CMDRF

‘നിയമസഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയും’; സജി ചെറിയാൻ

‘നിയമസഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയും’; സജി ചെറിയാൻ
‘നിയമസഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയും’; സജി ചെറിയാൻ

കോട്ടയം: നിയമസഭയിൽ പറയേണ്ടത് സഭയിൽ തന്നെ പറയും. റോഡിൽ പോയിരുന്ന് പറയാൻ പറ്റില്ലല്ലോയെന്ന് മന്ത്രി സജി ചെറിയാൻ. ധനാഭ്യർഥന ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിനിടെ സ്പീക്കർ‌ എ.എൻ.ഷംസീർ തനിക്കെതിരെ നടത്തിയ പരാമർശത്തിൽ അദ്ദേഹത്തിനോടുതന്നെ മറുപടി ചോദിക്കണമെന്ന് സജി ചെറിയാൻ പറഞ്ഞു. ഓരോ ചർച്ചയിലും നമ്മൾ മറുപടി പറയുമ്പോൾ നിർത്താൻ സ്പീക്കർ പറഞ്ഞുകൊണ്ടേയിരിക്കും. സമയക്രമം പാലിക്കാനാണ് അദ്ദേഹം ഇങ്ങനെ പറയുന്നത്. പക്ഷേ പറയേണ്ടത് സഭയിൽ അവതരിപ്പിക്കണമല്ലോയെന്നും സജി ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ചയും പറഞ്ഞതല്ലേ, കേട്ടു മടുത്തല്ലോ എന്ന സ്പീക്കറുടെ ചോദ്യത്തിനു സജി ചെറിയാന്റെ മറുപടി ഇങ്ങനെ: ‘‘ ഓരോ ചർച്ചയിലും ഉന്നയിക്കുന്ന വിഷയത്തിന് അനുസരിച്ചാണ് മറുപടി പറയുന്നത്. കഴിഞ്ഞ ആഴ്ച ഉന്നയിച്ച ചോദ്യം ഈ ആഴ്ചയും ചോദിച്ചാൽ ആ മറുപടി തന്നെ പറയും. വിഷയം മാറുമ്പോൾ ഉത്തരവും മാറും. അല്ലാതെ എനിക്ക് തോന്നിയതു പോലെ ഉത്തരം പറയാൻ പറ്റില്ലല്ലോ. ധനാഭ്യാർഥന ചർച്ചയ്ക്കുള്ള മറുപടിയൊക്കെ ഇങ്ങനെ നീളുന്നത് സ്വാഭാവികമാണ്. അതിൽ ഒരു തെറ്റുമില്ല. ഇത് വലിയ സംഭവമൊന്നുമല്ല. നമ്മൾക്കെതിരെയാകുമ്പോൾ ഇതൊക്കെ വലിയ സംഭവമാകും’’ – സജി ചെറിയാൻ പറഞ്ഞു.

ഇന്നലെ നിയമസഭയിൽ പ്രസംഗം ചുരുക്കാൻ പലതവണ സ്പീക്കർ പറഞ്ഞിട്ടും മന്ത്രി അനുസരിച്ചിരുന്നില്ല. ഫിഷറീസ് വകുപ്പിൽ നടത്തിയ പരിഷ്കാരങ്ങൾ വായിച്ചപ്പോൾ ഇതു കഴിഞ്ഞ ആഴ്ചയും വായിച്ചതല്ലേയെന്നായിരുന്നു സ്പീക്കറുടെ ചോദ്യം. ഇതോടെ സഭയിൽ കൂട്ടച്ചിരി മുഴങ്ങി. പക്ഷേ, മന്ത്രി അവസാനിപ്പിച്ചില്ല. പ്രസംഗം നീണ്ടപ്പോൾ വീണ്ടും സ്പീക്കറുടെ ഇടപെടൽ, ‘മന്ത്രി പറയുന്ന പോയിന്റുകൾ കേട്ടു കേട്ടു ഞാൻ മടുത്തു.’

Top