പശ്ചിമേഷ്യൻ മേഖലയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി. ടെൽ അവീവ്, തെഹ്‍റാൻ, ബെയ്റൂത്ത് തുടങ്ങിയ ഇടങ്ങളിലേക്കുള്ള സർവീസുകൾ ഈ മാസം 21 വരെ നിർത്തിയതായി ലുഫ്താൻസ എയർ അറിയിച്ചു. എയർ ഫ്രാൻസ്, ട്രാൻസാവിയ തുടങ്ങിയ കമ്പനികൾ ബുധനാഴ്ച വരെ ബെയ്റൂത്ത് സർവീസ് റദ്ദാക്കി.
ഹമാസ് തലവൻ ഇസ്മയിൽ ഹനിയ്യയെ വധിച്ചതുമുതലാണ് പശ്ചിമേഷ്യയിൽ സംഘർഷം ശക്തിപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങൾ അമേരിക്കയും യൂറോപ്യൻ യൂണിയനുമടക്കമുള്ളവർ നടത്തിയിരുന്നു. എന്നാൽ ഇവയെല്ലാം പരാജയപ്പെട്ടെന്നാണ് ലഭിച്ച റിപ്പോർട്ടുകൾ. ഇറാന്റെ ആക്രമണം കനത്തതായിരിക്കില്ലെന്നാണ് വിവരമെന്നും ഇന്റലിജൻസ് റിപ്പോർട്ടുകൾ ഉദ്ധരിച്ച് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ഏതുവിധത്തിലുള്ള ആക്രമണത്തിനും സജ്ജമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം അറിയിച്ചു.
ഇസ്രായേലിന്റെ പ്രതിരോധ മന്ത്രി ഇന്ന് രാവിലെ അമേരിക്കയുടെ പ്രതിരോധസെക്രട്ടറിയുമായി മൊബൈലിൽ സംസാരിച്ചിരുന്നു. അതിനിടെ, ഗാസയിലെ ഖാൻ യൂനിസിൽനിന്ന് ജനങ്ങളോട് ഒഴിയാൻ ഇസ്രായേൽ സൈന്യം ആവശ്യപ്പെട്ടു. ഗാസയിൽ ഒരിടവും സുരക്ഷിതമല്ലെന്ന അവസ്ഥയിൽ എങ്ങോട്ട് പോകുമെന്ന് അറിയാത്ത നിസ്സഹായാവസ്ഥയിലാണ് പലസ്തീനികൾ. ഗാസ കൂട്ടക്കുരുതി സംബന്ധിച്ച് അടിയന്തര യു.എൻ രക്ഷാ സമിതിയോഗം ഇന്ന് ചർച്ച ചെയ്യും.