വാഷിങ്ടണ്‍: യു.എസ് തെരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മുന്നേറി നിൽക്കുന്നത് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപാണ്. 538 ഇലക്ടറല്‍ കോളേജ് വോട്ടുകളില്‍ ട്രംപിന് ലഭിച്ചത് 202 വോട്ടുകളാണ്. കമല ഹാരിസിന് 177 വോട്ടും ലഭിച്ചു. ഫലം വന്നുതുടങ്ങിയ 14 സ്റ്റേറ്റുകളില്‍ ട്രംപ് വിജയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഒന്‍പതിടത്ത് കമലാ ഹാരിസും ജയിച്ചു. ആറിടത്ത് ട്രംപും അഞ്ചിടത്ത് കമലാ ഹാരിസും ലീഡ് ചെയ്യുകയാണ്.
ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്ലോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്‌സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിൽ കമല ജയിച്ചു.
Also Read: ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനെ പുറത്താക്കി ബെഞ്ചമിന്‍ നെതന്യാഹു
ആദ്യം പോളിങ് തുടങ്ങിയത് ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനത്തെ ഡിക്‌സിവില്ലെ നോച്ചിലാണ്. റിപ്പബ്ലിക്കൻ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ഡോണൾഡ് ട്രംപ് ഫ്‌ളോറിഡയിലെ പാംബീച്ചിലെ പോളിങ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
Also Read: അമേരിക്കയെ പോലും വിറപ്പിച്ച് പശ്ചിമേഷ്യയിലെ വന്‍ ശക്തിയായി ഇറാന്‍ മാറുമ്പോള്‍
തെരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകൾ ചില സൂചനകൾ നൽകുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സി.എൻ.എൻ കരുതുന്നത്. അതിനിടെ, ജോര്‍ജിയയിലെ രണ്ട് പോളിങ് സ്‌റ്റേഷനുകള്‍ക്ക് നേരേ ബോംബ് ഭീഷണിയുണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്. ബാലറ്റ് സ്‌കാനിങ്ങില്‍ സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ കാംബ്രിയ, പെന്‍സില്‍വേനിയ എന്നിവിടങ്ങളിലെ പോളിങ് സമയം നീട്ടിനല്‍കി.