CMDRF

എവിടെയെത്തി നിൽക്കുന്നു ഇന്ത്യ.. സ്വാതന്ത്ര്യം ഒരു കളവായിരുന്നുവോ ?

എവിടെയെത്തി നിൽക്കുന്നു ഇന്ത്യ.. സ്വാതന്ത്ര്യം ഒരു കളവായിരുന്നുവോ ?
എവിടെയെത്തി നിൽക്കുന്നു ഇന്ത്യ.. സ്വാതന്ത്ര്യം ഒരു കളവായിരുന്നുവോ ?

രാജ്യം അതിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിലാണ്. ഉജ്ജ്വല സമരപോരാട്ടങ്ങളുടെയും, സന്ധിയില്ലാ നിലപാടുകളുടെയും, ജീവത്യാഗങ്ങളുടെയും ഓർമ്മദിനം കൂടിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും. സ്വാതന്ത്ര്യദിനങ്ങൾ നമ്മൾ ആഘോഷിക്കുന്നതിന്റെ കാരണം ഒരു കാലത്ത് നമ്മൾ ‘സ്വാതന്ത്ര്യമില്ലായ്മയിൽ ജീവിച്ചവരായിരുന്നു’ എന്നതുകൊണ്ടാണ്. എന്നാൽ രാഷ്ട്രീയവും, രാഷ്ട്രീയക്കാരും മാറിവരുന്ന ഇന്ത്യയെന്ന മഹാരാജ്യത്ത് സ്വാതന്ത്ര്യം അതിന്റെ ശരിയായ അർത്ഥത്തിലും, പൂർണതയിലും നമുക്ക് നേടിത്തന്നവർ ഈ ഇന്ത്യയെ ആണോ സ്വപ്നം കണ്ടത്? സ്വാതന്ത്ര്യം യഥാർത്ഥത്തിൽ ഒരു കളവായിരുന്നുവോ ?

ആഘോഷിക്കപ്പെടുന്ന സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യത്തിലേക്കുള്ള നമ്മുടെ കഠിനമായ പാത പലയിടത്തുനിന്നും കണ്ടും കേട്ടും പഠിച്ചും വളർന്നുവന്നവരാണ് നമ്മൾ. ഒരു വലിയ ഭൂപ്രദേശമായിരുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെ ഒരു ദ്വീപിന്റെ അത്രയും വലിപ്പമുള്ള ഒരു രാജ്യം അതിന്റെ കോളനിയാക്കി 200 വർഷക്കാലം ഭരിക്കുന്നു. എങ്ങനെ ഇത്രയും വലിയ ഒരു രാജ്യത്തെ തോൽപ്പിച്ച് രണ്ട് നൂറ്റാണ്ട് കാലം നമ്മൾ കോളനി അടിമകളായി എന്നുള്ള ചരിത്രം ഇന്ത്യയുടെ പുനർജന്മത്തോളം തന്നെ പഴക്കമുള്ളതും, ആഴമുള്ളതുമാണ്. ആര്യന്മാരുടെ വരവ് മുതൽ ബ്രിട്ടീഷുകാർ ഇന്ത്യയെ ഒരു മുഴുകോളനിയാക്കിയത് വരെ, രാജ്യത്ത് നിലനിന്നിരുന്ന അരാജകത്വത്തിന്റെയും, ജാതി-മത, അടിമ-ഉടമ ബന്ധത്തിന്റെയും കൂടി സഹായത്തോടെ ആയിരുന്നു.അത് ഇന്നും മറ്റൊരു രൂപത്തിൽ നമ്മെ അടിമയാകുന്നു എന്നത് കളവാണോ!

ഈസ്റ്റിന്ത്യാ കമ്പനി മുതൽ ബ്രിട്ടീഷ് ഗവണ്മെന്റ് വരെ

കച്ചവടത്തിന് വേണ്ടി വന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, കുടില തന്ത്രങ്ങളിലൂടെയും, കുറുക്കൻ ബുദ്ധിയിലൂടെയും നാട്ടുരാജ്യങ്ങളായി നിലനിന്നിരുന്ന രാജ്യത്തിനെ തമ്മിലടിപ്പിച്ച് നേടിയ അധികാര വ്യാമോഹത്തിന്റെ പഴങ്കഥയിലൂടെയാണ് ഇന്ത്യയുടെ കോളനി ചരിത്രം ആരംഭിക്കുന്നത്. 1600 ൽ ലണ്ടൻ ആസ്ഥാനമായി തുടങ്ങുന്ന ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലെയും ഈസ്റ്റ് ഇൻഡീസ് എന്ന് വിളിക്കുന്ന തായ്ലൻഡ്, മലേഷ്യ പോലുള്ള രാജ്യങ്ങിലേക്കുമുള്ള കച്ചവടം ലക്ഷ്യമിട്ടാണ് ബ്രിട്ടനിൽ നിന്നും കപ്പൽ കയറിയത്. ആ കാലത്ത് ലോകം സമ്പന്നതയുടെ മറുവാക്കായി കണക്കാക്കിയിരുന്ന സുഗന്ധവ്യഞ്ജനങ്ങൾ തേടി തന്നെയായിരുന്നു ആ വ്യാപാരയാത്രയുടെയും തുടക്കം. അതോടൊപ്പം ഫ്രഞ്ചുകാരും ഡച്ചുകാരും ഇന്ത്യയുടെ മണ്ണിലേക്ക് ഒഴുകിവന്നു… അവരിലാർക്കും ഉടലെടുക്കാത്തത്ര ആഴമുള്ള ഒരു അധികാരമനോഭാവം, വളരെ ആഴത്തിൽ ഇംഗ്ലീഷുകാരിൽ അന്നേ വേരോടിക്കഴിഞ്ഞിരുന്നു…

ബ്രിട്ടീഷ് രാജ്ഞിയിൽ നിന്നും ചാർട്ടർ അഥവാ അധികാരകുത്തക പച്ചയടിച്ചുകൊണ്ടായിരുന്നു ഇസ്റ്റ് ഇന്ത്യാ കമ്പനി, നാട്ടുരാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയിൽ വ്യാപാരത്തിന് തുടക്കം കുറിച്ചത്. രാജകീയമായി തന്നെ നാട്ടുരാജ്യങ്ങളിലേക്ക് വ്യാപാരത്തിന്റെ കണക്കുകുത്തുകൾ നിരത്തിവെക്കുമ്പോൾ യഥാർത്ഥത്തിൽ അത് ബ്രിട്ടീഷ് രാജകീയതയുടെ ആർത്തിയുടെയും അധികാര ദുർമോഹത്തിന്റെയും കമ്പനി എഴുത്തുകൂടിയാണെന്ന് അന്നത്തെ നാട്ടുരാജാക്കന്മാർക്ക് മനസ്സിലാക്കാൻ കഴിയാതെപോയി. അതെസമയം ഇന്ത്യ ഭരിച്ചിരുന്ന മുഗൾ ചക്രവർത്തി ജഹാൻഗീർ അവരെ രാജകീയപ്രൗഢിയോടെ സ്വീകരിക്കുകയും, വ്യാപാര ആവശ്യങ്ങൾ പരിഗണിച്ച്, രാജ്യത്തെവിടെയും കച്ചവടം നടത്താൻ അനുവാദം നൽകുകയും ചെയ്യുന്നു. ഊഷ്മളമായ ബന്ധം ലക്ഷ്യമിട്ടുകൊണ്ട് അനുവാദം മൂളിയതോടെ ഗുജറാത്തിലെ സൂറത്തിൽ ആദ്യത്തെ ഫാക്ടറിക്ക് അടിത്തറയിട്ടു. ഫാക്ടറികൾ സംരക്ഷിക്കാൻ സൈന്യമുൾപ്പെടെ വിന്യസിക്കുകയും കാലങ്ങൾ കഴിഞ്ഞുപോകെ, ഫാക്ടറികൾക്ക് പകരം ഫോർട്ടുകൾ അഥവാ കോട്ടകളും ഇന്ത്യൻ മണ്ണിൽ അടിത്തറയുണ്ടാക്കി.

മുഗളന്മാരുടെ പതനവും, ബ്രിട്ടീഷുകാരുടെ ഉദയവും

പതിനെട്ടാം നൂറ്റാണ്ടായതോടുകൂടി മുഗൾ സാമ്രാജ്യത്തിന്റെ ശക്തി ക്ഷയിച്ചുവരികയും, ഇതോടെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിലുള്ള രാജാക്കന്മാർ അവരവരുടെ രാജ്യത്തെ സ്വതന്ത്രഭരണത്തിന് കീഴിലാക്കാൻ തുടങ്ങുകയും ചെയ്ത കാലഘട്ടം കൂടിയായിരുന്നു അത്.
ഇന്ത്യയിലെ രാഷ്ട്രീയ ചിത്രം മാറിവരുന്നത്, മരിച്ചുകൊണ്ടിരിക്കുന്ന തന്റെ ഇരയെ കാണുന്നതുപോലെ കഴുകൻ കണ്ണുകളിലൂടെയാണ് ഇംഗ്ലീഷുകാർ അന്ന് നോക്കിക്കണ്ടത്. ലാഭം വർധിപ്പിക്കാൻ, ഇന്ത്യയിൽ നിന്നും വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങുന്നു.. ഇത് ഉയർന്ന വിലയിൽ വിൽക്കുന്നത് കമ്പനിയുടെ മാത്രമല്ല, അതിന്റെ വിഹിതം പറ്റുന്ന ഇംഗ്ലണ്ട് രാജ്യത്തിന്റെയും വയറ് കൊഴുപ്പിച്ചു.

ലാഭം കൂട്ടാൻ വേണ്ടി, അസംസ്‌കൃതവസ്തുക്കൾ ഫ്രീ ഓഫ് കോസ്റ്റ് അഥവാ ഒരു ചിലവുമില്ലാതെ വാങ്ങിയാലോ എന്ന ചതിയൻ ചെന്നായയുടെ ബുദ്ധി കൂടി അവരുടെ തലയിൽ ഉദിച്ചു. അതിനായി ഇന്ത്യയിൽ വ്യാപാരം നടത്തുന്ന മറ്റു രാജ്യങ്ങളോട് യുദ്ധവിജയം നേടിയും നിലവിലുള്ള നാട്ടുരാജ്യങ്ങളുടെ ഇടയിൽ പരസ്പര സന്ദേഹത്തിന്റെ വിത്തുപാകിയും, വിളവെടുക്കാനുള്ള ബ്രിട്ടീഷ് രാജ്യത്തിന്റെ തന്ത്രം ഫലം കണ്ടു. പതിയെ പതിയെ മുഴുവൻ തിന്നുതീർക്കുന്ന വേട്ടനായയുടെ ആർജ്ജവത്തോടെ ഓരോ നാട്ടുരാജ്യങ്ങളും പലവിധ തന്ത്രങ്ങളുടെയും, നിയമങ്ങളുടെയും പിൻബലത്തിൽ ബ്രിട്ടീഷുകാർ കൈയ്യടക്കി വന്നു. ഭിന്നിച്ചു നിന്നിരുന്ന നാട്ടുരാജ്യങ്ങൾ സൈനിക ശക്തിയിലും, അടിയായ്മയുടെ ദുർബലതയിലും, പരസ്പര വിരോധത്തിന്റെയും ഫലമായി, പെട്ടെന്ന് തന്നെ തോൽവിയിലേക്ക് പോയി.. ഉറപ്പില്ലാത്ത അടിത്തറ ഏത് ചെറിയ കാറ്റിനെയും ഭയന്ന് നിലംപൊത്തുന്നതുപോലെ ചെറിയ ചെറിയ നാട്ടുരാജ്യങ്ങളെല്ലാം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കാൽക്കലിൽ സ്വന്തം നാട്ടുരാജ്യത്തിനോടൊപ്പം അധികാരവും, അവകാശവും കൂടി അടിയറവ് വെക്കേണ്ടി വന്നു.

അടിമത്തത്തിന്റെ 200 വർഷങ്ങൾ

അടിമത്തത്തിന്റെ കഠിനവും ദീർഘവുമായ രണ്ട് നൂറ്റാണ്ടുകളിൽ, അറിയാതെ പോയ ഒറ്റയാൾ പോരാട്ടങ്ങളുടെയും, അതിജീവനത്തിന്റെയും കഥകൾ ഒരുപാടുണ്ട് എഴുപത്തിയെട്ടാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയ്ക്ക് പറയാൻ. സ്വാതന്ത്ര്യത്തിന്റെ കുഞ്ഞു നാമ്പുകൾ മുളപൊട്ടിയത് തീർച്ചയായും അടിമത്തത്തിന്റെ വരണ്ട ഭൂതലങ്ങളിൽ നിന്ന് തന്നെ ആവണം. പട്ടിണിയും പരിവട്ടങ്ങളും, അടിമത്തവും, അരാജകത്വവും, ജാതി-മത- സമ്പന്നത ഉണ്ടാക്കിയെടുത്ത ജീവിത വിടവുകളും തന്നെയാണ് സ്വാതന്ത്ര്യം എന്ന ആശയത്തിലേക്ക് ജീവൻ കൊടുത്തും അടിമത്തം തകർക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചിട്ടുണ്ടാകുക.

1857 ൽ ആദ്യ സ്വാതന്ത്ര്യ സമരത്തിന് മുന്നേ തന്നെ ഇന്ത്യയിൽ പലയിടത്തും സ്വാത്രന്ത്യത്തിനുള്ള മുറവിളികൾ ഉയർന്നിരിക്കണം. പിന്നീട്, മംഗൾപാണ്ഡ്യ മുതൽ ആയിരക്കണക്കിന് ജീവൻ നൽകി രക്തസാക്ഷികളായ മനുഷ്യർ, ആയിരകണക്കിന് ജീവൻ നൽകി രക്തസാക്ഷികളായ മനുഷ്യർ, ഗാന്ധി പ്രവേശിച്ചതിന് ശേഷമുള്ള പോരാട്ടങ്ങൾ, ഭഗത്‌സിംഗ്, ഗുരുദേവ്, പോലുള്ളവരുടെ സാഹസിക വീര്യങ്ങൾ, ഒരു രാജ്യത്തിന്റെയും , അതുവരെ പരസ്പരം കണ്ടിട്ട് പോലുമില്ലാത്ത രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി പോരാടിയവരുടെയും , അശാന്ത, വിശ്രമമില്ലാതെ പരിശ്രമിച്ചവരുടെയും ആ മുതുകുകൾ തന്നെയാണ് നമ്മളെ ഇന്ന് ഈ രാജ്യത്തിൻറെ സൃഷ്ട്ടിയിലേക്ക് നയിച്ചത്.

എങ്കിലും എവിടെയാണ് സ്വാതന്ത്ര്യം ?

മഹത്തായതും, ബൃഹത്തായതുമായ എഴുതപ്പെട്ട ഭരണഘടന ഇന്ത്യയെന്ന രാജ്യത്തിന് അസ്ഥിപോലെ ബലവും ആകൃതിയും നൽകുന്നുണ്ട് എങ്കിലും അതിലെ മാംസളമായ മനുഷ്യരെന്ന ഭാഗം ഇപ്പോഴും യഥാർത്ഥത്തിൽ സ്വാതന്ത്ര്യത്തെ ആഘോഷിക്കുന്നവരാണോ. രാജ്യത്തിന്റെ പ്രധാനമന്ത്രി അതിഗംഭീരമായി ഓരോ വർഷവും, ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യയുടെ ത്രിവർണ പതാക ഉയർത്തി രാജ്യത്തിനെ അഭിസംബോധന ചെയ്യുമ്പോൾ, രാജ്യമൊട്ടാകെ യഥാർത്ഥത്തിൽ ഇന്ത്യയെന്ന ഒറ്റ വികാരത്തിൽ സ്വാതന്ത്ര്യത്തിന്റെ വാർഷികം ആഘോഷിക്കപ്പെടുന്നുണ്ടോ!

അടിമകളാണ് നമ്മൾ !

140 കോടിയോളം ജനങ്ങളിൽ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നവരാണ് പകുതിയും പേർ. അക്രമത്തിന്റെ പേരിലും, അഴിമതിയുടെ പേരിലുമുള്ള വാർത്തകൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നു. സ്വന്തം ജീവിതത്തിന്റെ അർഥം പോലും നിർവചിക്കാനാവാത്തവർ ആണ് ഇന്ത്യയുടെ തെരുവുകളിൽ ഇന്നും, ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നത്. പട്ടിണിയും തൊഴിലില്ലായ്മയും വർധിക്കുന്ന രാജ്യത്തിന്റെ അവസ്ഥ സ്വാതന്ത്ര്യം നേടി 78 വർഷങ്ങൾക്കിപ്പുറവും എവിടെ എത്തി നിൽക്കുന്നു എന്നതാണ് ഓരോ സ്വാതന്ത്ര്യ ദിന പരേഡിലും നാം കണക്ക് നിരത്തേണ്ടത്. അതിന് ശേഷമാവട്ടെ വരും വർഷങ്ങളിൽ ഇന്ത്യ നേടാൻ പോവുന്ന കണ്ണഞ്ചിപ്പിക്കുന്ന ഗീബൽസിയൻ നുണകളുടെ പ്രചാരണം.

ബഹുസ്വരതയുടെയും, മതേതരത്വത്തിന്റെയും പൊൻതൂവലുകൾ നമ്മുടെ ഇന്ത്യയെ കൂടുതൽ മനോഹരമാക്കുന്നുവെങ്കിലും, ഒരു വിഭാഗം മാത്രം അതിന്റെ പൂർണ്ണ അർത്ഥത്തിൽ ആഘോഷിക്കുന്ന സ്വാതന്ത്ര്യദിനത്തിൽ തന്നെയാണ് നാം ഇപ്പോഴും. ജാതിയും, മതവും വെറുപ്പ് തുപ്പുന്ന ജീവിതങ്ങൾ ഇന്നുമില്ലേ, സാമ്പത്തിക അസമത്വത്തിലുള്ള വിടവ് വർധിച്ചില്ലേ ? 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ, യഥാർത്ഥത്തിൽ ഇന്നും എവിടെയാണ് വെറുപ്പിൽ പൊലിഞ്ഞുപോയ ജീവനുകൾക്ക് നീതി ലഭിച്ചത്? അറപ്പിന്റെ താഴ്ചയിൽ, ചേരികളിൽ ഇന്നും ജീവിതം വറ്റി വരണ്ടവർക്ക് എവിടെയാണ് നിയമം നടപ്പിലാക്കപ്പെട്ടത് ?

78 വർഷങ്ങൾക്കിപ്പുറം നാം കോളനികരീക്കപ്പെട്ടതിൽ നിന്നും, നാട്ടുരാജ്യവ്യവസ്ഥയിൽ നിന്നും, ജനാധിപത്യത്തിന്റെ മുഖം മൂടിയണിഞ്ഞ മറ്റൊരു കോർപ്പറേറ്റ് അടിമത്വത്തിന്റെ പിടിയിലാണെന്നതാണ് യാഥാർത്ഥ്യം. 3,000 കോടിയുടെ പ്രതിമയും, അതിലും കൂടുതലായി, കണക്കുകൾ ഇല്ലാത്ത അഴിമതിയുടെയും കീഴിലെ വെറും കാഴ്ചക്കാരായാണ് നാം ഇന്നുള്ളത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യ അതിന്റെ ഹൈറാർക്കിയൽ ശാപം ഇപ്പോഴും തലയിലെ കനമില്ലാത്ത പൊൻതൂവൽ കണക്കെ, കൊണ്ട് നടക്കുകയാണ്. ജീവിക്കാനുള്ള ഭാരം താങ്ങുന്നതിനിടയ്ക്ക്, തലയിലെ അടിമത്തത്തിന്റെ കനം നാം അറിഞ്ഞിട്ടും മറന്നുകളയുന്നു, പ്രതികരിക്കാതിരിക്കുന്നു.. അത് തന്നെയാണ് നമ്മെ അടിമകളാക്കുന്നവർക്ക് വേണ്ടതും!

REPORT: HAFSATH NASRIN

Top