പാലക്കാട്: ലോകസഭയിലേക്ക് വടകര മണ്ഡലത്തില്‍ നിന്ന് ഷാഫി പറമ്പില്‍ ജയിച്ചതോടെ പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് നേരിയ ഭൂരിപക്ഷമാണെങ്കിലും നിലവിലെ സാഹചര്യം തീര്‍ത്തും സുരക്ഷിതമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍.
കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനെ ഇറക്കി ബിജെപി കളം നിറഞ്ഞപ്പോള്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് ലഭിച്ചത് 52,779 വോട്ടാണ്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ടിന്റെ ഭൂരിപക്ഷം. നഗരസഭ പരിധിയിലും മികച്ച മുന്നേറ്റം നടത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ ഉപതെരഞ്ഞെടുപ്പിലെ വിജയം ഉറപ്പെന്നാണ് കണക്കുകൂട്ടല്‍. ഷാഫി വടകരയിലേക്ക് വണ്ടി കയറിയപ്പോള്‍ തന്നെ പകരം ആര് എന്ന ചര്‍ച്ചകള്‍ സജീവമാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വി ടി ബലറാം എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്. തുടര്‍ച്ചയായ നഗരസഭാ ഭരണവും കഴിഞ്ഞ 2 നിയമസഭാ തെരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയതിന്റെ ആത്മവിശ്വാസവുമാണ് ബിജെപിയുടെ കൈമുതല്‍.
ഇ ശ്രീധരനെ പോലെ പൊതു സമ്മതനെ ഇറക്കാനായിരിക്കും നീക്കം. അതേസമയം എല്‍ഡിഎഫിന് കാര്യമായ സ്വാധീനമില്ലാത്ത മണ്ഡലമാണ് പാലക്കാട് മുന്‍ തെരഞ്ഞെടുപ്പുകളിലെ കണക്കുകളൊന്നും സിപിഎമ്മിന് പ്രതീക്ഷയ്ക്ക് വകനല്‍കുന്നുമില്ല. 2019 ല്‍ നിന്ന് 2024 ല്‍ എത്തിയപ്പോള്‍ കുറഞ്ഞത് 5323 വോട്ടാണ് ആര് മത്സരിച്ചാലും പ്രവചനാതീതമാകും പാലക്കാടന്‍ കാറ്റിന്റെ ഗതിയെന്ന് ഉറപ്പ്.