ചാവക്കാട്: ദ്വാരക ബീച്ചില്‍ തിമിംഗലത്തിന്റെ അഴുകിയ ജഡം കരക്കടിഞ്ഞു. വെള്ളിയാഴ്ച ഒന്നോടെ കടലില്‍ പ്രത്യക്ഷപ്പെട്ട തിമിംഗലത്തിന്റെ ജഡം ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെയാണ് കരക്കടിഞ്ഞത്. ഒരുമാസത്തിലധികം പഴക്കമുള്ള ജഡം നീക്കം ചെയ്യാന്‍ പറ്റാത്തവിധം അഴുകിയിരുന്നു. മണ്ണുമാന്തി ഉപയോഗിച്ച് തീരത്ത് തന്നെ കുഴിയെടുത്ത് സംസ്‌കരിക്കുകയായിരുന്നു. 12 മീറ്റര്‍ നീളമുള്ള ഭീമന്‍ തിമിംഗലത്തിനു 15 ടണ്‍ ഭാരമാണ് കണക്കാക്കുന്നത്.
ചാവക്കാട് സീനിയര്‍ വെറ്ററിനറി ഡോക്ടര്‍ ശര്‍മിള, എരുമപ്പെട്ടി ഫോറസ്റ്റ് ഓഫിസിലെ ഉദ്യോഗസ്ഥന്മാരായ യു.എസ്. സനോജ്, എന്‍. റൈജോ ജോയ്, കെ.വി. വൈശാഖ്, പി.എച്ച്. അഷ്‌റഫ്, വി.എസ്. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് കടപ്പുറത്ത് തന്നെ കുഴിച്ചു മൂടിയത്. നഗരസഭ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. ഷമീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശിവപ്രസാദ്, കെ.വി. വസന്ത എന്നിവര്‍ നേതൃത്വം നല്‍കി.