എറണാകുളം: ഏലൂരില്‍ എന്തുകൊണ്ട് ആരോഗ്യ സര്‍വേ നടത്തുന്നില്ലെന്ന ചോദ്യവുമായി ഹൈക്കോടതി. 2008 ല്‍ ഏലൂര്‍ മേഖലയില്‍ ആരോഗ്യ സര്‍വേ നടത്തിയിരുന്നു. പ്രദേശത്ത് മലിനീകരണം തുടരുകയാണ്, വീണ്ടും ആരോഗ്യ സര്‍വേ നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും, പെരിയാര്‍ തീരത്തെ വ്യവസായ സ്ഥാപനങ്ങളുടെ പട്ടിക നല്‍കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
മലിനീകരണ നിയന്ത്രണ ബോര്‍ഡിനാണ് കോടതി നിര്‍ദേശം നല്‍കിയത്. NOC നല്‍കിയ സ്ഥാപനങ്ങളുടെ പട്ടികയും കൈമാറണം. ഈ സ്ഥാപനങ്ങളിലടക്കം ഹൈക്കോടതി നിയോഗിച്ച സമിതി പരിശോധന തുടരണം.പെരിയാറില്‍ പാതാളം ബണ്ടിന്റെ മുകള്‍ ഭാഗത്താണ് മലിനീകരണം ഉണ്ടാക്കുന്ന കമ്പനികള്‍ കൂടുതലും എന്ന് ഹര്‍ജിക്കാര്‍ വ്യക്തമാക്കി. ഈ ഭാഗത്തും പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.