തിരുവനന്തപുരം: തിങ്കളാഴ്ച 91ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ ഭാവാഭിനയ ചക്രവര്‍ത്തി മധുവിന് പിറന്നാള്‍ സമ്മാനമായി മകള്‍ ഉമയും മരുമകന്‍ കൃഷ്ണകുമാറും ചേര്‍ന്ന് ഒരുക്കിയത് ഒരു വെബ്സൈറ്റ്. ചലച്ചിത്രരംഗത്തെ വിവിധ മേഖലകളില്‍ മധു നല്‍കിയ സംഭാവനകള്‍ വിവരിക്കുന്ന www.madhutheactor.com എന്ന വെബ്‌സൈറ്റ് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വൈകീട്ടോടെയാണ് മമ്മൂട്ടി സോഷ്യല്‍ മീഡിയ പേജിലൂടെ വെബ്സൈറ്റ് ലോഞ്ച് ചെയ്തത്. അവാര്‍ഡുകള്‍, അഭിമുഖങ്ങള്‍, അഭിനയിച്ച സിനിമകളിലെ പോസ്റ്ററുകള്‍, ഹിറ്റ് ഗാനങ്ങള്‍ തുടങ്ങിയവയെല്ലാം വെബ്‌സൈറ്റിലുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, കമല്‍ഹാസന്‍, ശ്രീകുമാരന്‍ തമ്പി, എം.ടി. വാസുദേവന്‍ നായര്‍, ഷീല, ശാരദ, സീമ സത്യന്‍ അന്തിക്കാട് ഉള്‍പ്പെടെയുള്ളവര്‍ മധുവിനെക്കുറിച്ച് എഴുതിയ ലേഖനങ്ങളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തില്‍ താമസിക്കുന്ന മധുവിന് ജന്മദിനത്തില്‍ പ്രത്യേക ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. ആറു പതിറ്റാണ്ടായി പ്രേക്ഷകരുടെ പ്രിയതാരമായി തുടരുമ്പോഴും തനിക്ക് പാകമായ വേഷങ്ങളെത്തിയാല്‍ ഇപ്പോഴും ഒരു കൈ നോക്കാമെന്ന അഭിപ്രായമാണ് മധുവിന്.