CMDRF

തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ ജനനം: ആരാണ് അനുര കുമാര ദിസനായകെ ?

തംബുട്ടെഗാമയിൽ നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ

തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ ജനനം: ആരാണ് അനുര കുമാര ദിസനായകെ ?
തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ ജനനം: ആരാണ് അനുര കുമാര ദിസനായകെ ?

കൊളംബോ: ശ്രീലങ്കയിൽ പുതുചരിത്രം കുറിച്ച അനുര കുമാര ദിസനായകെ ആരാണെന്നാണ് ലോകം ഇപ്പോൾ തിരയുന്നത്. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റാണ്, നാഷനൽ പീപ്പിൾ പവർ സഖ്യം ( എൻപിപി) നേതാവായ അനുര കുമാര. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ നിന്ന് 100 കിലോമീറ്റർ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തില്‍ 1968 നവംബർ 24നായിരുന്നു അനുര കുമാര ദിസനായകെയുടെ ജനനം.

തംബുട്ടെഗാമയിൽ നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ് ദിസനായകെ. കെലനിയ സർവകലാശാലയിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അദ്ദേഹം വിദ്യാർഥി രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1987ൽ മാർക്സിസ്റ്റ് ജനത വിമുക്തി പെരമുനയിൽ (ജെവിപി) അംഗമായി. 1995ൽ സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ ദേശീയ ഓർഗനൈസറും ജെവിപിയുടെ കേന്ദ്ര വർക്കിങ് കമ്മിറ്റി അംഗവുമായി.

1998ൽ ജെവിപി പൊളിറ്റ് ബ്യൂറോയിൽ ഇടം നേടിയ ദിസനായകെ 2000ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ൽ ചന്ദ്രിക കുമാരതുംഗെയുടെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി സഖ്യമുണ്ടാക്കി കാർഷിക മന്ത്രിയായെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടർന്ന് 2005ൽ മന്ത്രിസ്ഥാനം രാജിവച്ചു. 2014ൽ ജെവിപിയുടെ നേതാവായി. നിലവിൽ കൊളംബോ ജില്ലയിൽ നിന്നുള്ള പാർലമെന്റംഗം.

2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. കടുത്ത അഴിമതി വിരുദ്ധ നിലപാടു പുലർത്തുന്ന, സംവിധാനങ്ങളുടെ സുതാര്യത ആവശ്യപ്പെടുന്ന നേതാവെന്ന പ്രതീതിയാണ് ദിസനാകെയ്‌ക്കുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ദിസനായകെ തന്റെ പ്രസംഗങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയ വിഷയങ്ങൾ ഇവയായിരുന്നു.

Top