ബ്വേനസ് ഐറിസ്: ഇത്തവണത്തെ ലോകകപ്പ് യോഗ്യത തേടി ഇറങ്ങുന്ന ലാറ്റിൻ അമേരിക്കൻ വമ്പന്മാർക്കൊപ്പം ചേർന്ന് സൂപ്പർ താരങ്ങളായ എമിലിയാനോ മാർടിനെസും വിനീഷ്യസ് ജൂനിയറും. വെള്ളിയാഴ്ച പുലർച്ച നടക്കുന്ന മത്സരങ്ങളിൽ അർജന്റീന പരഗ്വേയെ നേരിടുമ്പോൾ ബ്രസീലിന് വെനിസ്വേലയാണ് എതിരാളികൾ ആവുക. ഇതേദിവസം, എക്വഡോർ- ബൊളീവിയ മത്സരവും നടക്കും. മോശം അംഗവിക്ഷേപത്തിന്റെ പേരിൽ കഴിഞ്ഞ ഒക്ടോബറിൽ രണ്ടു മത്സരങ്ങളിൽ വിലക്കുവാങ്ങിയാണ് അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ പുറത്തായത്. വിനീഷ്യസ് ജൂനിയറാകട്ടെ, പരിക്കിന്റെ പേരിലും. ഇപ്പോൾ ഇരുവരും വിലക്കും പരിക്കും നീങ്ങിയാണ് കളിക്കളത്തിലേക്ക് വീണ്ടും എത്തുന്നത്. പിറ്റേന്ന് നടക്കുന്ന മത്സരങ്ങളിൽ കൊളംബിയ ഉറുഗ്വായിക്കെതിരെയും പെറു ചിലിക്കെതിരെയും കൊമ്പുകോർക്കും.
പോയന്റ് നിലയിൽ അർജന്റീന തന്നെ നിലവിൽ ഒന്നാമത്- 22 പോയന്റ്. രണ്ടാമതുള്ള കൊളംബിയക്ക് 19ഉം. 16 പോയന്റുള്ള ഉറുഗ്വായ്, ബ്രസീൽ ടീമുകൾ മൂന്ന്, നാല് സ്ഥാനങ്ങളിലാണ്. 13 ഉള്ള എക്വഡോറും പരാഗ്വേയും താഴെയുമുണ്ട്. അഞ്ചു പോയന്റ് മാത്രമുള്ള ചിലി ഏറ്റവും ഒടുവിലാണ്. ഇനി അടുത്ത രണ്ടു കളികൾ ജയിച്ച് നേരത്തേ യോഗ്യത ഉറപ്പാക്കുകയാണ് അർജന്റീനയുടെ ലക്ഷ്യം. ഒക്ടോബറിൽ ബൊളീവിയക്കെതിരെ ഹാട്രിക് അടിച്ചും രണ്ട് അസിസ്റ്റ് നൽകിയും ഒരിക്കൽകൂടി ഹീറോ ആയി മാറിയ ലയണൽ മെസ്സിതന്നെ ഇപ്രാവശ്യവും നീലക്കുപ്പായക്കാരുടെ തുറുപ്പുചീട്ട്.
Also Read :ലോകകപ്പ്; കുവൈത്ത് ഇന്ന് ദക്ഷിണ കൊറിയയെ നേരിടും
കളിയിൽ അർജന്റീനക്കാരനായ ഗുസ്താവോ അൽഫാരോ പരിശീലകനായശേഷം പരഗ്വേ തോൽവി അറിഞ്ഞിട്ടില്ല. കരുത്തരായ ബ്രസീൽപോലും ടീമിന് മുന്നിൽ തോൽവി സമ്മതിച്ചിരുന്നു. മറുവശത്ത്, അർജന്റീന പ്രതിരോധത്തിലെ മുന്നണിപ്പോരാളിയായ ലിസാൻഡ്രോ മാർട്ടിനെസ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്- ലെസ്റ്റർ മത്സരത്തിൽ പരിക്കേറ്റ് പുറത്താണ്. ജർമൻ പെസല്ല നേരത്തേ പുറത്തിരിക്കുന്നതിനിടെയാണ് ഇപ്പോഴുള്ള ഈ ഇരട്ട ഷോക്ക്. അതേസമയം ബ്രസീലിനുമുണ്ട് ഏറെ ആധികൾ. നെയ്മർ നാളെയും ഇറങ്ങില്ല. പരിക്കുമായി പുറത്തിരിക്കുന്ന റോഡ്രിഗോക്കും ഇറങ്ങാനാകില്ല. അതേസമയം എൻഡ്രിക്കിനെ പരിഗണിച്ചിട്ടുമില്ല. റഫീഞ്ഞ, ലൂയിസ് എന്റിക് എന്നിവർക്കൊപ്പം ടീമിന് ജയം ഉറപ്പാക്കലാണ് വിനീഷ്യസിന് മുന്നിലെ ഏക ലക്ഷ്യം.