തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനര്‍ ബി.ജെ.പി പ്രഭാരിയുമായി നടത്തിയ ചര്‍ച്ച മറച്ചു വെക്കാനാണ് തനിക്കെതിരായ വര്‍ഗീയ ആരോപണമെന്ന് വടകര യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. എന്തിനാണ് മുഖ്യമന്ത്രി ബി.ജെ.പി പ്രഭാരിയുമായി ചര്‍ച്ച നടത്തിയത് എന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
അത് ഒരു മനുഷ്യക്കുഞ്ഞ് അറിയാതെ നടത്തിയ രഹസ്യ ചര്‍ച്ചയാണ്. അത് ആസൂത്രിതമാണ്. ഇതിന് കൃത്യമായ ഉത്തരം പറയാതെ തന്റെ മേല്‍ വര്‍ഗീയ ചാപ്പ അടിച്ചത് കൊണ്ട് കാര്യമില്ല. ആ ചാപ്പയുടെ പരിപ്പ് ഇനി വേവില്ല. മതത്തിന്റെ പ്ലസ് വേണ്ട എന്ന് താന്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പറഞ്ഞു. തലയില്‍ മുണ്ടിട്ടാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ഇപ്പോള്‍ നില്‍ക്കുന്നത്. വടകര വര്‍ഗീയ ധ്രുവീകരണത്തിന് നിന്നു കൊടുത്തിട്ടില്ല. വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ് ജനകീയ ക്യാമ്പയിന്‍ നടത്തും.
ജാവ്‌ദേക്കര്‍-പിണറായി കൂടിക്കാഴ്ചയുടെ അജണ്ട എന്താണ്? ആര്‍ക്കാണ് ഗുണം? എന്തിനാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും ബിജെപിയും ഈ കൂടിക്കാഴ്ച രഹസ്യമാക്കിയത്. വടകരയിലെ ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്. സി.പി.ഐ.എം എന്ത് അധിക്ഷേപം നടത്തിയാലും പൊലീസിന്റെ കാഴ്ച നഷ്ടപ്പെടും. വ്യാജ വാട്‌സപ്പ് നിര്‍മ്മിതിയുടെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കണം എന്നാണ് അവര്‍ പറയുന്നത്. പരസ്പര ധാരണയും ഡീലിങ്‌സിനും അല്ലാതെ എന്തിനാണ് രഹസ്യ കൂടിക്കാഴ്ച നടത്തിയത് എന്നും അദ്ദേഹം ചോദിച്ചു.