CMDRF

ഇടതുഭരണം അവസാനിച്ചാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത് ജാതി-മത ശക്തികളുടെ ‘വിളയാട്ടമായിരിക്കും’

ഇടതുഭരണം അവസാനിച്ചാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത് ജാതി-മത ശക്തികളുടെ ‘വിളയാട്ടമായിരിക്കും’
ഇടതുഭരണം അവസാനിച്ചാൽ കേരളത്തിൽ സംഭവിക്കാൻ പോകുന്നത് ജാതി-മത ശക്തികളുടെ ‘വിളയാട്ടമായിരിക്കും’

പിണാറി വിജയൻ എന്ന കേരള മുഖ്യമന്ത്രിയിൽ, നിങ്ങൾക്ക് ഒരുപക്ഷേ ധാർഷ്ട്യവും ധിക്കാരവും തോന്നാം, ഇടതുപക്ഷ സർക്കാറിൻ്റെ ഭരണം മോശമാണെന്നും, സി.പി.എം നേതാക്കൾ ശരിയല്ലെന്ന വിലയിരുത്തലും ഉണ്ടാകാം. എന്നാൽ, ഈ വിലയിരുത്തലുകൾ വച്ച് ഇടതുപക്ഷത്തിന് എതിരെ വിധി എഴുതിയാൽ എന്താണ് കേരളത്തിൽ സംഭവിക്കുക എന്നതു കൂടി ഇക്കൂട്ടർ അറിഞ്ഞിരിക്കണം.

സകല ജാതി – മത ശക്തികളും നിയന്ത്രിക്കുന്ന ഒരു സർക്കാറാണ് , യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ഉണ്ടാകാൻ പോകുന്നത്. അധികാരത്തിനു വേണ്ടി കോൺഗ്രസ്സ് നേതാക്കൾ തമ്മിൽ തല്ലുന്ന പുതിയ ഒരു എപ്പിസോഡിനും അതോടെ തുടക്കമാകും. എസ്.ഡി.പി.ഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും വിശ്വരൂപം കാണാൻ പോകുന്നതും, യു.ഡി.എഫ് ഭരണത്തിൽ ആയിരിക്കും.

അഞ്ചാം മന്ത്രിസ്ഥാനം കോൺഗ്രസ്സിൽ നിന്നും പിടിച്ചു വാങ്ങിയ മുസ്ലിംലീഗ്, ഭരണമാറ്റം സംഭവിച്ചാൽ ഉപമുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയാണ് പിടിമുറുക്കാൻ പോകുന്നത്. ഇത് കേരളത്തിലെ സാമുദായിക സന്തുലനാവസ്ഥയിലും വലിയ പ്രത്യാഘാതമുണ്ടാക്കും. തീർന്നില്ല, ലീഗ് മന്ത്രിമാരുടെ ഭരണം, പ്രധാനമായും പാണക്കാട്ട് നിന്നാണ് നിയന്ത്രിക്കപ്പെടുക. ലീഗിനെ പിണക്കി ഒരു തീരുമാനമെടുക്കാൻ കോൺഗ്രസ്സിൻ്റെ മുഖ്യമന്ത്രി ആരു തന്നെ ആയാലും അദ്ദേഹത്തിന് കഴിയുകയുമില്ല.

പൊലീസിലും മറ്റു സർക്കാർ സംവിധാനങ്ങളിലും ഏറ്റവും കൂടുതൽ ബാഹ്യ ഇടപെടലുകൾ നടക്കാൻ പോകുന്നതും, യു.ഡി.എഫ് ഭരണത്തിലായിരിക്കും. മുൻകാല ചരിത്രവും അതു തന്നെയാണ്. ഇപ്പോൾ ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തെയും സർക്കാറിനെയും കടന്നാക്രമിക്കുന്ന മാധ്യമങ്ങൾക്ക് അന്നൊന്നും ഈ മാധ്യമ ധർമ്മം ഉണ്ടാവുകയില്ല. ഇതു സംബന്ധമായി അവർ അന്തിചർച്ചകളും നടത്തുകയുമില്ല.

എന്നൊക്കെ യു.ഡി.എഫ് സർക്കാറുകൾ അധികാരത്തിൽ വന്നിട്ടുണ്ടോ അന്നൊക്കെ അവർക്കിടയിൽ തർക്കങ്ങളും രൂപപ്പെട്ടിട്ടുണ്ട്. ഗ്രൂപ്പ് പോരാട്ടവും നേതാക്കൾ തമ്മിലുള്ള വിഴുപ്പലക്കലും നാണം കൊടുത്തുന്ന രൂപത്തിലാണ് അരങ്ങേറാറുള്ളത്. ആ ചരിത്രവും വീണ്ടും ആവർത്തിക്കും.

ഇപ്പോൾ തന്നെ, കോൺഗ്രസ്സിൽ അധികാര വടംവലി രൂക്ഷമാണ്. ഒരു ഭാഗത്ത് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരനും, മറുഭാഗത്ത് വി.ഡി സതീശനുമാണ് നിലയുറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പദ സ്വപ്നവുമായി കെ.സി വേണുഗോപാലും അണിയറയിൽ കരുക്കൾ നീക്കുന്നുണ്ട്. നേതൃത്വത്തോട് ഇടഞ്ഞ് നിൽക്കുന്ന കെ മുരളീധരനും, രമേശ് ചെന്നിത്തലയും, മുഖ്യമന്ത്രി പദ മോഹികളാണ്. ഡൽഹിയിൽ കാര്യമായ റോളില്ലാത്ത ശശി തരൂർ പോലും ആഗ്രഹിക്കുന്നത്, കേരളത്തിൻ്റെ മുഖ്യമന്ത്രി കസേരയാണ്. യു.ഡി.എഫിന് ഭരണം ലഭിച്ചാൽ, ഇവരിൽ ആര് തന്നെ മുഖ്യമന്ത്രി ആയാലും, മനസമാധാനത്തോടെ ഭരിക്കാൻ, എതിർവിഭാഗം സമ്മതിക്കുകയില്ലന്നതും, ഒരു യാഥാർത്ഥ്യമാണ്.

ഇടതുപക്ഷം ഭരിക്കുമ്പോൾ, സർക്കാറിൽ ഒരു സ്വാധീനവും ഇല്ലാതിരുന്ന മത – സാമുദായിക സംഘടനകൾക്ക്, ശക്തമായ സ്വാധീനമാണ് യു.ഡി.എഫ് ഭരണത്തിൽ ഉണ്ടാകുക. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ പോലും വെല്ലുവിളിച്ച, എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കും , യു.ഡി.എഫ് ഭരണത്തിൽ പവർ കൂടും. രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര മന്ത്രി പദത്തോട് കൂടി മന്ത്രിസ്ഥാനം നൽകാൻ, ഉമ്മൻചാണ്ടി നിർബന്ധിക്കപ്പെട്ടത്, സുകുമാരൻ നായരുടെ ഭീഷണിയിലാണ്. അടൂർ പ്രകാശിന് റവന്യൂ വകുപ്പോട് കൂടി മന്ത്രിസ്ഥാനം ലഭിക്കാൻ ഇടപെട്ടിരുന്നത്, വെള്ളാപ്പള്ളി കുടുംബമാണ്. ഇടതുപക്ഷ ഭരണത്തിൽ മാളത്തിൽ ഒളിച്ച ഇവരെല്ലാം തന്നെ, യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ, വീണ്ടും പുറത്തിറങ്ങി അധികാര കേന്ദ്രങ്ങളാകാൻ ശ്രമിക്കും. ആ കാഴ്ചയും കേരള ജനത വീണ്ടും കാണേണ്ടി വരും.

ഇതിനെല്ലാം പുറമെ, ബി.ജെ.പിയ്ക്കും സംഘപരിവാർ സംഘടനകൾക്കും, കൂടുതൽ കരുത്താർജിക്കാൻ കഴിയുന്നതും, ഭൂരിപക്ഷ വികാരം ഇളക്കി വിടാൻ കഴിയുന്നതും, യു.ഡി.എഫ് ഭരിക്കുമ്പോൾ ആയിരിക്കും. ഖദറിനും കാവിയിക്കും തമ്മിൽ, പൊതുവെ അകലം കുറവായതിനാൽ, കോൺഗ്രസ്സ് ഭരണത്തിൽ, പരിവാറുകാരുടെ കാര്യങ്ങളും എളുപ്പത്തിൽ നടക്കും. ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ പ്രതിയായ കേസുകൾ, ഏറ്റവും കൂടുതൽ പിൻവലിക്കപ്പെടാറുള്ളത്, യു.ഡി.എഫ് ഭരണത്തിൽ ആണെന്നതും, നാം ഓർക്കേണ്ടതുണ്ട്.

EXPRESS KERALA VIEW

Top