ഹേമ കമ്മറ്റി റിപ്പോർട്ടിന് എന്ത് വിശ്വാസ്യത ? മൊഴി നൽകിയതിന് പിന്നിലും ‘തിരക്കഥയോ’

ഹേമ കമ്മറ്റി റിപ്പോർട്ടിന് എന്ത് വിശ്വാസ്യത ? മൊഴി നൽകിയതിന് പിന്നിലും ‘തിരക്കഥയോ’
ഹേമ കമ്മറ്റി റിപ്പോർട്ടിന് എന്ത് വിശ്വാസ്യത ? മൊഴി നൽകിയതിന് പിന്നിലും ‘തിരക്കഥയോ’

ഹേമ കമ്മിറ്റി റിപ്പോർട്ടാണ് ഇപ്പോൾ കേരളത്തിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. റിപ്പോർട്ടിൻ്റെ പുറത്ത് വന്ന പകർപ്പ് ഉപയോഗിച്ച് വൻ ചാനൽ യുദ്ധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. അതീവ വൈകാരികത ഉയർത്തി സിനിമാ മേഖല മൊത്തം കുഴപ്പമാണെന്ന തരത്തിലാണ് ചാനൽ ചർച്ചകൾ മുന്നോട്ട് പോകുന്നത്. വില്ലൻമാരുടെ പേരുകൾ പരസ്യമായി പറഞ്ഞിട്ടില്ലെങ്കിലും സൂപ്പർ താരങ്ങൾ മുതൽ പ്രമുഖ സംവിധായകരെയും നിർമ്മാതാക്കളെയും എല്ലാം സംശയത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് മാധ്യമങ്ങൾ വേട്ടയാടുന്നത്. തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് സോഷ്യൽ മീഡിയകളിൽ സൂപ്പർ താരങ്ങളെ ഉൾപ്പെടെ മുൻനിർത്തി വലിയ ചർച്ചകളും പൊടിപൊടിക്കുന്നുണ്ട്.

സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനുള്ള വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. അവസാന നിമിഷം വരെ കോടതി ഇടപെടലിൽ സ്റ്റേ നേടാൻ ശ്രമം നടന്നിരുന്നെങ്കിലും അതൊന്നും തന്നെ വിലപ്പോയിരുന്നില്ല. ഹേമ കമ്മറ്റി റിപ്പോർട്ടിലെ 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളുമാണ് വിവരാവകാശ കമ്മിഷൻ്റെ നിർദ്ദേശം അനുസരിച്ച് ഒഴിവാക്കിയിരിക്കുന്നത്. ഇതിൻ്റെ അനുബന്ധവും പുറത്തുവിട്ടിട്ടില്ല. പുറത്ത് വന്നതിൽ തന്നെ ഇതാണ് വിവാദമെങ്കിൽ ഒഴിവാക്കിയ ഭാഗങ്ങൾ കൂടി പുറത്ത് വന്നാൽ എന്തായിരിക്കും ചർച്ചകൾ എന്നത് സങ്കൽപ്പിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.

2017 ജൂലായ് ഒന്നിനാണ് മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ സർക്കാർ നിയമിച്ചിരുന്നത്. രണ്ടരവർഷത്തിന് ശേഷം 2019 ഡിസംബർ 31നാണ് അന്തിമ റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട്, നടിക്കൊപ്പം നിലയുറപ്പിച്ച വുമൺ കളക്ടീവ് ഇൻ സിനിമയുടെ പ്രവർത്തകരാണ് പ്രധാനമായും ഹേമ കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയിരുന്നത്. മഞ്ജു വാര്യർ തുടക്കത്തിൽ ഈ സംഘടനക്കൊപ്പം നിലയുറപ്പിച്ചിരുന്നു എങ്കിലും ഇപ്പോൾ അതിനോട് അകലം പാലിച്ചിരിക്കുകയാണ്. മലയാള സിനിമയിൽ അവസരം ലഭിക്കാത്തവരുടെ കൂട്ടമായി വുമൺ കളക്ടീവ് ഇൻ സിനിമയിലെ അംഗങ്ങൾ മാറിയതോടെ അവരുടെ ദേഷ്യംകൂടി ഹേമ കമ്മിറ്റിക്ക് നൽകിയ മൊഴിയിൽ പ്രതിഫലിച്ചിട്ടുണ്ടോ എന്ന സംശയവും ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.

യാതൊരു തെളിവുകളുടെ പിൻബലവും ഇല്ലാത്ത ആരോപണങ്ങൾ മുൻ നിർത്തി, ഹേമ കമ്മിറ്റി റിപ്പോർട്ടായി നൽകിയാൽ, അതിന് ഇത്ര വലിയ പ്രാധാന്യം നൽകേണ്ടതുണ്ടോ എന്ന ചോദ്യം പൊതു സമൂഹത്തിനിടയിലും ഉയർന്നു തുടങ്ങിയിട്ടുണ്ട്. മലയാളി സിനിമയിൽ വലിയ കോളിളക്കത്തിന് വഴിവെക്കുന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. സിനിമയുടെ മറവിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് കേട്ട് ഞെട്ടി എന്ന് തുറന്നെഴുതിയിരിക്കുകയാണ് ഹേമ കമ്മിറ്റി. നടിമാരുടെ വാതിൽ മുട്ടുന്നത് പതിവ് വാതിൽ തുറന്നില്ലെങ്കിൽ ശക്തമായി ഇടിക്കും. സഹകരിച്ചില്ലെങ്കിൽ റീടേക്കുകൾ എടുപ്പിച്ച് ബുദ്ധിമുട്ടിക്കുകയാണ്. നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ടതല്ലെന്നും മലയാള സിനിമ നിയന്ത്രിക്കുന്നത് ക്രിമിനൽ സംഘമാണെന്നും മൊഴികൾ ഉണ്ട്. പേടി കാരണമാണ് പലരും പരാതികൾ തുറന്നുപറയാൻ മടിക്കുന്നതത്രെ.

സെറ്റുകളിൽ ഒറ്റയ്ക്ക് പോകുക പ്രയാസമാണ്. വീട്ടിൽ നിന്ന് ആരെയെങ്കിലും കൂട്ടി പോകാതെ സുരക്ഷിതമല്ല. ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റിയെ പോലും ഭീഷണിപ്പെടുത്തുന്ന കാര്യങ്ങളാണ് മലയാള സിനിമയിൽ നടക്കുന്നത് എന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. കാസ്റ്റിംഗ് കൗച്ച് മലയാള സിനിമയിലുള്ളതായും മൊഴികളിലുണ്ട്. നിയമപരമായുള്ള പ്രശ്‌ന പരിഹാര സംവിധാനം മലയാള സിനിമയിൽ വരണമെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സിനിമാ മേഖല മാഫിയയുടെ പിടിയിലാണെങ്കിലും അവസരം ലഭിക്കാൻ വഴങ്ങണമെന്ന തിട്ടൂരമുണ്ടെങ്കിലും എന്ത് കൊണ്ട് ഇവരാരും അപ്പോൾ പരാതിപ്പെട്ടില്ല എന്നതിനും മറുപടി വേണം. ഇടതുപക്ഷം ഭരിച്ചാലും വലതുപക്ഷം ഭരിച്ചാലും സ്ത്രീകളോട് മോശമായി പെരുമാറിയാൽ ഒരു പ്രതിയും സംരക്ഷിക്കപ്പെടില്ല. അതാണ് കേരളത്തിൻ്റെ പ്രത്യേകത.

ഇനി അതുമല്ലങ്കിൽ ഇത്തരക്കാരെ തുറന്നു കാട്ടാൻ എത്രയോ മാർഗ്ഗങ്ങൾ വേറെയുമുണ്ട്. സഹപ്രവർത്തകരോടോ സിനിമാ സംഘടനകൾക്ക് മുന്നിലോ പരാതി നൽകാൻ തയ്യാറാവാത്തവരാണ് സിനിമയിൽ നിന്നും ഔട്ടായി പോകും എന്ന ഘട്ടമെത്തിയപ്പോൾ സംഘടിച്ച് സംഘടന ഉണ്ടാക്കി, ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകിയിരിക്കുന്നത്. ഈ ചങ്കൂറ്റം ആരെങ്കിലും മോശമായി പെരുമാറിയെങ്കിൽ അവിടെ വച്ച് കാണിക്കണമായിരുന്നു. പൊലീസിൽ പരാതിപ്പെടാൻ താൽപ്പര്യമില്ലങ്കിൽ നിങ്ങൾക്ക് പ്രിയപ്പെട്ട മാധ്യമ പ്രവർത്തകരോട് കാര്യങ്ങൾ പറയാമായിരുന്നു. ആവശ്യമുള്ളിടത്തും ഇല്ലാത്തയിടത്തും കണ്ണ് തുറന്ന് ഇരിക്കുന്ന മാധ്യമ കണ്ണുകൾക്ക് മുന്നിൽ പോലും വരാൻ തയ്യാറാകാതെ പ്രത്യേക സാഹചര്യത്തിൽ നൽകപ്പെട്ട മൊഴികളുടെ അടിസ്ഥാനം എന്താണെന്നത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്.

സിനിമാ മേഖല മാഫിയയുടെ പിടിയിലാണെന്നും അവസരം ലഭിക്കാൻ വഴങ്ങണമെന്ന തിട്ടൂരമുണ്ടെന്നും പറയുന്നവരെ ആരെങ്കിലും നിർബന്ധിച്ച് സിനിമയിൽ അഭിനയിക്കാൻ കൊണ്ട് പോയതാണോ എന്ന ചോദ്യത്തിന് കൂടി മറുപടി പറയണം. സിനിമാ മേഖലയെ നിയന്ത്രിക്കുന്ന സംഘടനകളുടെ തലപ്പത്ത് ഉള്ളവരെ ഈ നാടിനും നാട്ടുകാർക്കും മാധ്യമ പ്രവർത്തകർക്കും അറിയാവുന്നതാണ്. അവരാരും തന്നെ മാഫിയകളല്ല. ഏറെ കഷ്ടപ്പാട് സഹിച്ച് ഈ മേഖലയിൽ പിടിച്ചു നിൽക്കുന്നവരാണ്. സിനിമക്ക് പണം മുടക്കുന്നവരും അതിൻ്റെ സംവിധായകരുമാണ് ആരൊക്കെ തങ്ങളുടെ സിനിമയിൽ അഭിനയിക്കണമെന്ന് തീരുമാനിക്കേണ്ടത്.

അതിൻ്റെ മാനദണ്ഡവും അവർ തന്നെയാണ് തീരുമാനിക്കുക. സിനിമയിൽ സ്ത്രീകൾക്കായി പ്രത്യേക സംവരണമൊന്നും ഇല്ല. കഥാപാത്രം ആവശ്യപ്പെടുന്ന റോൾ ചെയ്യാൻ പറ്റുന്നവർ സെലക്ടാവും അതാണ് നിലവിലെ രീതി. പിന്നെ സ്വന്തം ഇഷ്ടപ്രകാരം ഏതെങ്കിലും നടിമാർക്ക് സിനിമയിലെ അണിയറ പ്രവർത്തകരോടോ സൂപ്പർ താരങ്ങളോടോ ഒക്കെ അടുപ്പമോ പ്രണയമോ ഉണ്ടായാലും അവർ പരസ്പര സമ്മതപ്രകാരം മുന്നോട്ട് പോയാലോ അത് ഒരിക്കലും കാസ്റ്റിംഗ് കൗച്ച് ആയി കാണാൻ സാധിക്കുകയില്ല. റിട്ട. ജഡ്ജി അവരുടെ റിപ്പോർട്ടിൽ മാഫിയ എന്നു എഴുതി വച്ചാൽ ഇവരാരും മാഫിയകൾ ആവുകയുമില്ല.

EXPRESS VIEW

Top