ഒരു സൈനികന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച ആ മെഡലുകളെങ്കിലും തിരിച്ചുതന്നുകൂടേ? കള്ളന് കത്തുമായി യുവാവ്

ഒരു സൈനികന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച ആ മെഡലുകളെങ്കിലും തിരിച്ചുതന്നുകൂടേ? കള്ളന് കത്തുമായി യുവാവ്
ഒരു സൈനികന്റെ പരിശ്രമങ്ങൾക്ക് ലഭിച്ച ആ മെഡലുകളെങ്കിലും തിരിച്ചുതന്നുകൂടേ? കള്ളന് കത്തുമായി യുവാവ്

കല്‍പ്പറ്റ: ഉരുള്‍പൊട്ടൽ ദുരന്തത്തിന്‍റെ ആഘാതത്തില്‍ നിന്ന് കേരളം കരകയറുന്നതേ ഉള്ളൂ. അതിനിടെ ദുരന്തമുണ്ടായ ചൂരൽമലക്ക് സമീപം മേപ്പാടിയിൽ നടന്ന ഒരു മോഷണ വാർത്തയാണ് ഇപ്പോള്‍ ചർച്ചയാവുന്നത്. പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്നാണ് മോഷണം നടന്നത്. അടച്ചിട്ട വീടിന്റെ മുകളിലത്തെ നിലയിലെ ജനൽ ചില്ല് തകർത്ത് അകത്തുകയറിയ മോഷ്ടാവ്​, മൂന്നര പവൻ സ്വർണവും 30,000 രൂപ വില വരുന്ന റാഡോ വാച്ചുമടക്കം ​​കൊണ്ടുപോയി. എന്നാൽ കുടുംബത്തിന്റെ അമൂല്യമായ ഒരു സമ്പാദ്യം കള്ളൻ കവർന്നതാണ് വീട്ടുകാരെ പിടിച്ചുലച്ചത്. ഒരു സൈനികന്റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകളും കള്ളൻ കവർന്നു.

തങ്ങളുടെ അഭിമാന ചിഹ്നങ്ങളായിരുന്ന അവ കൊണ്ട് താങ്കൾക്ക് ഒരു പ്രയോജനവുമില്ലെന്നും തിരിച്ചുതന്നുകൂടേ എന്നും കള്ളനോട് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുകയാണ് ഹുമയൂൺ കബീർ.

പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട കള്ളന്,

സുഖമെന്ന് കരുതുന്നു

വയനാട് ജില്ല, ​പ്രത്യേകിച്ച് ഞങ്ങൾ താമസിക്കുന്ന മേപ്പാടിയും സമീപ പ്രദേശങ്ങളും സമാനതകളില്ലാത്ത ഒരു ദുരന്തം നേരിട്ടു നിൽക്കുന്നതിനിടെയാണ് താങ്കൾ എന്റെ ജേഷ്ഠന്റെ മേപ്പാടിയിലുള്ള വീട് കുത്തിപ്പൊളിച്ച് കയറി സാധനങ്ങൾ എടുത്തുകൊണ്ടുപോയിരിക്കുന്നത്. രാജ്യത്തിന്റെ പ്രധാനമന്ത്രി ദുരന്തമേഖല സന്ദർശിക്കുന്നതിനോടനുബന്ധിച്ച് ഒരുക്കിയിരുന്ന കനത്ത സുരക്ഷാ ക്രമീകരണങ്ങളും പൊലീസ് വിന്യാസവും മറികടന്ന് അതിസാഹസികമായി വീട്ടിൽ കയറി പണവും സ്വർണവും എടുത്തുകൊണ്ടുപോകണമെങ്കിൽ അത്രമാത്രം വലിയ എന്തോ സാമ്പത്തിക ആവശ്യം താങ്കൾക്കുണ്ടാവുമായിരിക്കും എന്നാണ് കരുതുന്നത്.

രണ്ടു മനുഷ്യാത്മാക്കൾ പകലന്തിയോളം അധ്വാനിച്ച് സമ്പാദിച്ചതാണ് താങ്കൾ മോഷ്ടിച്ചു കൊണ്ടുപോയ പണവും സ്വർണവു​മെല്ലാം.

ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് ജീവനും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ നാട്ടുകാരുടെ നഷ്ടങ്ങൾ വെച്ചു നോക്കുമ്പോൾ ഞങ്ങൾക്ക് സംഭവിച്ചത് ഒന്നുമല്ല. മഴയൊന്ന് ശക്തമായി പെയ്താൽ, ഭൂമി ഒരൽപ്പം വിറകൊണ്ടാൽ, കാറ്റിന് അൽപം കൂടി ശക്തിയേറിയാൽ പാറിപ്പോകുന്നതാണ് ലോകത്തെ സകല സമ്പത്തുകളും.

താങ്കൾ എടുത്തു കൊണ്ടുപോയ സ്വർണത്തിന്റെയും പണത്തിന്റെയും മൂല്യം കണക്കുകൂട്ടി തിട്ടപ്പെടുത്താനാവും. പക്ഷേ വിലയിടാൻ കഴിയാത്ത മൂല്യമുള്ള ഒരു സമ്പാദ്യം ഞങ്ങളുടെ വീട്ടിൽ നിന്ന് നിങ്ങൾ എടുത്തു കൊണ്ടുപോയിട്ടുണ്ട്,അത് വല്ലാത്ത ഒരു ചെയ്ത്തായിപ്പോയി. ഞങ്ങളുടെ മുത്തൂസ്​ (കെ.വി. അമൽ ജാൻ, ഇന്ത്യൻ നേവി) അവന്റെ കഠിനാധ്വാനവും സമർപ്പണവും കൊണ്ട് നേടിയെടുത്ത സൈനിക മെഡലുകളാണത്. സാധാരണക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന മേപ്പാടിയുടെ പിന്നോക്കാവസ്ഥയും സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഇപ്പോൾ കുറച്ചു ദിവസങ്ങളായി വിവിധ പത്ര-ദൃശ്യമാധ്യമങ്ങളിലൂടെ ലോകം കണ്ടുകൊണ്ടിരിക്കുകയാണ്. ഇത്രയും പിന്നോക്കമായ ഒരു പ്രദേശത്തു നിന്ന് ഒരു ബാലൻ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്ക് സെലക്ഷൻ നേടി എത്തിപ്പെടണമെങ്കിൽ അവൻ അതിനായി നടത്തിയ പരിശ്രമങ്ങളും അവന്റെ മാതാപിതാക്കളും കുടുംബവും അനുഭവിച്ച ത്യാഗങ്ങളും എത്ര വലുതായിരിക്കുമെന്ന് ഒന്നു സങ്കൽപ്പിച്ചു നോക്കൂ. ആ എൻ.ഡി.എയിൽ മിടുക്കനായി പരിശീലനം നേടിയതിനു ലഭിച്ച അഭിനന്ദന സമ്മാനങ്ങളാണ് താങ്കൾ പെറുക്കിക്കൊണ്ടുപോയ ആ മെഡലുകൾ. ഒരു സൈനികന്റെ കഠിന പരിശ്രമങ്ങൾക്ക് ലഭിച്ച മെഡലുകൾ ഒരിക്കലും വിൽക്കാനോ പണയം വെക്കാനോ കഴിയില്ല. അത് കൊണ്ട് താങ്കൾക്ക് ഒരു പ്രയോജനവുമില്ല, ഞങ്ങൾക്കാവട്ടെ അത് ഏറ്റവും വലിയ അഭിമാനത്തിന്റെ അടയാള ചിഹ്നങ്ങളായിരുന്നു. ആ മെഡലുകളെങ്കിലും ഒന്ന് തിരിച്ചുതന്നുകൂടേ?

സ്നേഹത്തോടെ

ഹുമയൂൺ കബീർ

Top