ന്യൂഡൽഹി: ഉത്തർ പ്രദേശിൽ കനത്ത തിരിച്ചടി നേരിട്ട ബിജെപിയുടെ തോൽവിക്ക് പിന്നിലെ കാരണങ്ങൾ അക്കമിട്ട് നിരത്തുകയാണ് സംസ്ഥാന നേതൃത്വം. ‘അർഹതപ്പെട്ടവർക്കുള്ള സംവരണ നിഷേധം’, ‘ഉദ്യോഗസ്ഥഭരണം’ തുടങ്ങി നിരവധി കാരണങ്ങളാണ് ഇത് സംബന്ധിച്ച 15 പേജുള്ള റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്. റിപ്പോർട്ട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് കൈമാറി. ഇവയിൽ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത് ആറ് കാരണങ്ങളാണ്. ഉദ്യോഗസ്ഥഭരണം തന്നെയാണ് പാർട്ടിക്കുള്ളിലെ പ്രധാന കല്ലുകടി. സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് അധികാരങ്ങളില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ജില്ലാ മജിസ്‌ട്രേട്ടും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
ചോദ്യപേപ്പർ ചോർച്ച, ഒബിസി അടക്കം അർഹതപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ നിഷേധം തുടങ്ങിയവയും പരാജയങ്ങൾ സമ്മാനിച്ചതിൽ പ്രധാന പങ്കുള്ളവയാണ്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്തെമ്പാടും സർക്കാർ ജോലികളിൽ കരാർ ജീവനക്കാരെ നിയമിച്ചത് സംവരണം നിർത്തലാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കി. ഇങ്ങനെ നിയമിക്കപ്പെട്ടവർ കൂടുതലും മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരായത് പ്രതിപക്ഷ പാർട്ടികളുടേതടക്കമുളള പ്രചാരണങ്ങൾക്ക് സഹായകരമായി.
ബിജെപിയ്ക്ക് ലഭിക്കുമെന്ന് കരുതിയ കുർമി, മൗര്യ, ദളിത് വോട്ടുകളിലും വലിയ ഇടിവുണ്ടായി. പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ദളിത് വോട്ടുകളുടെ ആകെ മൂന്നിലൊന്ന് മാത്രമാണ് ഇത്തവണ ലഭിച്ചത്. ബിഎസ്പിയ്ക്ക് വോട്ട് കുറഞ്ഞതും കോൺഗ്രസ് പല മേഖലകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതും പാർട്ടിക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ, ഭരണഘടനയെ സംബന്ധിച്ചുള്ള പാർട്ടി നേതാക്കളുടെ പല വിവാദ പരാമർശങ്ങളും ജനങ്ങളെ പാർട്ടിയുടെ നിലപാടുകളിൽ സംശയമുളവാക്കിയെന്നും അഗ്നിപഥ് പോലുള്ള പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ പ്രശ്നമുണ്ടാക്കിയെന്നും സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.