ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് വീണ്ടും ഇപ്പോള്‍ ചൂട് പിടിച്ചിരിക്കുകയാണ്. ഈ റിപ്പോര്‍ട്ട് പൂര്‍ണ്ണമായും പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കാനാണ് ബഹുമാനപ്പെട്ട ഹൈക്കോടതി ഇപ്പോള്‍ ഉത്തരവിട്ടിരിക്കുന്നത്. ഈ നടപടിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ഏതെങ്കിലും തരത്തിലുള്ള പകപോക്കലോ, ബ്ലാക്ക് മെയിലിങ്ങോ ഉണ്ടാവില്ലെന്നതു കൂടി അന്വേഷണ സംഘം ഉറപ്പ് വരുത്തേണ്ടതുണ്ട്. ഹേമ കമ്മറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയവരും, ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പീഢനം ആരോപിക്കുന്നവരും, വര്‍ഷങ്ങളുടെ പഴക്കമുള്ള കഥകളാണ് നിരത്തുന്നത്. സ്ത്രീ പീഢനത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍, കാലപഴക്കം ഒരു തടസ്സമല്ലങ്കിലും, എല്ലാ വശങ്ങളും പരിശോധിക്കേണ്ടത് അനിവാര്യം തന്നെയാണ്.
ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ്, ഇന്ത്യന്‍ ജുഡീഷ്യറിയുടെ ആപ്തവാക്യം, ഇത് നടിമാരുടെ വെളിപ്പെടുത്തലിന്‍മേല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസിലും ബാധകമാകണം. തെറ്റ് ചെയ്തവര്‍ എത്ര ഉന്നതരായാലും, ശിക്ഷിക്കപ്പെടുക തന്നെ വേണം. അതുപോലെ തന്നെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടി, ഇറങ്ങിത്തിരിച്ചവര്‍ ഉണ്ടെങ്കില്‍, അവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.
നടന്‍ മുകേഷിന് എതിരെ പരാതി നല്‍കിയ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, മുകേഷ് തന്നെ പീഡിപ്പിച്ച ശേഷം, മറ്റൊരു അവസരത്തില്‍ പണം ആവശ്യപ്പെട്ടതായി ഇപ്പോള്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇത്തരം മൊഴികള്‍, യഥാര്‍ത്ഥത്തില്‍ ചൂഷണം ചെയ്യപ്പെട്ടവരുടെ വിശ്വാസ്യതയ്ക്കു കൂടിയാണ് തിരിച്ചടിയായി മാറുക. പരസ്പര സമ്മതപ്രകാരം ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം പിന്നീട്, അതിനെ മുതലെടുപ്പിനായി ഉപയോഗപ്പെടുത്തുന്നത്, ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല.
രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്, സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍, ഒരു കമ്മിറ്റിയെ കേരള സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ അദ്ധ്യക്ഷയായ ഈ കമ്മിറ്റി, എല്ലാ വശവും പഠിക്കാതെ, ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത് എന്ന പരാതിയും ഇതിനകം തന്നെ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യവും ഗൗരവമായി ബഹുമാനപ്പെട്ട കോടതികള്‍ പരിശോധിക്കേണ്ടതുണ്ട്.
സര്‍ക്കാര്‍ ഹേമ കമ്മറ്റിയെ നിയോഗിച്ചിരിക്കുന്നത്, സിനിമാ മേഖലയിലെ സ്ത്രീകളുടെ മൊത്തം പ്രശ്നങ്ങള്‍ പഠിക്കാനാണ് അതല്ലാതെ, ഡബ്ല്യൂസിസി എന്ന സിനിമാ മേഖലയിലെ ഒരു ചെറിയ സംഘടനയിലെ അംഗങ്ങളുടെ വാദങ്ങള്‍ കേള്‍ക്കാനല്ലെന്നതും നാം ഓര്‍ക്കേണ്ടതുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ സുപ്രീം കോടതി വരെ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ള കാര്യമാണിത്.
മലയാള സിനിമയിലെ പ്രബല സംഘടനയായ അമ്മ, ഫെഫ്ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ധാരാളം സ്ത്രീകളുണ്ട്. ഇവരുടെയൊന്നും മൊഴി ഹേമ കമ്മറ്റി രേഖപ്പെടുത്താത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്. തീര്‍ച്ചയായും ഈ ചോദ്യത്തിനും പ്രസക്തിയുണ്ട്.
ഹേമ കമ്മറ്റിയുടെ പ്രവര്‍ത്തനത്തിന് മാത്രമായി വന്‍ തുകയാണ് പൊതുഖജനാവില്‍ നിന്നും ചിലവിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ റിപ്പോര്‍ട്ട് സംബന്ധമായി ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാരിനും വിശദീകരണം നല്‍കേണ്ടി വരും. ഈ കമ്മിറ്റിക്കു മുന്‍പാകെ ഒരു പ്രമുഖ നടി നല്‍കിയ മൊഴി വിശ്വാസ്യയോഗ്യമല്ലെന്ന ഹേമ കമ്മറ്റിയുടെ വിലയിരുത്തലിലും കൂടുതല്‍ വിശദീകരണം ആവശ്യമാണ്.
മലയാള സിനിമാ മേഖലയില്‍ മാത്രമല്ല, സ്ത്രീകള്‍ ജോലി ചെയ്യുന്ന എല്ലാ മേഖലയിലും അതിന്റേതായ ബുദ്ധിമുട്ടുകള്‍ സ്ത്രീകള്‍ നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരം തീര്‍ച്ചയായും ആവശ്യമാണ്. ഇപ്പോള്‍ തന്നെ, ഹേമ കമ്മറ്റി മോഡല്‍ ഒരു സമിതി വേണമെന്ന ആവശ്യം മറ്റു പല മേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്നുണ്ട്. ഇക്കാര്യവും, ഗൗരവമായി തന്നെ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്.
സ്ത്രീപക്ഷ സര്‍ക്കാരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ എന്നത് തുടര്‍ച്ചയായ നടപടികളിലൂടെ വ്യക്തമാണ്. ആരൊക്കെ എതിര്‍ത്താലും അതൊരു യാഥാര്‍ത്ഥ്യം തന്നെയാണ്. ഈ നിലപാടിനെ പിന്തുണയ്ക്കുമ്പോള്‍ തന്നെ നിരപരാധികളായ പുരുഷന്‍മാര്‍ വേട്ടയാടപ്പെടരുത് എന്ന കാര്യത്തിലും സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണം.
അതുപോലെ തന്നെ, ആരോപണങ്ങളെ ഒരു തെളിവുകളുടെയും പിന്‍ബലമില്ലാതെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെയും പരിഷ്‌കൃത സമൂഹം ചോദ്യം ചെയ്യേണ്ടതുണ്ട്. ചാനല്‍ കിടമത്സരത്തില്‍ റേറ്റിങ്ങിനുവേണ്ടി എന്തും ഏതും ലൈവായി പ്രക്ഷേപണം ചെയ്യുന്ന രീതിയാണ് നിലവില്‍ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ സ്വീകരിച്ചു വരുന്നത്. ഈ രീതി പലരുടെയും കുടുംബത്തെയും ബാധിക്കുന്ന രൂപത്തിലേക്കാണ് വളര്‍ന്നിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, കുറ്റാരോപിതര്‍ അവര്‍ ആര് തന്നെ ആയാലും പിന്നീട് അവരുടെ നിരപരാധിത്വം തെളിഞ്ഞാലും പൊതുസമൂഹത്തില്‍ നിന്നും കുറ്റവിമുക്തരാകപ്പെടാത്ത സ്ഥിതിയാണ് സംജാതമാകുക. അപകടകരമായ സ്ഥിതിവിശേഷമാണിത്. അതെന്തായാലും, പറയാതെ വയ്യ.
EXPRESS VIEW