മുംബൈ: വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിക്കായി പാകിസ്താനിലേക്ക് തങ്ങൾ ഇല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതോടെ വെട്ടിലായിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി). സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഹൈബ്രിഡ് മോഡലിൽ ടൂർണമെന്‍റ് സംഘടിപ്പിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഐ.സി.സി അംഗീകരിച്ചെങ്കിലും അതിന് ശക്തമായ എതിപ്പുമായി പി.സി.ബി രംഗത്തുവന്നിട്ടുണ്ട്. അതേസമയം വേദി അനിശ്ചിതത്വം വന്നതോടെ ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെ നടത്താൻ നിശ്ചയിച്ചിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയുടെ ഫിക്സ്ചർ ഇടാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും ഏറെ ശ്രദ്ധേയമാണ്.
ഒരു ഐ.സി.സി ടൂർണമെന്‍റിന് വേദിയാകാൻ പാകിസ്താൻ ഒരുങ്ങുന്നത് 1996ലെ ലോകകപ്പിനു ശേഷം ആദ്യമായാണ്. എന്നാൽ നിഷ്പക്ഷ വേദി പരിഗണിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പി.സി.ബിക്ക് വലിയ തലവേദനയായി. ഹൈബ്രിഡ് മോഡലിന് പി.സി.ബി തയാറല്ലെങ്കിൽ പാകിസ്താനിൽ നിന്ന് വേദി മാറ്റാനുള്ള തയാറെടുപ്പ് നടക്കുന്നതായും നിലവിൽ റിപ്പോർട്ടുണ്ട്. ദക്ഷിണാഫ്രിക്കയും യു.എ.ഇയും പരിഗണനയിലുള്ളതായാണ് വിവരം. വേദി മാറ്റിയാൽ പാകിസ്താന് കോടികളുടെ നഷ്ടം വരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Also Read: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ട്വന്റി 20 മത്സരം ഇന്ന്
ഇന്ത്യക്ക് സുരക്ഷാ ആശങ്ക
പ്രതിഷേധം കനക്കുമ്പോൾ മറ്റെവിടേക്കെങ്കിലും വേദി മാറ്റിയാൽ ടൂർണമെന്‍റിൽ പാകിസ്താൻ ടീം പങ്കെടുക്കില്ലെന്നും പി.സി.ബി പ്രതികരിച്ചിരുന്നു. ഹോസ്റ്റിങ് ഫീസായി മാത്രം 65 മില്യൻ യു.എസ് ഡോളറാണ് (ഇന്ത്യൻ രൂപ 548.62 കോടി) പാകിസ്താന് ഐ.സി.സിയിൽനിന്ന് ലഭിക്കുക. എന്നാൽ വേദി മാറ്റിയാൽ ഈ തുക ലഭിക്കില്ല. എന്നാൽ അത് ഐ.സി.സി ഫണ്ടിങ്ങിനെ ബാധിക്കാൻ സാധ്യതയുണ്ട്. പി.സി.ബിക്കുമേൽ ഐ.സി.സി ഉപരോധമേർപ്പെടുത്തുകയോ ഫണ്ട് വെട്ടിക്കുറക്കുകയോ ചെയ്താൽ വൻ തിരിച്ചടിയാകും. ഇന്ത്യയോ പാകിസ്താനോ വിട്ടുനിന്നാൽ ഐ.സി.സിക്കും തിരിച്ചടിയാകും. മത്സരങ്ങൾ കാണാനുള്ള കാണികൾ കുറയുന്നതു മുതൽ പരസ്യ വരുമാനത്തെ വരെ ടീമുകളുടെ ഈ പിന്മാറ്റം ബാധിക്കും.
Also Read: രഞ്ജി ട്രോഫിയിൽ ഇന്ന് കേരളം- ഹരിയാന ഏറ്റുമുട്ടൽ
അതേസമയം പാകിസ്താൻ സന്ദർശിക്കുന്നതിൽ ടീം ഇന്ത്യക്ക് എന്താണ് തടസ്സമെന്ന കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പി.സി.ബി ഐ.സി.സിക്ക് കത്ത് നൽകിയിട്ടുണ്ട്. ന്യൂസീലൻഡ്, ഇംഗ്ലണ്ട്, ആസ്ട്രേലിയ ഉൾപ്പെടെയുള്ള ടീമുകൾ പലപ്പോഴായി പാകിസ്താനിലെത്തി പരമ്പരകൾ കളിച്ചിട്ടുണ്ട്. എന്നാൽ അവർക്കാക്കും ഇല്ലാത്ത സുരക്ഷാ ആശങ്ക ഇന്ത്യക്ക് എന്തിനാണെന്ന് പി.സി.ബി ചോദിക്കുന്നു. ഹൈബ്രിഡ് മോഡൽ വേണമെന്ന് ഇന്ത്യയും, പറ്റില്ലെന്ന് പാകിസ്താനും വ്യക്തമാക്കുന്നതോടെ വേദിയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തിൽ ഇനി ഐ.സി.സിയുടെ തീരുമാനമാകും നിർണായകമാകുക.