CMDRF

മന്ത്രി ശശീന്ദ്രനെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കണം? എന്‍.സി.പിയുടെ മന്ത്രിയെ ആ പാര്‍ട്ടി തീരുമാനിക്കട്ടെ

കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായ എ.കെ ശശീന്ദ്രന്‍ തുടര്‍ച്ചയായ ഏഴര വര്‍ഷമാണ് മന്ത്രിസ്ഥാനത്ത് തുടരുന്നത്. വീണ്ടും ആ സ്ഥാനത്ത് കടിച്ച് തൂങ്ങിയിരിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം അധികാരത്തോടുള്ള ആര്‍ത്തി മൂലമാണ്.

മന്ത്രി ശശീന്ദ്രനെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കണം? എന്‍.സി.പിയുടെ മന്ത്രിയെ ആ പാര്‍ട്ടി തീരുമാനിക്കട്ടെ
മന്ത്രി ശശീന്ദ്രനെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കണം? എന്‍.സി.പിയുടെ മന്ത്രിയെ ആ പാര്‍ട്ടി തീരുമാനിക്കട്ടെ

ന്‍.സി.പിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിക്കുന്നത് വലിയ നീതികേടാണ്. മന്ത്രിയെ മാറ്റി പകരം മറ്റൊരാളുടെ പേര് നിര്‍ദ്ദേശിക്കാനുള്ള അവകാശം ഇടതുപക്ഷത്തെ ഒരു ഘടകകക്ഷി എന്ന നിലയില്‍ എന്‍.സി.പി ക്കുണ്ട്. എ.കെ ശശീന്ദ്രനെ പോലെ ഭൂലോക തോല്‍വിയായ ഒരു മന്ത്രിയെയാണ് മാറ്റാന്‍ എന്‍.സി.പി ദേശീയ നേതൃത്വവും സംസ്ഥാന നേതൃത്വവും ആവശ്യപ്പെട്ടിരിക്കുന്നത്. പകരം കുട്ടനാട് എം.എല്‍.എയായ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നതാണ് ആവശ്യം. ഇത് തികച്ചും ന്യായമായ ആവശ്യമാണ്. അത് പരിഹരിക്കാതിരുന്നത് ദൗര്‍ഭാഗ്യകരമാണ്.

സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് തോമസ് കെ തോമസിനെതിരെ ഉയര്‍ന്ന ആരോപണമാണ് മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുന്നതിന് തടസ്സമെന്നാണ് ഒരു പ്രമുഖ ദിനപത്രം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ വാര്‍ത്ത ശരിയാണെങ്കില്‍ പോലും, ഒരു പരാതി ഉയര്‍ന്നാല്‍ മാറ്റി നിര്‍ത്തുന്നതാണ് നയമെങ്കില്‍, കെ.ബി ഗണേഷ് കുമാറും അഹമ്മദ് ദേവര്‍ കോവിലും മന്ത്രിമാരായി തുടര്‍ന്നതിലും അനൗചിത്യമുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ട് മാത്രം ആരെയും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിന്റെ ഭാഗമായാണ് ക്രമസമാധാന ചുമതലയില്‍ നിന്നും എ.ഡി.ജി.പി അജിത് കുമാറിനെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും മാറ്റി നിര്‍ത്താതിരിക്കുന്നത്.

തനിക്കെതിരെ ഒരു കേസുമില്ലെന്നും താന്‍ കൊടുത്ത കേസ് മാത്രമാണ് നിലവില്‍ ഉള്ളതെന്നുമാണ് തോമസ് കെ തോമസ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ട് മന്ത്രിയാക്കുന്നില്ല എന്നതിന്റെ ഉത്തരം മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തിന് നല്‍കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്. അല്പസമയം കൂടി കാത്തുനില്‍ക്കണമെന്ന ആവശ്യം മുഖ്യമന്ത്രി എന്‍.സി.പി നേതൃത്വത്തിന് മുന്നില്‍ വച്ചത് എന്തടിസ്ഥാനത്തിലാണെന്നതിന് വ്യക്തത ആവശ്യമാണ്. അത് പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുമുണ്ട്.

MLA THOMAS K THOMAS

എ.കെ ശശീന്ദ്രനുമായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തിപരമായ അടുപ്പമുണ്ടെങ്കില്‍ അത് തികച്ചും വ്യക്തിപരം മാത്രമായിരിക്കണം. അതല്ലാതെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് കടിച്ച് തൂങ്ങി നില്‍ക്കുന്നതിന് പിടിവള്ളിയായി മാറാന്‍ പാടില്ല.

രണ്ടരവര്‍ഷം വീതം എ.കെ ശശീന്ദ്രനും തോമസ് കെ തോമസും മന്ത്രിമാരാകുക എന്നത് എന്‍.സി.പി നേതൃത്വത്തിന്റെ തീരുമാനമാണ്. ആ തീരുമാനം പാലിക്കുക എന്നത് മുന്നണി മര്യാദയാണ്. അതാണിവിടെ ലംഘിക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ പിണറായി മന്ത്രിസഭയിലും അംഗമായ എ.കെ ശശീന്ദ്രന്‍ തുടര്‍ച്ചയായ ഏഴര വര്‍ഷമാണ് മന്ത്രിസ്ഥാനത്ത് തുടരുന്നത്. വീണ്ടും ആ സ്ഥാനത്ത് കടിച്ച് തൂങ്ങിയിരിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം അധികാരത്തോടുള്ള ആര്‍ത്തി മൂലമാണ്. അത്തരക്കാരെ സംരക്ഷിക്കുന്നത് ഇടതുപക്ഷ നയമാണോ എന്നതിന് ഇടതുപക്ഷ നേതൃത്വവും മറുപടി പറയേണ്ടതുണ്ട്.

Also Read: വെമ്പായം പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വിവാദ ഫോണ്‍ കെണിയില്‍പ്പെട്ട എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് നിന്നും മാറിനില്‍ക്കേണ്ടി വന്നതും ഈ ഘട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുണ്ട്. പരാതിക്കാരിയായ വനിതാ മാധ്യമപ്രവര്‍ത്തക പരാതിയുമായി മുന്നോട്ട് പോകാതിരുന്നതുകൊണ്ട് മാത്രമാണ് ശശീന്ദ്രന്‍ രക്ഷപ്പെട്ടിരുന്നത്. അന്ന് ശശീന്ദ്രന്‍ എങ്ങനെയാണ് മാധ്യമ പ്രവര്‍ത്തകയോട് സംസാരിച്ചുവെന്നത് കേരളം കേട്ടതാണ്. അതുകൊണ്ട് വലിയ മാന്യതയൊന്നും ആരും തന്നെ ശശീന്ദ്രന് ചാര്‍ത്തി നല്‍കേണ്ടതില്ല.

രണ്ടാം പിണറായി സര്‍ക്കാരിലെ ഏറ്റവും മോശം മന്ത്രിയായി വിലയിരുത്തപ്പെടുന്ന മന്ത്രിയാണ് എ.കെ ശശീന്ദ്രന്‍. വനം വകുപ്പുമായി ബന്ധപ്പെട്ട് വലിയ പരാതിയാണ് ജനങ്ങള്‍ക്ക് ഇപ്പോഴുമുള്ളത് എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

MINISTER AK SASEENDRAN

ഇനി ജനസ്വാധീനത്തിന്റെ കാര്യമാണ് പരിശോധിക്കുന്നതെങ്കില്‍ കഴിഞ്ഞ രണ്ട് തവണയായി എ.കെ ശശീന്ദ്രന്‍ പ്രതിനിധീകരിക്കുന്ന എലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ വ്യക്തിപരമായ സ്വാധീനം വച്ച് ഒരു പഞ്ചായത്ത് വാര്‍ഡില്‍ പോലും ഒറ്റയ്ക്ക് വിജയിക്കാനുള്ള ശേഷി എകെ ശശീന്ദ്രനില്ല. സി.പി.എം എന്ന പാര്‍ട്ടിയുടെ ചുവപ്പ് കോട്ടയായ മണ്ഡലത്തില്‍ ആ പാര്‍ട്ടിയുടെ കരുത്തുകൊണ്ട് മാത്രമാണ് എ.കെ ശശീന്ദ്രന്‍ വിജയിച്ച് വരുന്നത്. ഇതിനുമുന്‍പ് അദ്ദേഹം മത്സരിച്ച ബാലുശ്ശേരി, പെരിങ്ങളം മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചതും സി.പി.എമ്മിന്റെ സ്വാധീനംകൊണ്ട് മാത്രമാണ്.

അതേസമയം, കുട്ടനാട് മണ്ഡലത്തില്‍ നിന്നും തോമസ് കെ തോമസ് 2021-ല്‍ വിജയിച്ചതും അതിന് മുന്‍പ് അദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് ചാണ്ടി വിജയിച്ചതിന് പിന്നിലും സി.പി.എമ്മിന്റെ സ്വാധീനത്തിനൊപ്പം തന്നെ വ്യക്തിപരമായും കുടുംബപരമായും ഈ സഹോദരങ്ങള്‍ക്ക് ലഭിച്ച പിന്തുണയും പ്രധാന ഘടകമായിട്ടുണ്ട്.

Also Read: മുഖ്യമന്ത്രിയുടെ ​ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്: പരാതി വ്യാജം, വിചിത്രവാദവുമായി ക്രൈംബ്രാഞ്ച്

ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരളത്തിലെ ഏറ്റവും ചെറിയ പാര്‍ട്ടിയാണ് എന്‍.സി.പി. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയില്ലാതെ ആ പാര്‍ട്ടിക്ക് ഒരു നിലനില്‍പ്പ് തന്നെയുണ്ടാകില്ല. ഇടതുപക്ഷത്ത് ഏറ്റവും കൂടുതല്‍ ജനസ്വാധീനമുള്ള പാര്‍ട്ടി സി.പി.എം ആണ്. സി.പി.ഐയുടെ സ്വാധീനം പ്രധാനമായും തൃശൂര്‍, ഇടുക്കി, കൊല്ലം ജില്ലകളില്‍ മാത്രമാണുള്ളത്. കേരള കോണ്‍ഗ്രസ്സിന് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും സ്വാധീനമുണ്ട്. ഇടതുപക്ഷത്തെ മറ്റ് ഘടക കക്ഷികളില്‍ കേരള കോണ്‍ഗ്രസ്സ് ബി ക്ക് പത്തനാപുരം, കൊട്ടാരക്കര നിയമസഭാ മണ്ഡലങ്ങളിലും സ്വാധീനമുണ്ട്. ഐ.എന്‍.എല്ലിന് കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളില്‍ സ്വാധീനമുണ്ടെങ്കിലും നേതൃത്വത്തിലെ ചേരിതിരിവ് മൂലമുള്ള സ്വാധീനവും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. മറ്റെല്ലാ ഘടക കക്ഷികള്‍ക്കും ഒരു ചലനവും സൃഷ്ടിക്കാന്‍ ശേഷിയില്ലാത്തവരാണ്. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്.

യു.ഡി.എഫില്‍ കോണ്‍ഗ്രസ്സിനൊപ്പം തന്നെ പിടിച്ചുനില്‍ക്കാന്‍ ശേഷിയുള്ള രാഷ്ട്രീയപാര്‍ട്ടിയാണ് മുസ്ലീം ലീഗ്. ഇതുപോലെ കരുത്തുള്ള ഒരു ഘടകകക്ഷി ഇടതുപക്ഷത്തില്ലാത്തതാണ് സി.പി.എം നേരിടുന്ന പ്രധാന വെല്ലുവിളി. സി.പി.എമ്മിന്റെ ഒറ്റ കരുത്തിലാണ്, പ്രധാനമായും ഇടതുപക്ഷം നിലനില്‍ക്കുന്നത്. എന്നാല്‍, യു.ഡി.എഫിന്റെ അവസ്ഥ അതല്ല, ലീഗ് ഇല്ലെങ്കില്‍ യു.ഡി.എഫ് എന്ന സംവിധാനത്തിന് തന്നെ പ്രസക്തിയുണ്ടാകുകയില്ല. യു.ഡി.എഫിലെ മറ്റൊരു ഘടക കക്ഷിയായ ആര്‍.എസ്.പിക്ക് കൊല്ലത്ത് ചില മേഖലകളില്‍ മാത്രമാണ് സ്വാധീനമുള്ളത്. സമാന അവസ്ഥയാണ്, യു.ഡി.എഫിനൊപ്പമുള്ള കേരള കോണ്‍ഗ്രസ്സ് ജോസഫ് വിഭാഗത്തിനുമുള്ളത്. യു.ഡി.എഫിലെ മറ്റ് ഘടക കക്ഷികളുടെ സ്ഥിതിയും അതിദയനീയമാണ്. ഒരു സ്വാധീനവും ഇല്ലാത്ത പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം നല്‍കുന്ന രീതി തന്നെ മുന്നണികള്‍ നിര്‍ത്തണം. അതല്ലെങ്കില്‍ എല്ലാ പാര്‍ട്ടികളോടും തുല്യനീതി കാണിക്കാന്‍ തയ്യാറാവണം. അതാണ് മാന്യത.

വീഡിയോ കാണാം

Top