കാസര്‍ഗോഡ്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി വന്നപ്പോള്‍ സ്വന്തം കൊടി പോലും ഉയര്‍ത്താനുള്ള ധൈര്യം കോണ്‍ഗ്രസിനില്ലെന്ന് സ്മൃതി ഇറാനി. വടക്കേ ഇന്ത്യയില്‍ വന്ന് ക്ഷേത്രങ്ങളില്‍ നിരങ്ങുന്നു. കേരളത്തില്‍ ലീഗിന്റെ കൊടി ഒളിപ്പിച്ചുവയ്ക്കുന്നു. എന്ത് കൊണ്ടാണ് ലീഗിന്റെ കൊടി ഉയര്‍ത്താന്‍ ഇത്ര ഭയം എന്നും സ്മൃതി ഇറാനി ചോദിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കവെയാണ് സ്മൃതി ഇറാനിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് രാജ്യത്തെ കൊള്ളയടിക്കുന്നു. ഇന്ത്യാ സഖ്യത്തിന്റെ അവസ്ഥ ഇന്ന് വയനാട്ടില്‍ കണ്ടു. ഇന്ത്യാ സഖ്യം രാജ്യത്തെ കൊള്ളയടിക്കാന്‍ പദ്ധതിയിടുന്നു. കരുവന്നൂരും തെന്നലയും എആര്‍ നഗറും ബത്തേരി സഹകരണ ബാങ്കും ഇന്ത്യാ സഖ്യം കൊള്ളയടിച്ചവയാണ്. വയനാട്ടില്‍ സഹകരണബാങ്ക് കൊള്ളയടിച്ച കോണ്‍ഗ്രസ് നേതാവ് ജയിലിലാണ്. ഇതാണ് ഗാന്ധി കുടുംബത്തിന്റെ പരിപാടി.