വ്യാപാരം, പ്രതിരോധം, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം നാള്‍ക്കുനാള്‍ ശക്തമായി കൊണ്ടിരിക്കുകയാണല്ലോ. ക്വാഡ് ലീഡേഴ്‌സ് ഉച്ചകോടിയിലും, യുഎന്‍ ഉച്ചകോടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡന് പുറമെ ജാപ്പനീസ്, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിമാരുമായും പങ്കെടുത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയത് ഏവരും ഉറ്റുനോക്കിയ കാര്യമാണല്ലോ. ഇന്തോ-പസഫിക് മേഖലയുടെ സമൃദ്ധിക്കും സമാധാനത്തിനുമായി ഉഭയകക്ഷി സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നേതാക്കള്‍ പരസ്പരം കൈമാറി.
ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഇടപെടലുകളെല്ലാം. എന്നാല്‍ ഏത് രീതിയില്‍ നോക്കിയാലും ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുന്‍പ് അമേരിക്ക നടത്തിയ മറ്റൊരു നീക്കം ആഗോളതലത്തില്‍ ഇന്ത്യയ്ക്ക് അപമാനമായി എന്നാണ് ലോക നിരീക്ഷകര്‍ പറയുന്നത്. അതിനു കാരണവുമുണ്ട്.
Also Read: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കൻ ബുദ്ധി, ഇസ്രയേലിനെ മുൻ നിർത്തിയുള്ള ‘രാഷ്ട്രീയക്കളി’
മോദിക്കും മുന്‍പേ ഖലിസ്ഥാനികളുമായി അമേരിക്ക നടത്തിയ കൂടിക്കാഴ്ച അര്‍ത്ഥമാക്കുന്നതെന്ത്?
സഖ്യം ചേരലും പ്രതിരോധവും അമേരിക്കന്‍ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. ബഹുമുഖ ബന്ധത്തില്‍ അമേരിക്ക പലപ്പോഴും അവരോധിക്കുന്ന ഒരു നയമുണ്ട്. അതിനുദാഹരണമാണ് ഖലിസ്ഥാനി വിഘടനവാദ ഗ്രൂപ്പുകളുമായുള്ള ബൈഡന്‍ ഭരണകൂടത്തിന്റെ കൂടിക്കാഴ്ച. സിഖ് കോയലിഷന്‍, അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റി തുടങ്ങിയ ഗ്രൂപ്പുകള്‍ പങ്കെടുത്ത മീറ്റിംഗ്, രാജ്യാന്തര ആക്രമണത്തില്‍ നിന്നും അമേരിക്കയുടെ സാന്നിധ്യം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇന്ത്യയുടെ ഉയര്‍ച്ചയെ അമേരിക്ക അംഗീകരിക്കുമ്പോഴും ഇന്ത്യയ്ക്കെതിരായ ഒരു തുറുപ്പുചീട്ടായി സിഖ് കലാപ കാര്‍ഡിനെ അവര്‍ കൈയില്‍ കരുതുന്നു.
ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ ഒരു ഭീഷണിയായി കാണുന്ന ഇന്ത്യ വിദേശത്ത് ഇത്തരം വിഘടനവാദികള്‍ക്ക് നല്‍കുന്ന പിന്തുണയെ പണ്ടേ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെയാണ് മോദിയുടെ വരവിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള ഈ കൂടിക്കാഴ്ചയെ സെന്‍സിറ്റീവ് വിഷയമായി കാണുന്നതും, ഖലിസ്ഥാനി വിഘടനവാദികള്‍ക്ക് കാനഡയും അമേരിക്കയും പിന്തുണ നല്‍കുന്ന സാഹചര്യം നയതന്ത്ര ബന്ധങ്ങളില്‍ പലപ്പോഴും പിരിമുറുക്കം സൃഷ്ടിക്കുന്നതും.
Also Read:ശ്രീലങ്കയിൽ ഉദിച്ച ‘ഹരിണി അമരസൂര്യയിൽ ഇന്ത്യയ്ക്കും പ്രതീക്ഷയോ?
ഖലിസ്ഥാന്‍ പ്രവര്‍ത്തകരുമായി അമേരിക്ക നടത്തിയ കൂടിക്കാഴ്ചയില്‍ കാര്യമായ നയതന്ത്ര പ്രത്യാഘാതങ്ങളുണ്ട് എന്നത് വസ്തുതയാണ്. അമേരിക്ക ന്യൂനപക്ഷ വിഭാഗങ്ങളുമായി ഇടപഴകുകയും രാജ്യാന്തര ഭീഷണികളില്‍ നിന്ന് അവര്‍ക്ക് സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിഘടനവാദ തീവ്രവാദ ഗ്രൂപ്പായി ഇന്ത്യ കണക്കാക്കുന്ന ഖലിസ്ഥാന്‍ പോലുള്ള പ്രസ്ഥാനങ്ങളുമായി ബന്ധമുള്ള അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.
ഇവിടെയാണ് സ്വതന്ത്ര സിഖ് രാഷ്ട്രം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ പ്രസ്ഥാനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു സെന്‍സിറ്റീവ് വിഷയമാണെന്ന് പറയുന്നതും. തീവ്രവാദത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യ നിരോധിച്ച ഗ്രൂപ്പുകളുമായുള്ള അമേരിക്കന്‍ കൂടിക്കാഴ്ച വിഘടനവാദ ഘടകങ്ങള്‍ക്കുള്ള മൗന പിന്തുണയായി മാറുമ്പോള്‍ സ്വാഭാവികമായും അത് ഇന്ത്യയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നു. ചുരുക്കത്തില്‍ വിഘടനവാദത്തെയും തീവ്രവാദത്തെയും കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ക്കിടെ ഇത്തരം നീക്കങ്ങള്‍ ഉണ്ടാക്കുന്ന നയതന്ത്ര സംഘര്‍ഷം അമേരിക്കയുടെ പ്രതിബദ്ധതയെയും രാഷ്ട്രീയ തന്ത്രങ്ങളെയും ഒരുപോലെ എടുത്തു കാണിക്കുന്നു.
Also Read: ഇസ്രയേല്‍ സൗദി നയതന്ത്ര സൗഹൃദം പേജറാക്രമണത്തോടെ പാടെ നിലയ്ക്കുന്നുവോ?
ഇന്ത്യന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയുണ്ടായ നശീകരണ പ്രവര്‍ത്തനങ്ങളും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് നേരിടേണ്ടി വന്ന ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളും സംബന്ധിച്ച ഇന്ത്യയുടെ സുരക്ഷാ ആശങ്കകളൊന്നും അമേരിക്ക കണ്ട മട്ടില്ല. ഇന്ത്യന്‍ നേതാക്കള്‍, വിമാനത്താവളങ്ങള്‍, പാര്‍ലമെന്റ് എന്നിവയ്ക്കെതിരായ ഭീഷണികളെക്കുറിച്ച് ഇതുവരെയും ഒരു അഭിപ്രായ പ്രകടനത്തിനും അമേരിക്ക മുതിര്‍ന്നിട്ടുമില്ല.
ഈ സാഹചര്യത്തില്‍ അമേരിക്കയുടെ ദേശീയ സുരക്ഷാ സ്ഥാപനത്തിലെ ഉന്നതതല ഉദ്യോഗസ്ഥര്‍ ഖലിസ്ഥാന്‍ വിഘടനവാദികളെ വൈറ്റ് ഹൗസിനുള്ളില്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നതും, അതിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ പങ്കുചേരലുമെല്ലാം ബൈഡന്‍-ഹാരിസ് ഭരണകൂടം തീവ്രവാദികളെ പിന്തുണയ്ക്കുന്നതിന് തുല്യമാണ് എന്നാണ് ഉയരുന്ന വിമര്‍ശനം. ഇത് ഇന്ത്യയുടെ പരമാധികാരത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും നിയന്ത്രണ രേഘകള്‍ക്കും മേല്‍ വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ സംശയമില്ല.
Also Read: അമേരിക്കൻ സാമ്പത്തിക ശക്തിക്ക് അടിപതറി തുടങ്ങിയോ..?
ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ഖലിസ്ഥാന്‍ വിഘടനവാദ പ്രസ്ഥാനത്തിന്റെ നിയമസാധുതയായും ഈ കൂടിക്കാഴ്ചയെ വ്യാഖ്യാനിക്കാനാകും. കാരണം ഇത്തരമൊരു സ്വീകാര്യത വിഘടനവാദികളെ കൂടുതല്‍ ധൈര്യപ്പെടുത്തുകയും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്താനുള്ള ആത്മവിശ്വാസം നല്‍കുകയും ചെയ്യുന്നുണ്ട്. എങ്കിലും നിലവിലെ സാഹചര്യത്തില്‍ ഉഭയകക്ഷി ബന്ധത്തില്‍ ഇതൊരു പ്രകോപന വിഷയമായി ഇന്ത്യ ഉന്നയിക്കാന്‍ ഇടയില്ല. ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇടര്‍ച്ച വരാതെ നോക്കാന്‍ അമേരിക്ക പരിശ്രമിക്കുമെങ്കിലും വിഘടനവാദി ശക്തികളെ തുറുപ്പ് ചീട്ടെന്ന പോലെ അമേരിക്ക കൊണ്ടുനടക്കുക തന്നെ ചെയ്യും.