മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്

മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്

കൊതുക് പരത്തുന്ന ഒരു രോഗമാണ് മലേറിയ. പ്ലാസ്മോഡിയം വിഭാഗത്തില്‍ പെട്ട രോഗാണുക്കളാണ് മലേറിയ ഉണ്ടാക്കുന്നത്. രോഗാണുസാന്നിധ്യമുള്ള പെണ്‍ അനോഫിലിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. പനി, വിറയല്‍, തലവേദന, പേശീവേദന, ക്ഷീണം എന്നിവയാണ് മലേറിയയുടെ പൊതുവായ ലക്ഷണങ്ങള്‍. മലേറിയ രോഗം വരാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളും മുന്‍കരുതലുകളും എന്തെല്ലാമാണെന്ന് നോക്കാം. കൊതുകുവലകള്‍ ഉപയോഗിക്കുക മലേറിയ പരത്തുന്ന കൊതുകുകള്‍ രാത്രികാലങ്ങളിലാണ് സജീവമാകുക. ഉറക്കത്തിനിടയില്‍ ഇവയുടെ കടിയേല്‍ക്കാനും അങ്ങനെ രോഗാണു ശരീരത്തില്‍ കയറാനുമുള്ള സാധ്യതയുണ്ട്. അതുകൊണ്ട് രാത്രിയില്‍ കിടക്കുമ്പോള്‍ കൊതുകിനെയും മറ്റ് പ്രാണികളെയും പ്രതിരോധിക്കുന്ന കൊതുകുവലകള്‍ ഉപയോഗിക്കുക. പ്രാണികളെ പ്രതിരോധിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കുക ഇന്‍സെക്റ്റ് റിപ്പല്ലന്റ് അഥവാ പ്രാണികളെ പ്രതിരോധിക്കുന്ന മരുന്നുകള്‍ തുറസ്സായ ശരീരഭാഗങ്ങളില്‍ പുരട്ടുക. ഡിഇഇടി, പികാരിഡിന്‍, യൂക്കാലിപ്റ്റിസ് എന്നിവ പ്രാണികളെ പ്രതിരോധിക്കും. ഇവ അടങ്ങിയ തൈലങ്ങളോ ക്രീമുകളെ ഡോക്ടര്‍മാരുടെയോ വിദഗ്ധരുടെയോ നിര്‍ദ്ദേശപ്രകാരം ശരീരത്തില്‍ പുരട്ടുക. കൈകള്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക കൊതുക് കടി ഏല്‍ക്കാത്ത രീതിയില്‍ ശരീരം പരമാവധി മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുക, പ്രത്യേകിച്ച് രാത്രികാലങ്ങളില്‍. കൈകളിലും കാലുകളിലുമാണ് ഏറ്റവുമധികം കൊതുകുകടി ഏല്‍ക്കുന്നത് എന്നതിനാല്‍ കൈകാലുകള്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അതിരാവിലെയും വൈകുന്നേരങ്ങളിലും പുറത്തിറങ്ങുമ്പോള്‍ നീളന്‍ കൈ കുപ്പായങ്ങളും പാന്റും സോക്സും ഷൂവും ധരിക്കാന്‍ ശ്രമിക്കുക. ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ കൊതുകുകളെ ആകര്‍ഷിക്കില്ലെന്ന് പറയപ്പെടുന്നു.

കൊതുകുകള്‍ കൂടുതല്‍ ഉള്ളപ്പോള്‍ വീടിനുള്ളില്‍ തന്നെ കഴിയുക പൊതുവേ മലേറിയ പരത്തുന്ന കൊതുകുകള്‍ വൈകുന്നേരം മുതലും അതിരാവിലെയുമാണ് സജീവമായിരിക്കുക. ഈ സമയങ്ങളില്‍ പരമാവധി കൊതുകുകടി ഏല്‍ക്കാത്ത അകത്തളങ്ങളില്‍ സമയം ചെലവഴിക്കുക. കൂടാതെ, ചില സമയങ്ങളിലും സ്ഥലങ്ങളിലും കൊതുകുശല്യം കൂടുതലായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് അകന്നിരിക്കാന്‍ ശ്രദ്ധിക്കുക. കെട്ടിക്കിടക്കുന്ന വെള്ളം തുറന്നുവിടുക കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടിയിട്ട് പെരുകുന്നത്. വീടിന് ചുറ്റുമായി വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അത് തുറന്നുവിടുക. കുപ്പികളിലും ചെടിച്ചട്ടികളും പാത്രങ്ങല്‍ും വെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ മറച്ചുകളയുക. കൂടാതെ വളര്‍ത്തുമൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമുള്ള ആഹാരപാത്രങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. പ്രാണിശല്യം കുറയ്ക്കുന്ന സ്പ്രേകള്‍ ഉപയോഗിക്കുക വീട്ടിനുള്ളിലെ ഭിത്തികളിലും ഉപരിതലങ്ങളിലും സീലിംഗുകളിലും റെസിജ്യുല്‍ സ്പ്രേ അടിച്ചാല്‍ ഇവിടങ്ങളില്‍ വന്നിരിക്കുന്ന കൊതുകുകള്‍ ചത്തുപോകും. കൊതുകുകളെ നശിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണിത്. ഇതിലൂടെ മലേറിയ വ്യാപനവും കുറയ്ക്കാം. മലേറിയ ഭീഷണി ഉള്ള സ്ഥലങ്ങളിലേക്ക് പോകാതിരിക്കുക മലേറിയ വ്യാപനവും രോഗ ഭീഷണിയും ഉള്ള സ്ഥലങ്ങളിലേക്ക് കഴിവതും പോകാതിരിക്കുക. ഇനി അഥവാ പോകേണ്ടിവരികയാണെങ്കില്‍ അതിന് മുമ്പായി ആരോഗ്യ വിദഗ്ധനെ കണ്ട് മുന്‍കരുതല്‍ നടപടികള്‍ അറിഞ്ഞുവെക്കുക. ആവശ്യം വന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മലേറിയ പ്രതിരോധ മരുന്നുകള്‍ കഴിക്കുക. ചുറ്റുപാടുകള്‍ വൃത്തിയാക്കി വെക്കുക, ശുചിത്വം പാലിക്കുക വീട്ടിനുള്ളിലും പുറത്തും വൃത്തിയുള്ള ചുറ്റുപാടുകള്‍ ഉറപ്പുവരുത്തുക. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത് വൃത്തിഹീനമായ സാഹചര്യങ്ങളിലാണ്. മാലിന്യങ്ങള്‍ കൃത്യമായി നിര്‍മാര്‍ജ്ജനം ചെയ്യുക. ചെടികളും കുറ്റിച്ചെടികളും വെട്ടിനിര്‍ത്തുക. പൂന്തോട്ടത്തില്‍ കൊതുകിന് അനുകൂലമായ സാഹചര്യം ഇല്ലെന്ന് ഉറപ്പാക്കുക.

Top