ഇന്ത്യ സ്വർണ കരുതൽ നിക്ഷേപത്തിൽ ആദ്യ പത്തിലുള്ള രാജ്യമാണ്. വൻതോതിൽ ഉള്ള സ്വർണശേഖരമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ കുറേപാദങ്ങളിലായി ഇന്ത്യ വലിയ രീതിയിൽ സ്വർണം വാങ്ങുന്നുണ്ട്. ഇതിനൊപ്പം തന്നെ വിദേശത്തുള്ള സ്വർണ ആസ്തി രാജ്യത്തേക്ക് മാറ്റുകയും ചെയ്യുന്നു. 2022ൽ 214 ടൺ സ്വർണമാണ് ഇങ്ങനെ ഇന്ത്യയിലേക്ക് മാറ്റിയത്. എന്തുകൊണ്ടാണ് ഇന്ത്യ ഇത്തരത്തിൽ സ്വർണം വിദേശത്ത് നിന്ന് കൊണ്ടു വരുന്നത്. ഇന്ത്യയുടെ സ്വർണ കരുതൽ നിക്ഷേപത്തെ കുറിച്ച് നമുക്ക് അറിയേണ്ടതെല്ലാമെന്ന് നോക്കാം…
ഇന്ത്യയുടെ കരുതൽ നിക്ഷേപം
കരുതൽ നിക്ഷേപമായി ഇന്ത്യക്ക് 855 ടൺ സ്വർണ നിക്ഷേപമുണ്ട് എന്നാണ് ഫോറിൻ എക്സ്ചേഞ്ച് റിസർവിന്റെ വിവരങ്ങൾ പ്രകാരം ലഭ്യമായ അറിവ് . ഇതിൽ ഇന്ത്യയിൽ സൂക്ഷിച്ചിട്ടുള്ളത് 510.5 ടണ്ണാണ്.
Also Read :തിരിച്ച് കയറി സ്വർണ വില; 400 രൂപ കൂടി
വീണ്ടും 102 ടൺ ഇന്ത്യയിലേക്ക്
വിദേശത്ത് സൂക്ഷിക്കുന്നതിനേക്കാൾ നിലവിലെ സാഹചര്യത്തിൽ സ്വർണം ഇന്ത്യയിൽ തന്നെ വെക്കുന്നതാണ് നല്ലതെന്ന ആർ.ബി.ഐ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഈയടുത്തായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും 102 ടൺ സ്വർണം ഇന്ത്യയിലേക്ക് ആർ.ബി.ഐ മാറ്റിയിരുന്നു. ഇതിനൊപ്പം ഉത്സവകാലത്തുള്ള വർധിച്ച ആവശ്യകതയും ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് ആർ.ബി.ഐയെ പ്രേരിപ്പിച്ചു. പ്രത്യേക വിമാനവും മറ്റ് സുരക്ഷ സംവിധാനങ്ങളും ഒരുക്കിയായിരുന്നു മെയ് 31ാം തീയതി അതീവരഹസ്യമായി സ്വർണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽ നിന്നും ഇന്ത്യയിലേക്ക് എത്തിച്ചത്.
Also Read :പൊതുമേഖല ബാങ്കുകളിലെ ഓഹരികൾ വിൽക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ
വിദേശത്തുള്ള സ്വർണം
നിലവിൽ വിദേശത്തുള്ളത് ഇന്ത്യയുടെ 324 ടൺ സ്വർണമാണ്. ഇതിൽ ഭൂരിപക്ഷവും ഇപ്പോൾ യു.കെയിലാണ്. ഏറ്റവും സുരക്ഷിതമായി സ്വർണം സൂക്ഷിക്കാൻ കഴിയുന്നത് യു.കെയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലാണ്. 1697 മുതൽ സ്വർണം സൂക്ഷിക്കുന്ന ഇവിടെ നിലവിൽ ആകെ 5,350 ടൺ സ്വർണമുണ്ടെന്നാണ് സൂചന.