കേന്ദ്രത്തിൽ ഏത് മുന്നണി അധികാരത്തിൽ വന്നാലും പ്രതികാര നടപടികൾ ഉണ്ടാകും, ഇനിയാണ് യഥാർത്ഥ വെല്ലുവിളി

കേന്ദ്രത്തിൽ ഏത് മുന്നണി അധികാരത്തിൽ വന്നാലും പ്രതികാര നടപടികൾ ഉണ്ടാകും, ഇനിയാണ് യഥാർത്ഥ വെല്ലുവിളി
കേന്ദ്രത്തിൽ ഏത് മുന്നണി അധികാരത്തിൽ വന്നാലും പ്രതികാര നടപടികൾ ഉണ്ടാകും, ഇനിയാണ് യഥാർത്ഥ വെല്ലുവിളി

കേന്ദ്രത്തില്‍ ആര് തന്നെ സര്‍ക്കാര്‍ ഉണ്ടാക്കിയാലും സംഭവിക്കാന്‍ പോകുന്നത് എന്തൊക്കെയാണെന്നതും നാം ഇപ്പോള്‍ അറിയേണ്ടതുണ്ട്. മോദിക്ക് മൂന്നാംതവണയും അവസരം ലഭിക്കുകയാണെങ്കില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളെ സംബന്ധിച്ച് അത് ചരിത്രത്തിലെ വലിയ പ്രതിസന്ധിയായാണ് മാറുക. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് വലിയ ഭീഷണിയായും അത്തരമൊരു സര്‍ക്കാര്‍ മാറും. കോണ്‍ഗ്രസ്സ് ഭരിക്കുന്ന കര്‍ണ്ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് ഭരണകൂടങ്ങള്‍ക്കാണ് ഏറ്റവും വലിയ ഭീഷണിയുണ്ടാകുക. കോണ്‍ഗ്രസ്സിനെ പിളര്‍ത്തി ഈ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ ബദലിനും ബി.ജെ.പി ശ്രമിക്കും.

പശ്ചിമ ബംഗാളിലും കേരളത്തിലും ഏത് പ്രാദേശിക കക്ഷികളെ ഒപ്പം കൂട്ടിയാലും അധികാരത്തില്‍ വരാന്‍ കഴിയില്ല എന്നതിനാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. ഇതിനായുള്ള അവസരങ്ങള്‍ ബി.ജെ.പി ഉണ്ടാക്കി കൊടുക്കുമെന്നതും ഉറപ്പാണ്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായ അന്തരീക്ഷം കേരളത്തിന്‍ ഉള്ളതിനാല്‍ പിന്നീട് എപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും ബി.ജെ.പി വിരുദ്ധ സര്‍ക്കാര്‍ തന്നെയാണ് കേരളത്തില്‍ അധികാരത്തില്‍ വരിക. കേന്ദ്രത്തില്‍ ബി.ജെ.പിക്ക് തുടര്‍ഭരണം ലഭിച്ചാല്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ വീണ്ടും പിളര്‍ത്താനും ബി.ജെ.പി ശ്രമിക്കും. കേന്ദ്ര ഏജന്‍സികളെ ഭയപ്പെടുന്ന എം.എല്‍.എമാര്‍ക്കും നേതാക്കള്‍ക്കും പിടിച്ചു നില്‍ക്കുക പ്രയാസമായിരിക്കും.

സമാനമായ സാഹചര്യം തമിഴ്‌നാട്ടിലും ഉണ്ടാകും. നിലവില്‍ അതിശക്തമായ നിലയിലാണ് ഡി.എം.കെ ഉള്ളതെങ്കിലും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ ചിത്രം മാറും. നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടി.വി.കെ എന്ന പാര്‍ട്ടി രംഗത്തിറങ്ങുന്നതോടെ ഡി.എം.കെ കടുത്ത വെല്ലുവിളിയാണ് നേരിടുക. ഇതിനിടയില്‍ നേട്ടമുണ്ടാക്കാന്‍ ബി.ജെ.പിയും ശ്രമിക്കും. ഡി.എം.കെ സര്‍ക്കാറിനെ വീഴ്ത്തുന്നതിന് ആരുമായും കൂട്ട് കൂടാന്‍ ബി.ജെ.പി തയ്യാറാകും.

2026-ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലും സമാന നീക്കങ്ങള്‍ ബി.ജെ.പി നടത്തുമെങ്കിലും അത് വിലപ്പോവാന്‍ സാധ്യതയില്ല. എങ്കിലും കോണ്‍ഗ്രസ്സില്‍ നിന്നുള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കേരളത്തിലും ബി.ജെ പിയില്‍ എത്താനുള്ള സാഹചര്യം കൂടുതലാണ്. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈ ഉള്‍പ്പെടുന്ന മഹാരാഷ്ട്രയില്‍ ഭരണം നിലനിര്‍ത്തുക എന്നത് ബി.ജെ.പിയുടെ അഭിമാന പ്രശ്നമാണ്. ആര്‍.എസ്.എസ് ആസ്ഥാനമായ നാഗ്പൂര്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനമായതിനാല്‍ ആര്‍.എസ്.എസും മഹാരാഷ്ടയുടെ കാര്യത്തില്‍ പ്രത്യേക താല്‍പ്പര്യമെടുക്കും.

ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനം കൂടിയാണ് മഹാരാഷ്ട. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗം മികച്ച പ്രകടനം കാഴ്ചവച്ചാല്‍ അവരെ വീണ്ടും ഒപ്പം കൂട്ടാനും ബി.ജെ.പി ശ്രമിക്കും. മോദി മൂന്നാമതും അധികാരത്തില്‍ വന്നാല്‍ ശരദ് പവാറിന്റെ എന്‍.സി.പിക്കും പിന്നെ മഹാരാഷ്ട്രയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല.
സമാജ് വാദി പാര്‍ട്ടി, ആര്‍.ജെ.ഡി തുടങ്ങിയ രാജ്യത്തെ പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്താനും ഈ അവസരം ബി.ജെ.പി ഉപയോഗപ്പെടുത്തും.

ആം ആദ്മി പാര്‍ട്ടിയെയും ബി.ജെ.പി വെറുതെ വിടില്ല, മോദി വീണ്ടും അധികാരത്തില്‍ വന്നാല്‍, കെജരിവാളിനു നേരെയുള്ള കുരുക്ക് മുറുകും, ഡല്‍ഹിയിലെയും പഞ്ചാബിലെയും സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താനും നീക്കമുണ്ടാകും. ഇതിനു പുറമെ, കോണ്‍ഗ്രസ്സ് നേതാക്കളെ ലക്ഷ്യമിട്ടും നീക്കങ്ങള്‍ ഉണ്ടാകും. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്ര ഏജന്‍സികള്‍ കൂടുതല്‍ പിടിമുറുക്കുന്ന സാഹചര്യം ഉണ്ടായാല്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമാണ് അകത്താകുക. പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കും കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും എതിരായ കേസുകളുടെ ഗതിയും മാറും. ബി.ജെ.പി മൂന്നാം വട്ടവും അധികാരം പിടിച്ചാല്‍ പ്രതികാര ദാഹിയായ ഒരു സര്‍ക്കാരായി അതു മാറുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരും കരുതുന്നത്.

ഏകീകൃത സിവില്‍ കോഡും ഏകീകൃത തിരഞ്ഞെടുപ്പും ഉള്‍പ്പെടെ, ബി.ജെ.പി പ്രഖ്യാപിച്ച മുഴുവന്‍ അജണ്ടയും, മോദിക്ക് മൂന്നാം ഊഴം ലഭിച്ചാല്‍ നടപ്പാക്കപ്പെടും. ഇതോടെ. രാജ്യത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ചരിത്രം തന്നെയാണ് പൊളിച്ചെഴുതപ്പെടുക. മോദി വീണ്ടും വന്നാല്‍, ഏകാധിപത്യത്തിലേക്ക് രാജ്യം പോകുമെന്ന്, പ്രതിപക്ഷം തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കുന്നതും ഇതു കൊണ്ടാണ്. ബി.ജെ.പിയ്ക്ക് ഭരണംകിട്ടിയാലുള്ള ചില സാധ്യതകളാണ് ഇതൊക്കെയെങ്കില്‍ പ്രതിപക്ഷ സഖ്യത്തിന് ഭൂരിപക്ഷം ലഭിച്ചാല്‍ എന്താണ് സംഭവിക്കുക എന്നതു കൂടി ഇനി നോക്കാം.

ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍, ആദ്യം അവര്‍ സ്വീകരിക്കാന്‍ പോകുന്ന നടപടി, വിവിധ കേന്ദ്ര ഏജന്‍സികളിലെ പൊളിച്ചെഴുത്തായിരിക്കും. പ്രതിപക്ഷത്തെ തകര്‍ക്കാന്‍ മോദി സര്‍ക്കാര്‍ ഉപയോഗിച്ച അതേ ആയുധം ഉപയോഗിച്ച്, തിരിച്ച് ആക്രമിക്കാന്‍ ഇന്ത്യാ സഖ്യവും ശ്രമിക്കും. മോദി സര്‍ക്കാറിനു കീഴില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ക്കും സാധ്യത ഏറെയാണ്. ഇക്കാരും മുന്‍പ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തുറന്നു പറഞ്ഞിട്ടുള്ള കാര്യവുമാണ്. ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുമുള്ളത്.

അതായത്, ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാല്‍ തങ്ങളെ വേട്ടയാടിയ ഉദ്യോഗസ്ഥരെ അവര്‍ വെറുതെ വിടില്ലെന്നത് വ്യക്തം. വേണ്ടപ്പെട്ടവരെ കീ പോസ്റ്റുകളില്‍ നിയമിച്ച്, ബി.ജെ.പി നേതാക്കളെ വേട്ടയാടാനാണ് അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യാ സഖ്യം ശ്രമിക്കുക. മോദിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവരെ ലക്ഷ്യമിട്ട് ചില നീക്കങ്ങള്‍ ഉണ്ടായാല്‍ പോലും അത്ഭുതപ്പെടാനില്ല. ഇതിനു പുറമെ ബി.ജെ.പിക്ക് ഒപ്പമുള്ള ഘടക കക്ഷികളെ ഒപ്പം കൂട്ടാനും ഇന്ത്യാ സഖ്യം ശ്രമിക്കും. ഇതെല്ലാം തന്നെ സാധ്യതകളാണ്. അതായത് ബി.ജെ.പി അധികാരത്തില്‍ വന്നാലും ഇന്ത്യാ സഖ്യം അധികാരത്തില്‍ വന്നാലും ഇന്ത്യന്‍ രാഷ്ട്രീയ മേഖലയില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാകാന്‍ പോകുന്നത്. അതാകട്ടെ ഒരു യാഥാര്‍ത്ഥ്യവുമാണ്.

EXPRESS KERALA VIEW

Top