CMDRF

ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?

ഇനി 96 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനെ സ്റ്റാർലൈനർ പേടകത്തിൽ അവശേഷിക്കുന്നുള്ളു

ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?
ബഹിരാകാശത്ത് കുടുങ്ങിപ്പോയ സുനിത വില്യംസിന് മടങ്ങി വരവിന് തടയാകുന്നതെന്ത്?

പോയത് എട്ട് ദിവസത്തെ ദൗത്യത്തിന് വേണ്ടി പക്ഷെ എത്തിയിട്ട് ഇപ്പോൾ മൂന്ന് മാസങ്ങൾ പിന്നിട്ടു. മടങ്ങിവരവ് പലവട്ടം തീരുമാനിച്ചെങ്കിലും എല്ലാം മാറ്റിവെയ്ക്കപ്പെട്ടു. എന്താണ് ബഹിരാകാശത്ത് കുടുങ്ങിയപ്പോയ സുനിത വില്യംസിന് ഭൂമിയിലേക്ക് വരാനുള്ള തടസ്സം. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സുനിത വില്യംസും, ബുച്ച് വിൽമോറും ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ബഹിരാകാശ പദ്ധതികളിൽ സ്വകാര്യ കമ്പനികളുമായി സഹകരിക്കാനുള്ള നാസയുടെ കൊമേഴ്സ്യൽ ക്രൂ പോഗ്രാമിന്റെ പദ്ധതിയുടെ ഭാഗമായായിരുന്നു യാത്ര. ജൂൺ ആറിന് അവിടെയെത്തി 13 ന് മടങ്ങി വരണം എന്നതായിരുന്നു പദ്ധതി. ആദ്യമായാണ് ഈ പേടകത്തിൽ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഒരു യാത്ര നടന്നത്. 13ന് തീരുമാനിച്ച മടക്കം പതിയെ 26 ലേക്ക് നീണ്ടു. സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്കുണ്ടായ തകരാറും ഹീലിയം ചോർച്ചയും ഇരുവരുടെയും ദൗത്യം നീട്ടിക്കൊണ്ടുപോയി. പേടകത്തിനുണ്ടായ തകരാർ എല്ലാവരിലും ആശങ്കയുയർത്തി. ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ്എക്‌സ് കമ്പനിയുടെ ഡ്രാഗൺ പേടകം ഉപയോഗിച്ച് സുനിതയെയും വിൽമോറിനെയും തിരിച്ചെത്തിക്കാനുള്ള സാധ്യതകളൊക്കെ ആലോചിച്ചിരുന്നു എന്നാൽ അതിന്റെ ആവശ്യം ഇല്ലെന്നായിരുന്നു ആദ്യം നാസയുടെയും ബോയിങ്ങിന്റെയും നിലപാട്.

Sunita Williams and Butch Wilmore

70 ദിവസങ്ങൾ പിന്നിട്ട കഴിഞ്ഞതോടെ ആശങ്കകൾ കൂടുകയാണ്. ഇനി 96 മണിക്കൂർ നേരത്തേക്കുള്ള ഓക്സിജനെ സ്റ്റാർലൈനർ പേടകത്തിൽ അവശേഷിക്കുന്നുള്ളു. അതിനകം അവരെ ഭൂമിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത അനിവാര്യമാണ്. ത്രസ്റ്ററുകൾ പ്രവർത്തനരഹിതമായാൽ പേടകം ബഹിരാകാശത്ത് കുടുങ്ങുകയും ഈ അളവ് ഓക്സിജൻ തികയാതെ വരികയും ചെയ്യുമെന്നതും വെല്ലുവിളിയാണ്. പേടകത്തിന്റെ ദിശ നിർണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാർ കാരണം പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നതിൽ വീഴ്ച സംഭവിച്ചാൽ സ്‌റ്റൈർലൈനർ ബഹിരാകാശത്ത് അനിശ്ചിതകാലത്തേക്ക് കുടുങ്ങിയേക്കാം എന്നതും ഭയപ്പെടേണ്ട വിഷയമാണ്.

തുടക്കം മുതലെ തകരാറുകൾ

വിക്ഷേപണ സമയം മുതൽ സ്റ്റാർലൈനർ പേടകത്തിൽ ഹീലിയം വാതക ചോർച്ച കണ്ടെത്തിയിരുന്നു. സാങ്കേതിക തകരാറുകൾ കണ്ടെത്തിയതിനെത്തുടർന്ന് നാല് തവണയാണ് ബോയിങ് സ്റ്റാർലൈനറിന്റെ വിക്ഷേപണം ആദ്യം മാറ്റിവച്ചത്. മേയ് ഏഴിന് ഫ്‌ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽനിന്ന് ഇന്ത്യൻ സമയം രാവിലെ 8.34നു പേടകം വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. വിക്ഷേപണത്തിന് മണിക്കൂറുകൾക്കു മുൻപ് ഓക്സിജൻ റിലീവ് വാൽവ് തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.

Sunita Williams

വെല്ലുവിളിയാകുന്ന ആരോഗ്യം

ഗുരുത്വാകർഷണ ബലമില്ലാതെ ഭാരമില്ലായ്മയിലാണ് മാസങ്ങളായി സുനിത വില്യംസും, ബുച്ച് വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയിരിക്കുന്നത്. ശരീരത്തിലെ ദ്രാവക വിതരണത്തെ ഇത് ബാധിക്കുമ്പോൾ അത് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുന്നു. കണ്ണിന്റെ ഘടനയിലും മാറ്റമുണ്ടാക്കിയേക്കാം. സുനിത വില്യംസിന്റെ കണ്ണിന്റെ ആരോഗ്യം പരിശോധിക്കുന്നതിനായി റെറ്റിന, കോർണിയ, ലെൻസ് എന്നിവയുടെ സ്‌കാനുകൾ നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ബഹിരാശ സഞ്ചാരികളിൽ സാധാരണമാണ്.

ഉയർന്ന അളവിലുള്ള റേഡിയേഷൻ നാഡീവ്യവസ്ഥകളെ ബാധിച്ചേക്കാം. രോഗപ്രതിരോധശേഷി കുറയ്ക്കുന്നതിനാൽ അണുബാധയ്ക്കും സാധ്യതയുണ്ട്. സീറോ ഗ്രാവിറ്റിയിൽ അധികനാൾ നിൽക്കുന്നത് ആരോഗ്യത്തിന് അപകടമാണ്. അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാവാനും, എയ്റോബിക് ശേഷി കുറയ്ക്കാനും കാരണമാകും. ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നമാണ് മാനസികാരോഗ്യം. എത്ര പരിചയമുള്ള ബഹിരാകാശ യാത്രികരാണെങ്കിലും മാനസിക സ്ഥിതി കൃത്യമായിരിക്കണം.

സമയം ചിലവഴിക്കുന്നതെങ്ങനെ

ഭൂമിയിൽ നിന്നും 250 മൈൽ ദൂരെയാണ് സുനിതയും ബുച്ച് വിൽമോറും ഉള്ളത്. ദൈനംദിന കാര്യങ്ങളും ഗവേഷണങ്ങളും നടത്തിയാണ് ഇരുവരും ബഹിരാകാശത്ത് സമയം ചിലവഴിക്കുന്നത്. സൂക്ഷ്മജീവികളെക്കുറിച്ചുള്ള പഠനം, മൈക്രോ ഗ്രാവിറ്റി ജോഗ്സ്, ഉപകരണങ്ങൾ ഘടിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ഇരുവരും ചെയ്യുന്നത്. ഓരോ 24 മണിക്കൂർ കൂടുമ്പോഴും 16 വീതം സൂര്യോദയവും അസ്തമയങ്ങളുമാണ് ഇരുവരും കാണുക.

ഡിഎൻഎ സീക്വൻസിംഗ്, ‘മൂൺ മൈക്രോസ്‌കോപ്പ്’ പരീക്ഷണം, ബഹിരാകാശനിലയിൽ മൂത്രമൊഴിക്കുന്ന സംവിധാനത്തിന്റെ പമ്പ് മാറ്റുന്നത് തുടങ്ങിയ ജോലികളാണ് സുനിതയുടേത്. അതേസമയം, പ്ലംബിംഗ് ഉപകരണങ്ങളുടെ പരിശോധനയൊക്കെയാണ് വിൽമോറിന്റെ പണി. കൂടാതെ ഒപ്റ്റിക്കൽ ഫൈബറുകളുടെ ഉത്പാദനം സംബന്ധിച്ച പരിശോധന, ബഹിരാകാശ നിലയത്തിലെ മൊഡ്യൂൾ വൃത്തിയാക്കൽ, ബഹിരാകാശനിലയത്തിലെ ജലത്തിൽ നിന്ന് സൂക്ഷ്മജീവികളുടെ സാംപിളുകൾ ശേഖരിക്കൽ മുതലായ കാര്യങ്ങളും ഇരുവരും ചേർന്ന് നിർവഹിക്കുന്നതായും നാസ അറിയിച്ചിട്ടുണ്ട്.

Starliner

മടങ്ങി വരവിന് മസ്‌ക് രക്ഷകനാകുമോ

ഇത് ആദ്യമായല്ല ബഹിരാകാശത്ത് യാത്രികർ ഇത്രയധികം ദിവസം കഴിയുന്നത്. റഷ്യൻ ബഹിരാകാശ യാത്രികയായ വലേരി പോളിയാക്കോവ് സോവിയറ്റ് കാലഘട്ടത്തിലെ ബഹിരാകാശ നിലയമായ മിറിൽ തുടർച്ചയായി 438 ദിവസം കഴിഞ്ഞിട്ടുണ്ട്. നിലവിൽ 2025 വരെ മടങ്ങി വരവിനായി സുനിതയും ബുച്ച് വിൽമോറും കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. 2025 ഫെബ്രുവരിയിൽ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ ഇരുവരെയും ഭൂമിയിലേക്ക് തിരിച്ചെത്തിക്കാൻ സാധിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. ബഹിരാകാശ നിലയത്തിലേക്ക് സഞ്ചാരികളേയും ചരക്കും എത്തിക്കാൻ സ്റ്റാർലൈനറിന് സാധിക്കും. ഏഴ് യാത്രികരെ വരെ കൊണ്ടുപോവാൻ സാധിക്കുന്നതാണ് സ്റ്റാർലൈനറെന്നാണ് കമ്പനിയുടെ അവകാശം.

Also read: സുനിതയുടെ മടക്കം സ്റ്റാർലൈനറിലാകില്ല

സ്ത്രീകൾ ഉൾപ്പെടെ നിരവധി ബഹിരാകാശ സഞ്ചാരികൾ 300 ദിവസത്തിലധികം ബഹിരാകാശത്ത് നേരത്തെയും ചിലവഴിച്ചിട്ടുണ്ട്. ആദ്യമായല്ല സുനിതയും ബുച്ച് വിൽമോറും ബഹിരാകാശ യാത്ര നടത്തുന്നത്. മടങ്ങി വരവിന് സമയമാകുമ്പോഴെക്കും 250 ദിവസത്തിലധികം ഇരുവരും ബഹിരാകാശത്ത് നിൽക്കേണ്ടി വരുമെന്നാണ് നാസ അറിയിച്ചത്.

REPORT: ANURANJANA KRISHNA

Top