തിരുവനന്തപുരം: ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ആര്‍ജെഡിയും രംഗത്ത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് പറഞ്ഞു. മന്ത്രിസഭയിലും പ്രാതിനിധ്യമില്ലാത്ത സാഹചര്യത്തില്‍ മന്ത്രിസഭയിലെ നാലാമത്തെ വലിയകക്ഷിയെന്ന പരിഗണന വേണമെന്നാണ് ആര്‍ജെഡിയുടെ അവകാശവാദം. ആര്‍ജെഡി ഇടതുമുന്നണിയില്‍ അസ്വസ്ഥരാണെന്ന് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.
ഒഴിവു വരുന്ന സീറ്റില്‍ എം വി ശ്രേയാംസ് കുമാറിനെ പരിഗണിക്കണമെന്നാകും ആവശ്യം. അവകാശവാദവുമായി എന്‍സിപി കൂടി രംഗത്തെത്തിയതോടെ ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റ് വിഷയം കീറാമുട്ടിയായേക്കും. സിപിഐഎം. നേതാവ് എളമരം കരീം, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധിയാണ് ജൂലായ് ഒന്നിന് അവസാനിക്കുന്നത്. ഒഴിവു വരുന്ന സീറ്റുകളിലൊന്ന് ജോസ് കെ. മാണിക്ക് തന്നെ നല്‍കണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. സിപിഐയും സീറ്റില്‍ അവകാശമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
മന്ത്രിസഭയില്‍ അംഗത്വം ചോദിച്ചിട്ടും നിഷേധിച്ചു. ലോകസഭയിലേക്ക് സീറ്റും കൊടുത്തില്ല. ഇപ്പോള്‍ ഒഴിവ് വരുന്ന രാജ്യസഭ സീറ്റിലും പരിഗണിച്ചില്ലെങ്കില്‍ മുന്നണി ബന്ധം കൂടുതല്‍ വഷളാകും. എം പി വീരേന്ദ്രകുമാറിന് നിഷേധിച്ച കോഴിക്കോട് സീറ്റ് പിന്നീട് ആര്‍ജെഡിക്ക് അനുവദിച്ചിട്ടില്ല. ആള്‍ബലം കൊണ്ട് അംഗബലം കൊണ്ടും മുന്നണിയിലെ നാലാംകക്ഷിയാണ് ആര്‍ജെഡി. പക്ഷെ ആ പരിഗണന സിപിഐഎം നല്‍കിയിട്ടില്ലെന്നും വര്‍ഗീസ് ജോര്‍ജ് ആരോപിച്ചു. എല്‍ഡിഎഫ്. യോഗത്തില്‍ രാജ്യസഭാ സീറ്റ് ആവശ്യപ്പെടാനാണ് ആര്‍ജെഡിയുടെ നീക്കം.