റഷ്യയിലെ കുര്‍സ്‌ക് മേഖലയില്‍ 1000 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള 74 പട്ടണങ്ങളും ജനവാസ കേന്ദ്രങ്ങളും പിടിച്ചെടുത്ത് യുക്രെയ്നിന്റെ സൈന്യം അപ്രതീക്ഷിതമായ കടന്നുകയറ്റം നടത്തി. 2022-ല്‍ റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം അതിര്‍ത്തി കടന്നുള്ള യുക്രെയ്‌നിന്റെ ഏറ്റവും വലിയ മുന്നേറ്റമായാണ് ഈ നീക്കത്തെ ലോകം കാണുന്നത്. ഏഴ് ദിവസം നീണ്ട ആക്രമണങ്ങള്‍ക്കൊടുവിലാണ് പടിഞ്ഞാറന്‍ റഷ്യയിലെ പ്രദേശങ്ങളില്‍ യുക്രെയിന്‍ ആധിപത്യം സ്ഥാപിക്കുന്നത്. അതിര്‍ത്തി കടന്നുള്ള അപ്രതീക്ഷിത നീക്കത്തിന് പിന്നിലെ സൂത്രധാരന്‍, യുദ്ധക്കളത്തിലെ കശാപ്പുകാരന്‍ എന്ന വിളിപ്പേരുള്ള യുക്രെയ്നിലെ ഉന്നത സൈനിക കമാന്‍ഡര്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനെ ചൊടിപ്പിച്ച യുക്രെയ്‌നിയന്‍ കടന്നുകയറ്റത്തിന് ഉത്തരവാദിയായ ഒലെക്‌സാണ്ടര്‍ സിര്‍സ്‌കി ആരാണ്?
റഷ്യന്‍ സൈനിക കുടുംബത്തിലെ യുക്രെയ്ന്‍ കമാന്‍ഡര്‍
1965 ല്‍ സോവിയറ്റ് യൂണിയനിലെ റഷ്യന്‍ സൈനിക കുടുംബത്തിലാണ് ഒലെക്‌സാണ്ടര്‍ സ്റ്റാനിസ്ലാവോവിച്ച് സിര്‍സ്‌കി ജനിച്ചത്. മോസ്‌കോ ഹയര്‍ മിലിട്ടറി കമാന്‍ഡ് സ്‌കൂളില്‍ പഠിച്ച അദ്ദേഹം സോവിയറ്റ് ആര്‍ട്ടിലറി കോര്‍പ്‌സില്‍ സേവനമനുഷ്ഠിച്ചു. 152 എംഎം 2എസ്5 ജിയാറ്റ്‌സിന്റ്-എസ്, 203 എംഎം 2എസ്7 പിയോണ്‍ സെല്‍ഫ് പ്രൊപ്പല്‍ഡ് ഹോവിറ്റ്‌സര്‍ എന്നിവ ഘടിപ്പിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ആണവ പീരങ്കികളുടെ യൂണിറ്റിലാണ് ആദ്യം സേവനമനുഷ്ഠിച്ചത്. പിന്നീട് BM27 ഉറഗന്‍ MBRL ഫീല്‍ഡിംഗ് റോക്കറ്റ് ആര്‍ട്ടിലറി യൂണിറ്റുകളില്‍ സേവനമനുഷ്ഠിച്ചു.
1991 -ല്‍ സോവിയറ്റ് യൂണിയന്‍ പിരിച്ചുവിടുന്നത് വരെ അദ്ദേഹം അഫ്ഗാനിസ്ഥാന്‍, താജിക്കിസ്ഥാന്‍, ചെക്കോസ്ലോവാക്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുകയും 1993-ല്‍, സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനെത്തുടര്‍ന്ന് ചുഹൂവിലെ സിര്‍സ്‌കിയുടെ സൈനിക യൂണിറ്റ് യുക്രേനിയന്‍ കമാന്‍ഡിന് കീഴില്‍ സേവനമാരംഭിക്കുകയും ചെയ്തു. അവിടെ നിന്നാണ് കേണല്‍ പദവിക്ക് തുല്യമായ റെജിമെന്റ് കമാന്‍ഡര്‍ സ്ഥാനത്തേക്ക് അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തില്‍, ബിലാ സെര്‍ക്വ ആസ്ഥാനമാക്കി 72-ാം യന്ത്രവല്‍കൃത ബ്രിഗേഡിന്റെ കമാന്‍ഡറായി മേജര്‍ ജനറല്‍ പദവിയിലേക്കുയര്‍ന്ന അദ്ദേഹം 2007-ല്‍ യുക്രേനിയന്‍ സായുധ സേനയുടെ യുണൈറ്റഡ് ഓപ്പറേറ്റീവ് കമാന്‍ഡറിന്റെ ആദ്യ ആദ്യ ഡെപ്യൂട്ടി ചീഫ് സ്റ്റാഫ് ആയി നിയമിതനായി.
ഹീറോ ഓഫ് യുക്രെയ്ന്‍
2011-2012 ല്‍ സൈനിക സഹകരണത്തിന്റെയും സമാധാന പരിപാലന പ്രവര്‍ത്തനങ്ങളുടെയും മെയിന്‍ ഡയറക്ടറേറ്റിന്റെ ആദ്യ ഡെപ്യൂട്ടി ആയിരുന്നു അദ്ദേഹം. 2013-ല്‍ ബ്രസ്സല്‍സിലെ നാറ്റോയുടെ ആസ്ഥാനത്ത് നിലയുറപ്പിച്ചു. യുക്രെയ്ന്‍ സായുധ സേനയുടെ പുതിയ മേധാവിയായി വലേരി സലുഷ്‌നിക്ക് പകരക്കാരനായാണ് ഒലെക്സാണ്ടര്‍ സിര്‍സ്‌കി രംഗപ്രവേശം ചെയ്യുന്നത്. യുക്രെയ്നിന്റെ പരമാധികാരത്തിനും പ്രാദേശിക സമഗ്രതയ്ക്കും നല്‍കിയ ഗണ്യമായ സംഭാവനകളെ മുന്‍നിര്‍ത്തി പരമോന്നത ബഹുമതിയായ ഹീറോ ഓഫ് യുക്രെയ്ന്‍ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 2022 ജൂലൈയില്‍, റഷ്യന്‍ സൈന്യത്തെ ഖാര്‍കിവ് നഗരത്തില്‍ നിന്ന് തുരത്തുകയും യുക്രേനിയന്‍ തലസ്ഥാനം പിടിച്ചെടുക്കാനുള്ള റഷ്യയുടെ ശ്രമത്തെ പരാജയപ്പെടുത്തുകയും ചെയ്ത പ്രത്യാക്രമണത്തിന്റെ സൂത്രധാരന്‍ അദ്ദേഹമായിരുന്നു.
എന്നാല്‍ ബഖ്മുത് യുദ്ധാനന്തരം രാജ്യത്ത് വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും നിരവധി സൈനികരെ നഷ്ടമാവുകയും ചെയ്തു. രക്തരൂക്ഷിതമായ സോവിയറ്റ് ശൈലി യുദ്ധത്തില്‍ അവലംബിച്ചതില്‍ സിര്‍സ്‌കി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. ബഖ്മുത് യുദ്ധം സിര്‍സ്‌കിക്ക് ‘കശാപ്പുകാരന്‍’ എന്ന വിളിപ്പേര് സമ്മാനിച്ചു. ആ യുദ്ധത്തില്‍ തനിക്ക് നഷ്ടപ്പെട്ട സൈനികരുടെ എണ്ണത്തെക്കുറിച്ചുള്ള വിമര്‍ശനം ഉണ്ടായിരുന്നിട്ടും, വാഗ്‌നര്‍ കൂലിപ്പടയാളി സംഘത്തെ കെട്ടിയിട്ട് റഷ്യയുടെ മൊത്തത്തിലുള്ള യുദ്ധശ്രമങ്ങളെ തകര്‍ത്തതായി അദ്ദേഹം വാദിച്ചു. സോവിയറ്റ് സൈനിക തന്ത്രങ്ങളുടെ ചീത്തപ്പേര് ചുമക്കുമ്പോഴും അച്ചടക്കമുള്ള കമാന്‍ഡര്‍ എന്നാണ് അദ്ദേഹത്തെ അനുയായികള്‍ വിശേഷിപ്പിക്കുന്നത്.