ന്യൂയോര്‍ക്ക്: കമ്മ്യൂണിറ്റി ഗ്രൂപ്പുകള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്സ്ആപ്പ്. പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ കമ്മ്യൂണിറ്റിയില്‍ ഷെയര്‍ ചെയ്ത മുഴുവന്‍ വീഡിയോകളും ചിത്രങ്ങളും ഗ്രൂപ്പ് മെമ്പേഴ്‌സിന് കാണാനാകും. വാബെറ്റ് ഇന്‍ഫോയാണ് അപ്‌ഡേഷനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പുതിയ ഫീച്ചര്‍ അനുസരിച്ച് ഷെയര്‍ ചെയ്യപ്പെട്ട ഉള്ളടക്കം കമ്മ്യൂണിറ്റി ഗ്രൂപ്പിലെ മെമ്പര്‍മാര്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാകും. കമ്മ്യൂണിറ്റി ഗ്രൂപ്പുകളില്‍ പങ്കുവെക്കുന്ന അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും ഈ ഫീച്ചര്‍ ഉപയോഗിച്ച് കണ്ടെത്താനും നീക്കം ചെയ്യാനുമാകും എന്ന പ്രത്യേകതയുമുണ്ട്.
ഗ്രൂപ്പ് ചാറ്റുകളില്‍ ആക്ടീവല്ലാത്ത അംഗത്തിന് ഷെയര്‍ ചെയ്യപ്പെടുന്ന ദൃശ്യങ്ങളും ചിത്രങ്ങളും എളുപ്പത്തില്‍ കണ്ടെത്താന്‍ ഫീച്ചര്‍ സഹായിക്കും. സെര്‍ച്ച് പ്രക്രിയയെ ഈ ഫീച്ചര്‍ കൂടുതല്‍ എളുപ്പത്തിലുമാക്കും. അടുത്തിടെയായി നിരവധി അപ്‌ഡേറ്റുകള്‍ വാട്സ്ആപ്പ് അവതരിപ്പിക്കുന്നുണ്ട്. മെസേജ് അയയ്ക്കുന്നതിനൊപ്പം വീഡിയോ – ഓഡിയോ കോളുകള്‍ക്ക് വേണ്ടിയും ലക്ഷക്കണക്കിനാളുകള്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇവര്‍ക്കുവേണ്ടി വാട്സ്ആപ്പ് ഓഡിയോ കോള്‍ ബാര്‍ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് നേരത്തെ തന്നെ ഈ ഫീച്ചര്‍ ലഭ്യമായി തുടങ്ങിയിരുന്നു. ഇപ്പോഴിത് ഐഒഎസിലും അവതരിപ്പിച്ചിട്ടുണ്ട്.