മോഹൻലാലിന് എന്താ കൊമ്പുണ്ടോ ?; കേരള പോലീസിൻ്റേത് പക്ഷപാതപരമായ നടപടി; ‘തിരക്കഥ’ സിനിമാക്കാരുടേത്

മോഹൻലാലിന് എന്താ കൊമ്പുണ്ടോ ?; കേരള പോലീസിൻ്റേത് പക്ഷപാതപരമായ നടപടി; ‘തിരക്കഥ’ സിനിമാക്കാരുടേത്
മോഹൻലാലിന് എന്താ കൊമ്പുണ്ടോ ?; കേരള പോലീസിൻ്റേത് പക്ഷപാതപരമായ നടപടി; ‘തിരക്കഥ’ സിനിമാക്കാരുടേത്

യുട്യൂബർ അജു അലക്സിനെതിരെ (ചെകുത്താൻ) കർശന നടപടിയിലേക്ക് കടന്ന കേരള പൊലീസ്, ഇത്തരം കേസുകളിലെ നടപടികളിൽ ഇരട്ടത്താപ്പ് നയം പിന്തുടരരുത്. മോഹൻലാലിനെതിരെ അജു അലക്സ് പറഞ്ഞതിനേക്കാൾ രൂക്ഷമായി പല സംഭവങ്ങളിലും പലരും വ്യക്തിഹത്യ നടത്തിയിട്ടുണ്ട്. ഇവരെ ആരെയും പൊലീസ് പിടിച്ചു കൊണ്ട് പോയിട്ടില്ല. അവരുടെ വീടുകളിൽ റെയ്ഡും നടത്തിയിട്ടില്ല.

ഇങ്ങനെ പെരുമാറി ശീലമുള്ള പൊലീസ് മോഹൻലാലിനെതിരായ പരാമർശത്തിൽ മാത്രം മിന്നൽ നടപടിയിലേക്ക് കടന്നത് ഗൂഢാലോചനയുടെ ഭാഗമാണെന്ന് തന്നെ പറയേണ്ടി വരും. ഇതിൽ കൃത്യമായ ഇടപെടൽ നടന്നു എന്നതും വ്യക്തമാണ്. വ്യക്തി ഹത്യയ്ക്ക് ഇരയായി എന്നു പറയപ്പെടുന്ന മോഹൻലാൽ പരാതി നൽകാതെ താര സംഘടനയായ ‘അമ്മ’ യുടെ ജനറൽ സെക്രട്ടറിയായ സിദ്ധിഖ് നൽകിയ പരാതിയിൽ പൊലീസ് കേസ് എടുത്തത് അസാധാരണ നടപടി തന്നെയാണ്.

ഇവിടെ വ്യക്തിഹത്യയ്ക്ക് ഇരയായ നിരവധി പേർ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനുകളിലും സൈബർ വിഭാഗങ്ങളിലും ഇപ്പോഴും കയറി ഇറങ്ങുമ്പോഴാണ് സിദ്ധിഖിൻ്റെ പരാതിയിൽ തിരുവല്ല പൊലീസ് തിടുക്കപ്പെട്ട് ഓവർസ്മാർട്ട് കാണിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത 192, 236 (ബി), കേരള പൊലീസ് ആക്റ്റ് 2011 120(0) വകുപ്പുകള്‍ പ്രകാരമാണ് അജു അലക്സിന് എതിരായി തിരുവല്ല പൊലീസ് കേസ് എടുത്തിരിക്കുന്നത്. മോഹന്‍ലാലിന്‍റെ ആരാധകരില്‍ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്‍റെ പരാമര്‍ശമെന്നാണ് തിരുവല്ല പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നത്.

അറസ്റ്റിലായ പ്രതിയെ കൊച്ചിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങിയിട്ടുണ്ട്. ചെകുത്താന്റെ മൊബൈൽ ഫോണും ട്രൈപ്പോഡും നിലവിൽ പൊലീസ് കസ്റ്റഡിയിലാണുള്ളത്.

നിരൂപണമെന്ന പേരില്‍ സിനിമാപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും താരസംഘടന തീരുമാനിച്ചിട്ടുണ്ട് എന്ന വാർത്തയും ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. മോഹൻലാലിനെതിരെ അജു അലക്സ് എന്തെങ്കിലും പറഞ്ഞത് കൊണ്ടു മാത്രമല്ല ഈ നടപടി. ഇത് സിനിമകൾക്ക് എതിരെ റിവ്യൂ പറയുന്ന അജു അലക്സ് ഉൾപ്പെടെയുള്ള യൂട്യൂബർമാരെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണ്. ഇതിനു പിന്നിൽ കൃത്യമായ തിരക്കഥയുമുണ്ട്. അതിൽ അഭിനയിച്ചവരെയാണ് യഥാർത്ഥത്തിൽ സമൂഹം തിരിച്ചറിയേണ്ടത്.

വ്യക്തിഹത്യ ആര് നടത്തിയാലും അത് തെറ്റാണ് നടപടി ഉണ്ടാകുകയും വേണം. എന്നാൽ വ്യക്തിഹത്യയും വിമർശനവും രണ്ടാണ്. അതും നാം അറിയേണ്ടതുണ്ട്. സോഷ്യൽ മീഡിയകളിലൂടെ പച്ച തെറി പറയുന്ന അനവധി പേരുണ്ട്. അവർ ഇപ്പോഴും അത് തുടരുകയാണ്. ഇത്തരക്കാർക്ക് എതിരെ പൊലീസിന് നൽകിയ പരാതിയിൽ ഒരു കടുത്ത നടപടിയും ഉണ്ടാവാത്തത് കൊണ്ടാണ് ഇപ്പോഴും കേട്ടാൽ അറക്കുന്ന തെറിവിളികളും ഭീഷണികളും വ്യാപകമായി തുടരുന്നത്. അതു കൊണ്ട് തന്നെ മോഹൻലാലിന് എതിരെ എന്തോ പറഞ്ഞു എന്ന് ചൂണ്ടിക്കാട്ടി പിടിച്ചു കൊണ്ടു പോയി മിടുക്ക് കാണിക്കുന്ന പൊലീസിൻ്റെ ഉദ്ദേശശുദ്ധി അത്ര നിഷ്ക്കളങ്കമായി ഒരിക്കലും കാണാൻ കഴിയുകയില്ല.

മോഹൻലാൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റായ മേജർ രവിയെ കൂട്ടി വയനാട് ദുരന്ത സ്ഥലത്ത് പോയതും അവിടെ വച്ച് മേജർ രവി ഉൾപ്പെടെ സെൽഫി എടുത്തതും ശരിയായ നടപടിയല്ല. ഇക്കാര്യം എക്സ് പ്രസ്സ് കേരളയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അത് ഇനിയും പറയുകയും ചെയ്യും. മോഹൻലാൽ ഒരു നടനാണെങ്കിലും അദ്ദേഹത്തിൻ്റെ സമീപകാലത്തെ ചില നീക്കങ്ങൾക്ക് പിന്നിൽ സംഘപരിവാറിൻ്റെ ഇടപെടലുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻ്റായ മേജർ രവിയുടെ ഒപ്പം ദുരന്ത സ്ഥലത്തേക്ക് മോഹൻലാൽ എത്തിയത് എന്ന് സംശയിച്ചാൽ അതിനെ തെറ്റ് പറയാൻ കഴിയുകയില്ല.

ഇവിടെ മന്ത്രിമാരും എം.എൽ.എമാരും മേയറും ഉൾപ്പെടെ സോഷ്യൽ മീഡിയകളിൽ അപമാനിക്കപ്പെട്ടതിന് കേസ് കൊടുത്തിട്ടുണ്ട്. എന്നാൽ തിരുവല്ല പൊലിസ് കാണിച്ചത് പോലെ ഈ പരാതിയിൽ പറഞ്ഞവരെ പൊലീസ് പിടിച്ചു കൊണ്ട് പോയിട്ടില്ല. മോഹൻലാലിൻ്റെ കയ്യിലുള്ള കോടികളും സ്റ്റാറിടവും കണ്ട് ഏതെങ്കിലും പൊലീസ് ഉദ്യാഗസ്ഥൻ്റെ കണ്ണ് മഞ്ഞളിച്ചു പോയെങ്കിൽ അതിനുള്ള നിയമ നടപടി പിന്നാലെ കോടതിയിൽ നിന്നും വരാൻ തന്നെയാണ് സാധ്യത.

സ്റ്റേഷൻ ജാമ്യം കിട്ടേണ്ട കേസിൽ മകനെ പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെക്കുന്നുവെന്ന് ആരോപിച്ച് പൊലീസിനെതിരെ പരാതിയുമായി അജു അലക്സിന്റെ അമ്മ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പേജിലൂടെ മകൻ പറഞ്ഞ കാര്യങ്ങളിൽ തെറ്റില്ലെന്നും അമ്മ മേഴ്സി പറയുന്നു. “മോഹൻലാൽ ദുരന്തഭൂമിയിൽ പോയി സെൽഫിയെടുത്തത് അടക്കമാണ് മകൻ ചോദ്യം ചെയ്തത്. മോഹൻലാലിനെ പ്രീതിപ്പെടുത്താനാണ് സിദ്ദീഖ് പരാതിയുമായി ഇറങ്ങിയതെന്നും” അമ്മ മേഴ്സി തുറന്നടിച്ചിട്ടുണ്ട്.

മകന്റെ അറസ്റ്റിനെതിരെ പൊലീസിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും അമ്മ മേഴ്സി പരാതി നൽകിയിട്ടുണ്ട്. ഇത് ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിൻ്റെ മുന്നോടിയാണ്. രാജ്യത്തെ പൗരൻമാർക്ക് അഭിപ്രായ സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന നൽകുന്നതാണ്. സൈബർ നിയമം ശക്തമായിരുന്ന കാലത്ത് മുംബൈയിൽ ശിവസേന മേധാവി ബാൽ താക്കറെയുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് യുവതികൾ നടത്തിയ അഭിപ്രായ പ്രകടനത്തിന് അവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതിനെതിരായ ഹർജിയെ തുടർന്നാണ് ഈ കർശന നിയമത്തിൽ കോടതി ഭേദഗതി വരുത്തിയിരുന്നത്. സിദ്ധിഖിൻ്റെ പരാതിയിൽ ചാടി പുറപ്പെട്ട പൊലീസുകാർ ഈ യാഥാർത്ഥവും മനസ്സിലാക്കുന്നത് നല്ലതാണ്.

നിലവിലെ സൈബർ നിയമത്തിൽ കടുത്ത നടപടികൾക്ക് വകുപ്പില്ലാത്തത് ദുരുപയോഗം ചെയ്യുന്ന അനവധി പേർ ഈ കേരളത്തിൽ ഉണ്ട്. കേട്ടാൽ അറക്കുന്ന തരത്തിൽ പ്രതികരണം നടത്തുന്ന ഇവർക്കൊക്കെ എതിരെ ഇത്തരം നടപടി എടുത്ത ശേഷമാണ് അജു അലക്സിനെതിരെ നടപടി എടുത്തിരുന്നതെങ്കിൽ ഒരു വാദത്തിന് വേണ്ടിയെങ്കിലും പൊലീസിന് പറഞ്ഞ് നിൽക്കാമായിരുന്നു. എന്നാൽ ഇവിടെ ‘കാള പെറ്റു എന്ന് അറിഞ്ഞപ്പോൾ കയറെടുക്കാൻ’ ഓടിയവൻ്റെ മാനസികാവസ്ഥയാണ് പൊലീസ് കാണിച്ചിരിക്കുന്നത്. പക്ഷപാതപരമായ നിലപാടാണിത്. അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

EXPRESS KERALA VIEW

Top