മിനി ക്ലൗഡ് ബേസ്റ്റ് എന്നത് ഒരു ചെറിയ പ്രദേശത്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ സംഭവിക്കാവുന്ന പ്രാദേശികവൽക്കരിച്ച, തീവ്രമായ മഴയെ സൂചിപ്പിക്കുന്ന വാക്കാണ്. ഇത് പലപ്പോഴും പെട്ടെന്നുള്ളതും തീവ്രമായതുമായ വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നു. ഈ വാക്കുമായി നമുക്ക് ഇന്ന് വളരെ ബന്ധമുണ്ട്.
പ്രളയം പഠിപ്പിച്ച പാഠം
ഒരുപാട് ജീവനുകളാണ് 2018 ലെ ആദ്യ പ്രളയം കൊണ്ടുപോയത്. കൂടാതെ വലിയ നാശനഷ്ടങ്ങൾ വരുത്തി, ഒരുപാട് പേരെ അനാഥരാക്കിയാണ് ആ പ്രളയം കടന്നുപോയത്. തീർച്ചയായും അത് കേരളീയർക്ക് ആദ്യ അനുഭവമായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾക്കും വീടുകൾക്കും കേടുപാടുകൾ വരുത്തുകയും ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുകയും ചെയ്ത പ്രളയം 2019 ലും ആവർത്തിച്ചു.
കേരളത്തിലെ വർഷകാലം ഇപ്പോൾ ഭീതി നിർഭരമാണ്. കാരണം പെട്ടെന്നുള്ള അതി തീവ്രമഴയും അത് ഉണ്ടാക്കുന്ന പ്രളയവും കേരളത്തെ അത്രയും ഭയപ്പെടുത്തുന്നുണ്ട്. കൂടാതെ കേരളം കൂടുതൽ കൂടുതൽ പരിസ്ഥിതി ലോല മേഖല ആവുന്നുണ്ട് എന്ന ഭയപ്പെടുത്തുന്ന, കൂടുതൽ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യവുമാണ് ഓരോ ദുരന്തങ്ങളും നമുക്ക് കാണിച്ചു തരുന്നത്.
പ്രളയം ആവർത്തിക്കുന്നത് എന്തുകൊണ്ട് ?
റിപ്പോർട്ടുകൾ അനുസരിച്ച്, 2019ൽ ഉരുൾപൊട്ടലുണ്ടായ കവളപ്പാറ, പുത്തുമല മേഖലകൾക്ക് മൂന്നു കിലോമീറ്റർ മാത്രം അകലെയാണ് മുണ്ടക്കൈയും, ചൂരൽമലയും. പൊതുവേ മണ്ണിടിച്ചിൽ സാധ്യതയുള്ള അതീവ പരിസ്ഥിതി ലോല മേഖലയാണിത്. അതിനൊപ്പം കനത്തമഴ കൂടിയായതാണ് ഉരുൾ പൊട്ടലിന് കാരണം. 2019ൽ കവളപ്പാറ ദുരന്തത്തിന് പിന്നാലെ നടത്തിയ പഠനത്തിൽ തെക്കുകിഴക്കൻ അറബിക്കടലിനു മുകളിൽ മേഘങ്ങളുടെ കട്ടി കട്ടികൂടുന്നതാണ് കനത്തമഴയ്ക്കും തുടർന്ന് ഉണ്ടാക്കുന്ന ഉരുൾപൊട്ടലിനും പ്രധാന കാരണങ്ങളിൽ ഒന്നെന്ന് പഠനങ്ങളിൽ കണ്ടെത്താനായിരുന്നു. 2019ലെ ദുരന്തത്തിന്റെ കാരണങ്ങളിൽ ഒന്ന് ഇതായിരുന്നു. അന്ന് ചക്രവാതച്ചുഴിയും രൂപപ്പെട്ടിരുന്നു.
ബ്രിട്ടീഷുകാരുടെ കാലം മുതൽ തന്നെ ഈ പ്രദേശം ജനവാസത്തിന് അനുയോജ്യമല്ലാത്തതും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലും കാരണമാകുന്ന മേഖലയായാണ് കണക്കാക്കിയിരുന്നത്. പണ്ടുകാലത്ത് ഇവിടെ ആരും താമസിച്ചിരുന്നില്ല. അടുത്ത കാലത്താണ് കുടിയേറ്റത്തിന്റെ ഭാഗമായി ആളുകൾ എത്തുന്നത്. കാട് വെട്ടിത്തെളിച്ച് തേയിലത്തോട്ടങ്ങളാക്കിയ പ്രദേശമാണിത്. തോട്ടംതൊഴിലാളികളാണ് ഏറെയും താമസിക്കുന്നത്. ടൂറിസത്തിന്റെ ഭാഗമായി ഇപ്പോൾ ചില റിസോർട്ടുകളും എത്തിയിട്ടുണ്ട്.കാലാവസ്ഥയിലുണ്ടായ മാറ്റമാണ് അധികമഴയ്ക്ക് കാരണമായിരിക്കുന്നത്. തിങ്കളാഴ്‌ച രാത്രി (ജൂലൈ 29) തുടങ്ങിയ മഴ ഇതുവരെ തോർന്നിട്ടില്ല. വയനാട് പുത്തുമലയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 372 മില്ലിമീറ്റർ മഴയാണ് പെയ്തിരിക്കുന്നത് ഒറ്റദിവസംകൊണ്ട് അത്രയും മഴ പെയ്യുമ്പോൾ അത് താങ്ങാൻ അനുയോജ്യമായതല്ല നമ്മുടെ ഭൂപ്രകൃതി. ജുലൈ മാസത്തിൽ ലഭിക്കേണ്ട മഴയേക്കാൾ ഇരട്ടിയിലധികം മഴയാണ് ഇവിടെ ലഭിച്ചിരിക്കുന്നത്.
ഇന്ന് ഇത്തരം സംഭവങ്ങൾ, പ്രാദേശികവൽക്കരിക്കപ്പെട്ടിരിക്കുമ്പോൾ, ഒരു പ്രദേശത്തെ ഒന്നാകെ ഉരുൾപൊട്ടലിനാൽ ഉള്ളുലക്കുമ്പോൾ,നാളെ അത് കേരളം മുഴുവൻ സംഭവിക്കുമോ എന്നത് നിർണായക ചോദ്യമാണ്. തീവ്രമായ കാലാവസ്ഥാ പാറ്റേണുകൾക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ ദുർബലത ഉയർത്തിക്കാട്ടുകയും ഫലപ്രദമായ ദുരന്ത നിവാരണത്തിൻ്റെയും പ്രതികരണ തന്ത്രങ്ങളുടെയും ആവശ്യകതയെ ഉയർത്തിക്കാട്ടി ഓരോ ദുരന്തവും വീണ്ടും വീണ്ടും നമുക്ക് മേൽ എന്തോ അടിവരയിടുന്നുണ്ട് !