കാലിഫോർണിയ: വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് ഇനി മുതൽ അവരുടെ പ്രൊഫൈലിന് അനുയോജ്യമായ യൂസർനെയിമുകൾ നിർമിക്കാൻ സാധിക്കുന്ന അപ്ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പ്. മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് വാട്സ്ആപ്പ് പ്രവർത്തിക്കുന്നത്. എന്നാൽ ഇത് ഉടൻ അവസാനിക്കും. നമ്പറുകൾ കൈമാറാതെ തന്നെ വ്യത്യസ്ത ആളുകളുമായി ചാറ്റ് ചെയ്യാൻ ഈ യൂസർനെയിമുകൾ ഉപയോഗിക്കാം. എന്നാൽ നിലവിൽ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഫീച്ചർ വരുക.
മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പോലെ യുണീക്കായ യൂസർനെയിമായിരിക്കും വാട്സ്ആപ്പിലും ഉണ്ടാവുക. ഒരാളുടെ യൂസർനെയിം മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻഗണന നൽകുന്ന അപ്ഡേറ്റായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ മൊബൈൽ നമ്പർ ഉപയോഗിക്കുന്നവർക്ക് ആ സേവനങ്ങൾ തുടർന്നും ഉപയോഗിക്കാൻ സാധിക്കും. കുറച്ചുകാലമായി വാട്ട്‌സ്ആപ്പിന്റെ പരിഗണനയിലുള്ള ഈ ഫീച്ചർ ഇപ്പോഴും വികസനത്തിലാണ്. അതിനാൽ അപ്ഡേറ്റ് എപ്പോഴായിരിക്കും എന്നതിനെപറ്റി കമ്പനി ഔദ്യോഗികമായി അറിയിച്ചിട്ടില്ല.