തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; യെച്ചൂരി ഇനി ഓര്‍മ

കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ഈ വിരോധാത്മക പ്രസ്താവനയുടെ മറുപുറമാണ് യെച്ചൂരി. ഇന്ത്യയുടെ മത നിരപേക്ഷ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ വിദ്വേഷ നയരൂപീകരണങ്ങളോട് സന്ധിയില്ലാ സമരം നടത്തിയ നേതാവ്

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; യെച്ചൂരി ഇനി ഓര്‍മ
തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല; യെച്ചൂരി ഇനി ഓര്‍മ

രു ഇടതുപക്ഷ- സോഷ്യലിസ്റ്റ് ജനാധിപത്യ ബോധ്യത്തിന് ജനാധിപത്യക്രമത്തില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നതിന്റെ മറുപടിയാണ് സഖാവ് സീതാറാം യെച്ചൂരി. ‘കമ്മ്യൂണിസം എന്നാല്‍ ഉട്ടോപ്യന്‍ ചിന്തയാണ്. അതില്‍ വിശ്വസിക്കുന്നവര്‍ വിഡ്ഢികളാണ്. കമ്മ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ഈ വിരോധാത്മക പ്രസ്താവനയുടെ മറുപുറമാണ് യെച്ചൂരി. ഇന്ത്യയുടെ മത നിരപേക്ഷ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ വിദ്വേഷ നയരൂപീകരണങ്ങളോട് സന്ധിയില്ലാ സമരം നടത്തിയ നേതാവ്. രാഷ്ട്രീയം എങ്ങനെയാണ് പ്രായോഗിക ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് പഠിപ്പിച്ച നേതാവ്.

യച്ചൂരിയുടെ വിടവാങ്ങലില്‍ രാജ്യത്തിന് നഷ്ടമായത് ലോകം കണ്ട ഏറ്റവും സമര്‍ഥനായ സ്വതന്ത്ര ജനാധിപത്യ നേതാവിനെയാണ്. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസില്‍ ചികിത്സയിലായിരിക്കെയാണ് വിടവാങ്ങല്‍. സിപിഐഎം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ മൂന്നാംയുഗം പൂര്‍ത്തിയാക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഈ വിയോഗം.

Indira Gandhi

സോഷ്യലിസ്റ്റ് ബ്ലോക്കിന്റെ തകര്‍ച്ചയും ഇന്ത്യയിലെ ഹിന്ദുത്വ വലതുപക്ഷത്തിന്റെ ഉയര്‍ച്ചയും കണ്ട് പകച്ചുപോയ ഇടതുപക്ഷ യുവത്വത്തിന് ദിശാബോധം നല്‍കിയ നേതാവാണ് യെച്ചൂരി. ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ജെ എന്‍ യു വിലെ പഠനകാലത്താണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളെയും ജനാധിപത്യത്തെ തന്നെയും തൂക്കിലേറ്റിയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ പോലീസിനെയും പട്ടാളക്കൂട്ടങ്ങളെയും വകവയ്ക്കാതെ എണ്ണൂറിലേറെ വിദ്യാര്‍ത്ഥികളെയും കൊണ്ട് മാര്‍ച്ച് നടത്തി ഇന്ദിരാഗാന്ധിയുടെ ജെഎന്‍യു ചാന്‍സിലര്‍ സ്ഥാനം രാജിവയ്പ്പിച്ച ധീര സഖാവാണ് യെച്ചൂരി.

സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഡല്‍ഹിയില്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ബിരുദം നേടിയതിന് ശേഷമാണ് ജെ എന്‍യു വില്‍ എത്തുന്നത്. അടിയന്തരാവസ്ഥയ്‌ക്കെതിരെയുള്ള ചുവന്ന സമരത്തെത്തുടര്‍ന്ന് അദ്ദേഹം ജയിലിലുമായി. അതേ കാലയളവിലാണ് ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതും. മൊറാര്‍ജി ദേശായി സര്‍ക്കാരും യെച്ചൂരിയെ ജയിലിലടച്ചിട്ടുണ്ട്. അക്കാലത്ത് ഇറാന്‍ ഭരണ മേധാവി ഇന്ത്യാ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധിച്ച ഇറാനിയന്‍ വിദ്യാര്‍ത്ഥികളെ ഡീപോള്‍ ചെയ്യുന്നതിനെതിരെ നടത്തിയ സമരത്തില്‍ അദ്ദേഹത്തിന് പി ജി പഠനം പാതിയില്‍ ഉപേക്ഷിക്കേണ്ടി വന്നു. 1978 ല്‍ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട യച്ചൂരി അതേവര്‍ഷം തന്നെ എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1985-ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതല്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായി. അന്താരാഷ്ട്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന എഡിറ്ററുമായിരുന്നു അദ്ദേഹം. ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ പൊള്ളത്തരങ്ങള്‍ തുറന്നുകാണിക്കുന്ന നിരവധി രചനകള്‍ യെച്ചൂരിയുടെ തൂലികയില്‍ നിന്ന് പിറന്നു. ‘ആഗോളവല്‍ക്കരണ കാലത്തെ സോഷ്യലിസം’ എന്ന പുസ്തകം ഇതിനൊരുദാഹരണമാണ്.

CPIM

ഇന്ത്യയിലെ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായി അദ്ദേഹത്തെ എതിര്‍ ചേരികള്‍ പോലും അംഗീകരിക്കുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന പോലെ ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകനായിരുന്നു യെച്ചൂരി. സ്ഥാനമാനങ്ങള്‍ മോഹിച്ച് പാര്‍ട്ടി ചാടികളിക്കുന്ന നിലപാടില്ലാത്ത രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഈ ജീവിതകാലമത്രയും പച്ചയായ കമ്മ്യൂണിസ്റ്റുകാരനായി അദ്ദേഹം തുടര്‍ന്നു. മുന്നണി രാഷ്ട്രീയത്തിലെ സാധ്യതകളെ ബദലുകള്‍ നിര്‍മിക്കുന്നതിന് ഉപാധിയാക്കി അദ്ദേഹം. ഇടത് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്നതിലുപരി ദേശീയ തലത്തില്‍ ബി ജെ പി ഇതര കക്ഷികളുടെ സഖ്യങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ യച്ചൂരി എന്നും മുന്‍നിരയിലുണ്ടായിരുന്നു.

രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളെ അവഗണിച്ചുകൊണ്ട് 2019 ഡിസംബറില്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തില്‍ ഡല്‍ഹിയിലെ പോലീസ് ജീപ്പില്‍ നിന്നുകൊണ്ട് സംസാരിക്കുന്ന യെച്ചൂരിയെ, നേപ്പാളിലെ പ്രമുഖ മാവോയിസ്റ്റ് നേതാക്കളെ ആയുധം വെച്ച് ജനാധിപത്യ രീതി സ്വീകരിക്കാന്‍ പ്രചോദിപ്പിച്ച യെച്ചൂരിയെ, പിണറായി -വി എസ് തര്‍ക്കത്തില്‍ വി എസ്സിനെ അനുനയിപ്പിച്ച് അദ്ദേഹം മുന്നോട്ടുവച്ച പ്രശ്നങ്ങളെ പാര്‍ട്ടിയെക്കൊണ്ട് പരിഹാരമുണ്ടാക്കിയ നേതാവിനെയും നമുക്ക് മറക്കാന്‍ കഴിയില്ല.

ലളിതമായ വസ്ത്രധാരണ രീതികൊണ്ടും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തനം കൊണ്ടും ജനങ്ങളുടെ നേതാവായിരുന്നു യെച്ചൂരി. പാര്‍ട്ടി മുന്നോട്ടുവച്ച പല സ്ഥാനങ്ങളും സ്നേഹത്തോടെ നിരസിച്ചു. എസ് എഫ് ഐ, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എന്നും മാര്‍ഗനിര്‍ദേശകനും സുഹൃത്തുമായി. ഇതിനൊക്കെ പുറമെ നല്ലൊരു ഭാഷാപ്രേമി കൂടിയായിരുന്നു. പാര്‍ലമെന്റ് പ്രസംഗങ്ങളില്‍ വ്യക്തതക്കുറവ് വരുമ്പോള്‍ പ്രാദേശിക ഭാഷകളില്‍ അതിന് വ്യക്തതവരുത്തിയും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. സാധാരണക്കാരുടെ പ്രശ്നങ്ങളെ മനസ്സിലാക്കി നയരൂപീകരണം നടത്തി. ദേശീയ തൊഴിലുറപ്പ് പദ്ധതി ഇതിനുദാഹരണമാണ്.

Also read: ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ

പല രാഷ്ട്രീയ പാര്‍ട്ടികളും അയോദ്ധ്യ ഉദ്ഘാടന ചടങ്ങിലെ ക്ഷണത്തെക്കുറിച്ച് മൗനം പാലിച്ചപ്പോള്‍ യെച്ചൂരി ഒറ്റവാക്കില്‍ നിലപാട് വ്യക്തമാക്കി. ബിജെപി വിരുദ്ധ ചേരിയെ ശക്തിപ്പെടുത്തി കഴിഞ്ഞ തിരഞ്ഞെടുപ്പിലും പ്രവര്‍ത്തനങ്ങള്‍ നടത്തി. അധികാരം അദ്ദേഹത്തെ ഒരിക്കലും മോഹിപ്പിച്ചില്ല. സേച്ഛ്വാധിപതിയെന്നോ, അഴിമതിക്കാരാണെന്നോ ഒരിക്കല്‍ പോലും കേള്‍പ്പിച്ചിട്ടില്ല. 90 കള്‍ക്ക് ശേഷം ബിജെപി വളര്‍ന്നുവന്ന സാഹചര്യത്തില്‍ ചെറുത്തുനില്‍പ്പിനായി പാര്‍ട്ടിക്കകത്ത് വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തി. സിപിഎമ്മിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നതിലും രാഷ്ട്രീയ കരുനീക്കങ്ങളിലും സുപ്രധാന പങ്കുവഹിച്ചു. ചെറുതും വലുതുമായ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അസാധ്യമെന്ന് തോന്നിയ രാഷ്ട്രീയസഖ്യം രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ചവരില്‍ യെച്ചൂരിയുമുണ്ട്.

മതനിരപേക്ഷ ജനാധിപത്യ രാജ്യത്തിനായി നിരന്തരം സമരം നടത്തിയ നേതാവായിരുന്നു സീതാറാം യെച്ചൂരി. എങ്ങനെയാണ് വര്‍ഗീയതയോട് പോരാടേണ്ടതെന്ന ചോദ്യത്തിന് ‘ഒത്തുതീര്‍പ്പില്ലാതെ മത നിരപേക്ഷ നിലപാടുകള്‍ നിരന്തരം ഉയര്‍ത്തിപ്പിടിക്കുകയാണ്, മതത്തെ രാഷ്ട്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വേണ്ടതെന്ന്’ ഉപദേശിച്ച ജനനായകനാണ് യെച്ചൂരി എന്ന ധീര സഖാവ്.

REPORT: BAHIRA K

Top