രജനികാന്തിനെ കേന്ദ്രകഥാപാത്രമാക്കി ടി.ജി. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേട്ടൈയന്‍’. തെലുങ്ക് പ്രേക്ഷകര്‍ ഉയര്‍ത്തിയ ഒരു വിമര്‍ശനത്തിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ്. തെലുങ്ക് പതിപ്പിന് എന്തുകൊണ്ട് തമിഴ് ടൈറ്റില്‍ നൽകിയെന്ന വിമർശനം കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇതിന് മറുപടിയായി നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് രംഗത്തെത്തിയത്.
തെലുങ്ക് പതിപ്പിനും എന്തുകൊണ്ട് തമിഴ് ടൈറ്റില്‍ എന്നതായിരുന്നു വിമര്‍ശന പോസ്റ്റുകളിലെ പ്രധാന പോയിന്‍റ്. എന്നാല്‍ അതിന് തങ്ങള്‍ ശ്രമിക്കാത്തതല്ലെന്നും തങ്ങളുടെയും ആഗ്രഹം അതായിരുന്നുവെന്നും ലൈക്ക പ്രൊഡക്ഷന്‍സ് ഇത് സംബന്ധിച്ച് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വേട്ടൈയന്‍റെ തെലുങ്ക് മൊഴിമാറ്റ പതിപ്പ് വേട്ടഗഡു എന്ന പേരില്‍ പുറത്തിറക്കാനാണ് ആദ്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ആ ടൈറ്റില്‍ ലഭ്യമല്ലെന്ന് മനസിലായത്. പിന്നീട് ചിത്രത്തിന്‍റെ ആകെത്തുകയ്ക്ക് ഏറ്റവും ചേരുന്ന വേട്ടൈയന്‍ എന്ന പേര് റിലീസ് ചെയ്യപ്പെടുന്ന എല്ലാ മൊഴിമാറ്റ പതിപ്പുകള്‍ക്കും ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു, ലൈക്ക പ്രൊഡക്ഷന്‍സ് അറിയിക്കുന്നു. തെലുങ്ക് പ്രേക്ഷകരുടെ പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.