കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടന കേസില്‍ പൊലീസിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കുറ്റക്കാരെങ്കില്‍ പൊലീസ് അറസ്റ്റ് ചെയ്യും. തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയാണ്. മുഖം നോക്കാതെ നടപടി എടുക്കും. പാര്‍ട്ടി നോക്കി നിലപാട് എടുക്കില്ല. പൊലീസ് ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പലരും പിടിക്കപ്പെടുന്നത്. സിപിഐഎം ചെയ്തതായി വരുത്തിത്തീര്‍ക്കാന്‍ ശ്രമം നടക്കുകയാണ്. പാനൂരിലേത് രണ്ട് ടീമുകള്‍ തമ്മിലുള്ള പ്രശ്‌നമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരായ ടി ജി നന്ദകുമാറിന്റെ ആരോപണത്തെ ഇ പി ജയരാജന്‍ പിന്തുണച്ചു. അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോഴ ആരോപണം കാരണമാകാം. ഭയാനകമായ വെളിപ്പെടുത്തലാണ് പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് വലിയ നേതാവൊന്നും അല്ല. ഡിവൈഎഫ്‌ഐക്ക് ലക്ഷക്കണക്കിന് അംഗങ്ങള്‍ ഉണ്ട്. ഒരാള്‍ തെറ്റ് ചെയ്താല്‍ അത് ഡിവൈഎഫ്‌ഐയുടെ തലയില്‍ ഇടുകയാണോ. നാദാപുരം ലീഗ് കേന്ദ്രത്തിലേതും ബോംബ് സ്‌ഫോടനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.