‘റീഷെയര്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ്’ എന്ന പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ സാമൂഹ്യമാധ്യമമായ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പുതിയ ഫീച്ചര്‍ അണിയറയിലാണെന്നാണ് സൂചന. മറ്റുള്ളവരുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ ഷെയര്‍ ചെയ്യുന്നതില്‍ ഇന്‍സ്റ്റഗ്രാമിനുള്ളതിന് സമാനമായ ഫീച്ചറാണ് വാട്സ്ആപ്പും അവതരിപ്പിക്കുക. ഇത്രനാളും മറ്റുള്ളവരുടെ സ്റ്റാറ്റസുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് മാത്രമേ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റില്‍ ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ.
‘റീ-ഷെയര്‍ സ്റ്റാറ്റസ് അപ്ഡേറ്റ്’ ഫീച്ചര്‍ ഉപയോക്താക്കളെ അവര്‍ പരാമര്‍ശിച്ചിരിക്കുന്ന സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ വീണ്ടും ഷെയര്‍ ചെയ്യാന്‍ സഹായിക്കുമെന്ന് വാബെറ്റ്ഇന്‍ഫോയുടെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു. പുതിയ അപ്‌ഡേറ്റ് വരുന്നതോടെ ഉപയോക്താക്കള്‍ക്ക് അവരുടെ കോണ്‍ടാക്റ്റ് ലിസ്റ്റിലുള്ളവരുമായി മറ്റുള്ളവരുടെ സ്റ്റാറ്റസുകളും ഷെയര്‍ ചെയ്യാം.
നിങ്ങളെ ടാഗ് ചെയ്ത/മെന്‍ഷന്‍ ചെയ്ത സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടുന്ന പ്രക്രിയ ലളിതമാക്കുന്നതിനാണ് ‘റീ ഷെയര്‍ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചര്‍ മെറ്റ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതായത്, നിങ്ങളെ ഒരു വാട്സ്ആപ്പ് സ്റ്റാറ്റസില്‍ ടാഗ് ചെയ്യുകയോ ആരെങ്കിലും പരാമര്‍ശിക്കുകയോ ചെയ്യുന്നുവെന്ന് കരുതുക. പുതിയ ഫീച്ചര്‍ നിങ്ങളുടെ കോണ്‍ടാക്റ്റുകളുമായി ആ അപ്ഡേറ്റ് വീണ്ടും പങ്കിടാന്‍ നിങ്ങളെ അനുവദിക്കും. കണ്ടന്റ് കൂടുതല്‍ പേരിലേക്ക് എത്താന്‍ ഇത് സഹായിക്കും. നിലവില്‍ ഇന്‍സ്റ്റഗ്രാമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.
പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യുമ്പോള്‍, സ്റ്റാറ്റസ് അപ്ഡേറ്റ് ഇന്റര്‍ഫേസിനുള്ളില്‍ ഇതിനായി ഒരു പുതിയ ബട്ടണ്‍ ഉള്‍പ്പെടുത്തുമെന്ന് വാബെറ്റ്ഇന്‍ഫോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിങ്ങളെ പരാമര്‍ശിച്ച സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ എളുപ്പത്തില്‍ വീണ്ടും പങ്കിടാന്‍ ഈ ബട്ടണ്‍ സഹായിക്കും. നിലവില്‍ ഈ ബീറ്റാ വേര്‍ഷനില്‍ മാത്രമേ ലഭ്യമാകൂ. ഇതാദ്യമായല്ല വാട്സ്ആപ്പ് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫീച്ചറുകള്‍ അവതരിപ്പിക്കുന്നത്.