്പും തെലങ്കാന സ്വദേശികളാണ്. ഭോയറും ഗുപ്തയും മുംബൈ സ്വദേശികളുമാണ്. നാല് പേർക്കെതിരെയും വന്യജീവി സംരക്ഷണ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്ത് വനം വകുപ്പിന് കൈമാറിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read: പീഡന പരാതി; കോൺഗ്രസ് എംഎൽഎ കുൽക്കർണിക്കെതിരെ കേസ്

വിൽപ്പന അന്ധവിശ്വാസം മുതലെടുത്ത്

അന്ധവിശ്വാസത്തിന്‍റെ മറവിൽ നിലവിൽ വംശനാശ ഭീഷണി നേരിടുന്ന ഇരുതലമൂരികളെ അനധികൃതമായി വിൽപ്പന നടത്തുന്ന സംഭവങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ചിലരുടെ വിശ്വാസം വീടുകളിൽ ഇവയെ സൂക്ഷിച്ചാൽ ഐശ്വര്യം വരുമെന്നാണ്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ നാലിൽ പെടുന്ന ഇരുതലമൂരികളെ പിടികൂടുന്നതും വിൽക്കുന്നതും വാങ്ങുന്നതുമെല്ലാം ഇന്ത്യൻ നിയമനുസരിച്ച് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

Also Read: മെത്താംഫിറ്റമിനും, കഞ്ചാവും; എക്സൈസ് പരിശോധനയിൽ രണ്ട് പേ‍ർ പിടിയിൽ

ചുവന്ന മണ്ണുള്ള സ്ഥലങ്ങളിലാണ് വലിയ വിഷമില്ലാത്ത ഈയിനം പാമ്പ് കൂടുതലായി കാണപ്പെടുന്നത്. കാഴ്ചയിൽ തലയും വാലും ഏതാണ്ട് ഒരുപോലെയാണ്. അപൂർവ്വമായി മാത്രമേ കടിക്കൂ എന്നതിനാൽ ഇവയെ പിടികൂടാനും ഏറെ എളുപ്പമാണ്. ഇവയ്ക്ക് അത്ഭുത സിദ്ധിയുണ്ടെന്നും വീട്ടിൽ സൂക്ഷിച്ചാൽ ഭാഗ്യമുണ്ടാകുമെന്നും വിശ്വസിപ്പിച്ചാണ് ലക്ഷങ്ങൾ വാങ്ങി വിൽപ്പന നടത്തുന്നത്.

Top